മോദിയെ തടഞ്ഞത് വോട്ടാക്കാൻ കോൺഗ്ര‍‍‍‍സ്; ഗുണമായെന്ന് വിലയിരുത്തൽ; ഛന്നി രക്ഷകൻ..!

modichanni
SHARE

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വാഹനവ്യൂഹം കർഷക ഉപരോധത്തിൽ കുടുങ്ങിയതുമായി ബന്ധപ്പെട്ടുണ്ടായ വിവാദം, നിയമസഭാ തിരഞ്ഞെടുപ്പിൽ തങ്ങൾക്ക് അനുകൂലമാകുമെന്നു കോൺഗ്രസ്. പഞ്ചാബ് സർക്കാരിനെതിരെ കടുത്ത നടപടി വേണമെന്നാണു കേന്ദ്രത്തിന്റെ നിലപാട്. എന്നാൽ, വിഷയത്തെ മറ്റൊരു തലത്തിലേക്കു മാറ്റാൻ പാർട്ടിക്കായെന്നും ഇതു തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ ഗുണമാകുമെന്നുമാണു കോൺഗ്രസ് സർവേയിലെ കണ്ടെത്തൽ.

പ്രധാനമന്ത്രിയുടെ സുരക്ഷാവീഴ്ച എന്ന പ്രശ്നത്തെ ഫലപ്രദമായി കൈകാര്യം ചെയ്തതിലൂടെ, പഞ്ചാബ് മുഖ്യമന്ത്രി ചരൺജിത് സിങ് ഛന്നിയുടെ പ്രതിഛായ കൂടിയെന്നാണു നിരീക്ഷണം. ‘കർഷകരുടെ രക്ഷകൻ’, ‘പഞ്ചാബിയത്തിന്റെ പരിപാലകൻ’ എന്നീ വിശേഷണങ്ങൾ ഇതോടെ ഛന്നിക്കു കൈവന്നെന്നാണു സർവേയിലെ കണ്ടെത്തലെന്നു ദേശീയമാധ്യമം റിപ്പോർട്ട് ചെയ്തു. ഗ്രാമ, നഗര പ്രദേശങ്ങളിലായി 25,000 പേരെ ഉൾപ്പെടുത്തിയായിരുന്നു സർവേ. ജാതിമത ഭേദമില്ലാതെ, ഛന്നിയുടെ നിലപാടിന് സ്വീകാര്യത കിട്ടിയെന്നാണു സർവേയിലെ സൂചന.

‘ജീവനോടെ ഇവിടെ തിരിച്ചെത്തിയതിനു നിങ്ങളുടെ മുഖ്യമന്ത്രിക്ക് നന്ദി’ എന്നു പരിപാടി റദ്ദാക്കി മടങ്ങവേ വിമാനത്താവളത്തിലെ ഉദ്യോഗസ്ഥരോടു മോദി പറഞ്ഞിരുന്നു. കോൺഗ്രസ് സർക്കാരിനെതിരായ രാഷ്ട്രീയ ആയുധമായിക്കൂടി ബിജെപി ക്യാംപ് വിഷയത്തെ കണ്ടപ്പോൾ പക്വതയോടെ ആയിരുന്നു ഛന്നിയുടെ പ്രതികരണം. സംഭവത്തിൽ ഖേദം പ്രകടിപ്പിച്ച ഛന്നി, പ്രധാനമന്ത്രിയുടെ സുരക്ഷാവീഴ്ച അതീവ ആശങ്കയുണ്ടാക്കുന്നതാണെന്നും അദ്ദേഹത്തെ രക്ഷിക്കാനായി ജീവൻ നൽകാൻ തയാറാണെന്നും അഭിപ്രായപ്പെട്ടു.

വിഷയത്തിൽ കേന്ദ്രവും ബിജെപിയും, പഞ്ചാബിനെയും സംസ്ഥാന സർക്കാരിനെയും പ്രതിക്കൂട്ടിൽ നിർത്തി. എന്നാൽ, ഈ നിലപാടിനെ പാർട്ടിക്ക് അനുകൂലമാക്കി വ്യഖ്യാനിക്കാൻ കോൺഗ്രസിനു സാധിച്ചു. കർഷകരും ബിജെപിയും എന്ന ദ്വന്ദത്തിൽനിന്നു പഞ്ചാബും ബിജെപിയും എന്ന സാഹചര്യത്തിലേക്കു കാര്യങ്ങളെ മാറ്റാനായി. രാജ്യത്തിനു വേണ്ടി ജീവൻ ബലിയർപ്പിക്കാൻ മടിയില്ലാത്ത പഞ്ചാബികളെയും അവരുടെ നാടിനെയും പ്രധാനമന്ത്രി അപമാനിച്ചുവെന്നു പിസിസി അധ്യക്ഷൻ നവ്ജ്യോത് സിങ് സിദ്ദു കുറ്റപ്പെടുത്തി.

മോദിയോ അദ്ദേഹത്തിന്റെ പാർട്ടിയോ ഇതുവരെ ഉയർത്തിയതിൽ കൂടുതൽ ദേശീയ പതാകകൾ പുതച്ച് വീരമൃത്യു വരിച്ചവർ പഞ്ചാബിലുണ്ട്. അത്തരമൊരു ദേശത്ത് ജീവനു ഭീഷണിയാണെന്നു പറയുന്നതു പഞ്ചാബിനെ അവഹേളിക്കുകയാണെന്നും സിദ്ദു പറഞ്ഞു. അമൃത്‌സറിൽ 2013ൽ മൻമോഹൻ സിങ്ങിനെ അണ്ണാ ഹസാരെയുടെ അനുയായികൾ തടഞ്ഞതിന്റെ വിഡിയോ കാണിച്ച് ‘പ്രക്ഷോഭങ്ങൾ കാണുമ്പോൾ പേടിക്കാത്ത പ്രധാനമന്ത്രിമാർ’ ഉണ്ടായിരുന്നു എന്ന ക്യാംപെയ്‌നും പഞ്ചാബിൽ നടത്തുന്നുണ്ട്. 

പഞ്ചാബിൽ നരേന്ദ്ര മോദിയുടെ വാഹനവ്യൂഹത്തിന് അടുത്തേക്ക് എത്തിയ ബിജെപി പ്രവർത്തകർ.

അതേസമയം, മോദിയുടെ വാഹനവ്യൂഹം പഞ്ചാബിൽ കർഷകർ തടഞ്ഞ സംഭവത്തിൽ സുപ്രീം കോടതി പ്രത്യേക അന്വേഷണം പ്രഖ്യാപിച്ചു. കേന്ദ്ര സർക്കാരും പഞ്ചാബ് സർക്കാരും വെവ്വേറെ പ്രഖ്യാപിച്ച അന്വേഷണം തുടരേണ്ടതില്ലെന്നും നിർദേശിച്ചു. സുപ്രീം കോടതി മുൻ ജഡ്ജിയുടെ മേൽനോട്ടത്തിലുള്ള സമിതിയാകും അന്വേഷിക്കുകയെന്നു ചീഫ് ജസ്റ്റിസ് എൻ.വി.രമണ അധ്യക്ഷനായ ബെഞ്ച് അറിയിച്ചു. ചണ്ഡിഗഡ് ഡിജിപി, എൻഐഎ ഐജി, പഞ്ചാബ്–ഹരിയാന ഹൈക്കോടതി റജിസ്ട്രാർ ജനറൽ എന്നിവരാണ് അംഗങ്ങൾ.

MORE IN INDIA
SHOW MORE