250 കി.മീ സവാരി; ബസിൽ കൂറ്റൻ പെരുമ്പാമ്പ്; ഞെട്ടി യാത്രക്കാർ; പിന്നീട്

യാത്രക്കാരെ ഞെട്ടിച്ചുകൊണ്ട് കിലോമീറ്ററുകളോളം അവർക്കൊപ്പം യാത്ര ചെയ്തത് അപ്രതീക്ഷിത അതിഥിയായിരുന്നു. 14 അടി നീളമുള്ള ഭീമൻ പെരുമ്പാമ്പ്. ഉദയ്പൂരിലെ ഒരു സ്വകാര്യ ബസിലെ യാത്രക്കാരാണ് ഒപ്പം ഉണ്ടായിരുന്ന യാത്രക്കാരനെ കണ്ട് ഞെട്ടിയിരിക്കുന്നത്. 250 കിലേമീറ്റര്‍ ദൂരമാണ് പെരുമ്പാമ്പ് ബസിലുണ്ടായിരുന്നത്. 

പാമ്പ് എവിടെ നിന്നാണ് കയറിപ്പറ്റിയതെന്ന് ആര്‍ക്കും അറിയില്ല. അഹമ്മദാബാദിലെത്തിയപ്പോള്‍ ഒരു ധാബക്ക് സമീപം ബസ് നിര്‍ത്തിയപ്പോള്‍ ഒരു യാത്രക്കാരാണ് പാമ്പ് കണ്ടത്. അയാൾ ഉച്ചത്തില്‍ നിലവിളിച്ച് മറ്റു യാത്രക്കാരെ വിളിച്ചുവരുത്തി. പേടിച്ച യാത്രക്കാര്‍ ബസില്‍ നിന്നിറങ്ങാന്‍ തിടുക്കം കൂട്ടിയതോടെ ആകെ തിക്കുംതിരക്കുമായി. ബസിലുണ്ടായിരുന്ന യുവാക്കള്‍ ചേര്‍ന്ന് പെരുമ്പാമ്പിനെ പിടികൂടാന്‍ ശ്രമിക്കുകയും ചെയ്തു. അരമണിക്കൂറോളം നീണ്ട പരിശ്രമത്തിനൊടുവിൽ പെരുമ്പാമ്പിനെ പിടികൂടി വനത്തിലേക്ക് വിട്ടു.

പാമ്പിനെ തുരത്തിയതോടെയാണ് പലരും ബസിന് അരികത്തേക്ക് പോലും എത്തിയത്. ഇതിനിടയില്‍ പെരുമ്പാമ്പിനെ വീഡിയോയില്‍ പകര്‍ത്താനും ചിലര്‍ ശ്രമിക്കുന്നുണ്ടായിരുന്നു. സ്‌റ്റേഷനിൽ നിന്ന് പുറപ്പെടുന്നതിന് മുമ്പ് തന്നെ പെരുമ്പാമ്പ് ബസിനുള്ളിൽ കയറിയിരുന്നതായാണ് വിവരം. എന്നാല്‍ സീറ്റിനടിയില്‍ ഒളിച്ചിരുന്ന പാമ്പ് ആരെയും ഉപദ്രവിച്ചില്ല. ഇത്രയും ദൂരം പെരുമ്പാമ്പ് എങ്ങനെയാണ് അനങ്ങാതെ ഇരുന്നതെന്ന് അതിശയിക്കുകയാണ് യാത്രക്കാര്‍. ശനിയാഴ്ച ഉദയ്പൂരില്‍ നിന്നും മുംബൈയിലേക്ക് പോയ ബസിലാണ് സംഭവം.