ഫെയ്സ്ബുക്കിലുള്ളത് അമ്മാവന്മാരാണോ? നടി അനിഖയെ ട്രോളുന്നവർ അറിയണം ഇക്കാര്യങ്ങള്‍

anigha
കടപ്പാട്– ഫെയ്സ്ബുക്ക്
SHARE

ടെക് ലോകത്തെ ഏറ്റവും ജനപ്രിയ സമൂഹ മാധ്യമങ്ങളിലൊന്നാണ് ഫെയ്സ്ബുക്. ലോകത്തെ ഒടന്നങ്കം ബന്ധിപ്പിക്കാൻ മുന്നിട്ടിറങ്ങിയതും മാർക്ക് സക്കർബർഗിന്റെ ഫെയ്സ്ബുക് ആയിരുന്നു. എന്നാൽ, പിന്നാലെ വന്ന സമൂഹ മാധ്യമങ്ങളായ ഇൻസ്റ്റാഗ്രാമും ട്വിറ്ററും, വാട്സാപ്പും ഹിറ്റായി. എന്നാൽ, ഫെയ്സ്ബുക് ഇപ്പോൾ കൂടുതലായി ഉപയോഗിക്കുന്നത് പ്രായമുള്ളവരാണ് എന്നാണ് നടി അനിഖ സുരേന്ദ്രൻ പറയുന്നത്. അടുത്തിടെ പുറത്തുവന്ന ഒരു അഭിമുഖത്തിലാണ് അനിഖ ഇത്തരമൊരു നിരീക്ഷണം നടത്തുന്നത്. 

സമൂഹമാധ്യമങ്ങളെ കുറിച്ചുള്ള ചോദ്യത്തിന് ഫെയ്സ്ബുക് ഇപ്പോൾ അമ്മാവന്മാരാണ് ഏറ്റവും കൂടുതൽ ഉപയോഗിക്കുന്നത് എന്നായിരുന്നു താരത്തിന്റെ മറുപടി. അഭിമുഖം പുറത്തുവന്നതോടെ താരത്തിന്റെ നിരീക്ഷണത്തെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി ട്രോളുകളാണ് വരുന്നത്. താനുൾപ്പെടെയുള്ള യുവജനതയ്ക്ക് ഇൻസ്റ്റഗ്രാമാണ് പ്രിയമെന്നും അനിഖ പറയുന്നുണ്ട്.

∙ അനിഖ പറഞ്ഞതിൽ വസ്തുതയുണ്ടോ?

യുവജനതയ്ക്ക് ഇൻസ്റ്റഗ്രാമാണ് പ്രിയം, ഫെയ്സ്ബുക് ഉപയോഗിക്കുന്നത് കുറവാണ്. ഫെയ്സ്ബുക്കില്‍ ‘അമ്മാവന്മാരാണ്’ ഉള്ളത് എന്ന നടിയുടെ പരാമർശത്തിൽ അനുകൂലിച്ചും പ്രതികൂലിച്ചുമുള്ള ട്രോളുകളും പ്രചരിക്കുന്നുണ്ട്. എന്നാൽ അനിഖ പറഞ്ഞതിൽ വസ്തുതയുണ്ടെന്നാണ് അടുത്തിടെ വന്ന കണക്കുകൾ പറയുന്നത്.

∙ കൗമാരക്കാരെല്ലാം ഇൻസ്റ്റഗ്രാമിൽ

25 വയസ്സിന് താഴെയുള്ളവരും കൗമാരക്കാരും കൂടുതൽ ഉപയോഗിക്കുന്നത് ഇൻസ്റ്റഗ്രാം ആണെന്നാണ് വിവിധ സർവേ കണക്കുകൾ പറയുന്നത്. ഒക്ടോബറിൽ പുറത്തുവന്ന പൈപ്പർ സ്‌ലാൻഡർ സർവേ പ്രകാരം 80 ശതമാനം ചെറുപ്പക്കാർ ഇൻസ്റ്റഗ്രാം ഉപയോഗിക്കുന്നു എന്നാണ്. അതേസമയം, 27 ശതമാനം യുവാക്കൾ മാത്രമാണ് ഫെയ്സ്ബുക് ഉപയോഗിക്കുന്നത്. ചെറുപ്പക്കാരായ മിക്ക ഇൻസ്റ്റഗ്രാം ഉപയോക്താക്കൾക്കും ഫെയ്സ്ബുക് അക്കൗണ്ടുകൾ പോലും ഇല്ലെന്നും കണക്കുകൾ പറയുന്നു.

∙ കൗമാരക്കാരെ വശീകരിക്കാൻ എന്താണ് ഇൻസ്റ്റഗ്രാമിലുള്ളത്?

കൗമാരക്കാരെയും യുവാക്കളെയും വശീകരിക്കുന്ന നിരവധി പുതിയ ഫീച്ചറുകളാണ് ഇൻസ്റ്റഗ്രാമിലുള്ളത്. പ്രധാനമായും ഇൻസ്റ്റഗ്രാമിന്റെ ഡിസൈനും ഉപയോഗ രീതിയും തന്നെയാണ്. ഫെയ്സ്ബുക്കിനേക്കാൾ മികച്ച അൽഗോരിതവും ഇൻസ്റ്റഗ്രാമിന്റേതാണെന്ന് ടെക് വിദഗ്ധര്‍ പറയുന്നു. അതേസമയം, പ്രായമായവർ ഫെയ്സ്ബുക്കിൽ കുത്തിയിരിക്കാൻ തുടങ്ങിയതോടെ കൗമാരക്കാര്‍ ഇവിടം വിട്ട് ഇൻസ്റ്റഗ്രാമിലേക്ക് ചേക്കേറുകയായിരുന്നു എന്നും ചില വിദഗ്ധരും സർവേകളും നിരീക്ഷിക്കുന്നുണ്ട്.

∙ യുവാക്കളുടെ ഇഷ്ട ആപ്പുകളുടെ പട്ടികയിൽ യൂട്യൂബും സ്നാപ്ചാറ്റും

ടെക് ലോകത്ത് ഇൻസ്റ്റഗ്രാം കഴിഞ്ഞാൽ യുവാക്കൾ ഏറ്റവും കൂടുതൽ ഇഷ്ടപ്പെടുന്ന ആപ്പുകളുടെ പട്ടികയിൽ യൂട്യൂബും സ്‌നാപ്ചാറ്റുമാണ്. പ്യൂ റിസർച് സെന്ററിന്റെ ഏറ്റവും പുതിയ കണക്കുകൾ പ്രകാരം 72 ശതമാനമാണ് യുവാക്കളായ ഇൻസ്റ്റഗ്രാം ഉപയോക്താക്കൾ. എന്നാൽ ഫെയ്സ്ബുക്കിൽ യുവാക്കളുടെ സാന്നിധ്യം കേവലം 51 ശതമാനവുമാണ്. ഇൻസ്റ്റഗ്രാമിന്റെ വാർഷിക വളർച്ചാ നിരക്ക് ഫെയ്സ്‌ബുക്കിനേക്കാൾ ബഹുദൂരം മുന്നിലാണെന്നും പറയുന്നു.

∙ ഫെയ്സ്ബുക്കിനറിയാം ഇൻസ്റ്റഗ്രാമിലെ യുവാക്കളെ

മാസങ്ങൾക്ക് മുൻപ് വന്ന വിവാദ റിപ്പോർട്ടുകളിലും മറ്റു ഡേറ്റകളിലും പറയുന്നത് ഇൻസ്റ്റഗ്രാം യുവാക്കളുടെ ഇഷ്ട കേന്ദ്രമാണ് എന്നാണ്. ഇക്കാര്യം ഫെയ്സ്ബുക്കിന്റെ കണക്കുകളിലും പറയുന്നുണ്ട്. ഫെയ്സ്ബുക്കിന്റെ ആഭ്യന്തര റിപ്പോർട്ടുകളിലും ഇക്കാര്യം സൂചിപ്പിക്കുന്നുണ്ട്.

MORE IN INDIA
SHOW MORE