മോദിയുടെ സുരക്ഷാ വീഴ്ച; റിട്ട. ജസ്റ്റിസ് ഇന്ദു മൽഹോത്രയുടെ നേതൃത്വത്തിൽ അന്വേഷിക്കും

modi-security-breach-indu-malhotra
SHARE

പ്രധാനമന്ത്രിയുടെ യാത്രയ്ക്കിടെ ഉണ്ടായ സുരക്ഷ വീഴ്ച അന്വേഷിക്കുന്ന സമിതിക്ക് വിരമിച്ച സുപ്രീംകോടതി ജസ്റ്റിസ് ഇന്ദു മല്‍ഹോത്ര നേതൃത്വം നല്‍കും. പഞ്ചാബിലുണ്ടായ സുരക്ഷ വീഴ്ചയുടെ കാരണങ്ങള്‍, ഉത്തരവാദികള്‍ ആരൊക്കായാണ് തുടങ്ങിയ കാര്യങ്ങളില്‍ സമിതി അന്വേഷണം നടത്തുമെന്ന് ചീഫ് ജസ്റ്റിസ് എന്‍.വി രമണ അധ്യക്ഷനായ ബെഞ്ചിന്‍റെ ഉത്തരവില്‍ പറയുന്നു. ഇതിനിടെ, പ്രധാനമന്ത്രിയെ വീണ്ടും തടയുമെന്ന് ഭീഷണിപ്പെടുത്തി 'സിഖ് ഫോര്‍ ജസ്റ്റീസ്' എന്ന സംഘടനയുടെ പേരില്‍ അഭിഭാഷകര്‍ക്ക് ഫോണ്‍ സന്ദേശം ലഭിച്ചു.

പഞ്ചാബിലെ ഫിറോസ്പൂരിനടുത്ത് പ്രധാനമന്ത്രിയുടെ വാഹനം പ്രതിഷേധക്കാര്‍ തടഞ്ഞത് അന്വേഷിക്കാന്‍ സമിതിയെ നിയോഗിക്കുമെന്ന് സുപ്രീംകോടതി നേരത്തെ വ്യക്തമാക്കിയിരുന്നു. നാലംഗ സമിതിയെ റിട്ടേര്‍ഡ് ജസ്റ്റിസ് ഇന്ദു മല്‍ഹോത്ര നയിക്കും. എന്‍.ഐ.എ ഡി.ജിയോ അല്ലെങ്കില്‍ അദ്ദേഹം നിര്‍ദേശിക്കുന്ന ഐ.ജി റാങ്കില്‍ കുറയാത്ത ഉദ്യോഗസ്ഥനോ സമിതിയില്‍ അംഗമാകും. പഞ്ചാബ് പൊലീസിലെ സുരക്ഷാ ചുമതയുള്ള എ.ഡി.ജി, പഞ്ചാബ്–ഹരിയാന ഹൈക്കോടതി റജിസ്ട്രാര്‍ ജനറല്‍ എന്നിവരാണ് മറ്റ് അംഗങ്ങള്‍. സൂരക്ഷാ വീഴ്ചയുെട കാരണങ്ങള്‍, ഉത്തരാദികളായ ഉദ്യോഗസ്ഥര്‍ ആരൊക്കെ എന്നിവയ്ക്ക് പുറമെ, ഭാവിയില്‍ ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാനുള്ള നടപടികള്‍ നിര്‍ദേശിക്കാനും സമിതിയോട് കോടതി പറഞ്ഞു. എത്രയും പെട്ടെന്ന് അന്വേഷണം പൂര്‍ത്തിയാക്കി റിപ്പോര്‍ട്ട് സമര്‍പ്പിക്കാനും കോടതി നിര്‍ദേശിച്ചു. 

പ്രധാനമന്ത്രിയുടെ സൂരക്ഷാ വീഴ്ച പോലുള്ള ഗുരുതരമായ കാര്യങ്ങളില്‍ ഏകപക്ഷീയ അന്വേഷണം അനുവദിക്കാനാകില്ല. അതിനാലാണ് ജുഡീഷ്യറിയും കേന്ദ്ര–സംസ്ഥാന ഉദ്യോഗസ്ഥരും ഉള്‍പ്പെടുന്ന സമിതിയെ നിയോഗിക്കുന്നതെന്നും ചീഫ്ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി. സുരക്ഷാ വീഴ്ചയുമായി ബന്ധപ്പെട്ട് കേസ് സുപ്രീംകോടതി പരിഗണിക്കുന്നതിന് മുമ്പ് രണ്ടാം തവണയാണ് അഭിഭാഷകര്‍ക്ക് ഭീഷണി സന്ദേശം എത്തുന്നത്. ഇന്ത്യയുടെ അഖണ്ഡത കാക്കാൻ സുപ്രീം കോടതിക്കും കഴിയില്ലെന്നും പ്രധാനമന്ത്രിയെ വീണ്ടും തടയുമെന്നും സിഖ് ഫോർ ജസ്റ്റിസ് എന്ന സംഘടനയുടെ പേരിലുള്ള ഫോൺ സന്ദേശത്തില്‍ പറയുന്നു. കാനഡ നമ്പറില്‍ നിന്നാണ് സന്ദേശം എത്തിയിരിക്കുന്നത്.

MORE IN INDIA
SHOW MORE