വിധവകൾക്ക് കരുതലായി നിന്ന മധുലിക; മധ്യപ്രദേശിലെ രാജകുടുംബാംഗം

madhulika-06
SHARE

ഹെലികോപ്റ്റര്‍ അപകടത്തില്‍ ജനറല്‍ റാവത്തിനൊപ്പം ജീവന്‍ വെടിഞ്ഞ ഭാര്യ മധുലിക മധ്യപ്രദേശിലെ സൊഹാഗ്പൂര്‍ രാജകുടുംബാംഗം. ഷാഹ്ദോളിലെ കോട്മ മണ്ഡലത്തില്‍ നിന്ന് രണ്ടുതവണയായി കോണ്‍ഗ്രസ് ടിക്കറ്റില്‍ മല്‍സരിച്ച് എംഎല്‍എ ആയ കന്‍വാര്‍ മൃഗേന്ദ്ര സിങ് ആണ് മധുലികയുടെ പിതാവ്.  

മധുലികയുടെ അമ്മ 82 വയസുകാരിയായ പ്രഭയെ അപകടവിവരം അറിയിച്ചത് ഏറെ വൈകിയാണ്. വിവരം അറിയാതിരിക്കാന്‍ വീട്ടിലെ ടെലിവിഷനും മൊബൈല്‍ ഫോണും സ്വിച്ച് ഓഫ് ചെയ്തതായി മധുലികയുടെ സഹോദരന്‍ യശ്് വര്‍ധന്‍ പറഞ്ഞു. വിവരം പിന്നീട് അറിഞ്ഞപ്പോള്‍ അമ്മയ്ക്ക് അത് താങ്ങാനായില്ലെന്ന വിവരവും യശ്് വര്‍ധന്‍ വേദനയോടെ പങ്കുവച്ചു.

 മധുലികയുടെ അമ്മയുള്‍പ്പെടെ  ബന്ധുക്കള്‍ ഡല്‍ഹിയിലെത്തി സംസ്കാരച്ചടങ്ങില്‍ പങ്കെടുക്കും. ഡല്‍ഹി യൂണിവേഴ്സിറ്റിയില്‍ നിന്ന് സൈക്കോളജിയില്‍ ബിരുദം നേടിയ ഡോ. മധുലിക റാവത്ത് ആര്‍മി വൈഫ്സ് വെല്‍ഫെയര്‍ അസോസിയേഷന്റെ  പ്രസിഡന്റുമായിരുന്നു. സൈനികരുടെ ഭാര്യമാരെ വിവിധ തൊഴിലുകള്‍ പഠിപ്പിച്ച് സാമ്പത്തികമായി സ്വന്തം കാലില്‍ നില്‍ക്കാന്‍ അവര് ഏറെ പ്രവര്‍ത്തിച്ചു. ഭിന്നശേഷിക്കാരായ കുട്ടികളും സൈനികരുടെ വിധവകളും കാന്‍സര്‍ രോഗികളും അവരുടെ പ്രത്യേക കരുതല്‍ അറിഞ്ഞു. ജനറല്‍ റാവത്തും മധുലികയും വിവാഹിതരായത് 1986ലാണ്. ഗൂര്‍ഖ റൈഫിള്‍സില്‍ ക്യാപ്റ്റനായിരുന്നു അന്ന് റാവത്ത്. സ്വന്തം പിതാവിനെപ്പോലെ തന്നെ ബിപിന്‍ റാവത്തും ഗൂര്‍ഖ റൈഫിള്‍സ് തന്നെ സേവനത്തിനായി തിരഞ്ഞെടുക്കുകയായിരുന്നു. റാവത്ത് – മധുലിക ദമ്പതികള്‍ക്ക് രണ്ട് പെണ്‍മക്കളാണുള്ളത്. കൃതികയും തരുണിയും. 

MORE IN INDIA
SHOW MORE