മകളുടെ വിവാഹം; ബിജെപിക്കാർ വരേണ്ട; വിലക്കി കർഷകൻ; വൈറൽ ക്ഷണക്കത്ത്

marriage
SHARE

രാഷ്ട്രീയവും അത് സംബന്ധിച്ച എതിർപ്പുകളും പലരും കാണിക്കാറുണ്ടെങ്കിലും അത് വിവാഹ ക്ഷണക്കത്തിലേക്ക് എത്തിക്കുന്നത് വളരെ അപൂർവമാണ്. ഹരിയാന സ്വദേശിയായ കര്‍ഷക നേതാവ് തന്‍റെ മകളുടെ വിവാഹ ക്ഷണക്കത്തിലൂടെയാണ് രാഷ്ട്രീയ എതിർപ്പുകൾ പ്രകടിപ്പിച്ചത്.

വിവാഹ ചടങ്ങിലേക്ക് ക്ഷണിച്ചുകൊണ്ടുള്ള കത്തിൽ ബിജെപി, ആര്‍എസ്എസ്, ജെജെപി പ്രവര്‍ത്തകര്‍ വരരുത് എന്നാണ് അദ്ദേഹം വ്യക്തമാക്കിയത്. വിശ്വവീർ ജാട്ട് മഹാസഭ ദേശീയ പ്രസിഡന്‍റും ജയ് ജവാൻ ജയ് കിസാൻ മസ്ദൂർ കോൺഗ്രസ് മുൻ അധ്യക്ഷനുമായ രാജേഷ് ധങ്കാർ ആണ് വിവാദമായ മൂന്ന് കാർഷിക നിയമങ്ങളോട് വ്യത്യസ്തമായ രീതിയില്‍ എതിര്‍പ്പ് പ്രകടിപ്പിച്ചത്. ഈ വര്‍ഷം ഡിസംബർ ഒന്നാം തിയതിയാണ് വിവാഹം നിശ്ചയിച്ചിരിക്കുന്നത്.. ക്ഷണക്കത്ത് ഇതിനോടകം വൈറലായിരിക്കുകയാണ്. 

കേന്ദ്രം പാസാക്കിയ കാർഷിക നിയമങ്ങൾ പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് ഹരിയാനയിലെ ബിജെപി-ജെജെപി സഖ്യ സർക്കാരിനെതിരെ കഴിഞ്ഞ ഒരു വർഷമായി കർഷകർ പ്രതിഷേധിക്കുകയാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദി കാർഷിക നിയമങ്ങള്‍ പിൻവലിക്കുമെന്ന് പ്രഖ്യാപിക്കുന്നതിന് മുൻപായിരുന്നു വിവാഹ ക്ഷണക്കത്ത് അച്ചടിച്ചത്. എന്നാൽ പ്രധാനമന്ത്രിയുടെ പ്രഖ്യാപനം കൊണ്ടുമാത്രം കാര്യമില്ലെന്നും നിയമം പിന്‍വലിക്കണമെന്നും രാജേഷ് ധങ്കാര്‍ ആവശ്യപ്പെട്ടു.

കർഷകരുടെ പ്രധാന ആവശ്യം അവരുടെ വിളകൾക്ക് മിനിമം താങ്ങുവില നിയമപരമായി ഉറപ്പുവരുത്തണം എന്നതാണ്. കടബാധ്യത ഉള്‍പ്പെടെയുള്ള കാരണങ്ങളാല്‍ കഴിഞ്ഞ ഒരു പതിറ്റാണ്ടിനിടെ മൂന്ന് ലക്ഷത്തിലധികം കർഷകർ ആത്മഹത്യ ചെയ്തുവെന്നും ധങ്കാർ പറഞ്ഞു. എന്തായാലും ബിജെപി വിരുദ്ധ പേജുകളിലെല്ലാം കത്ത് ഹിറ്റാണ്. ഇനി കല്ല്യാണത്തിന് എന്താവും സംഭവിക്കുക എന്ന കാത്തിരിപ്പിലാണ് സോഷ്യൽ ലോകം.

MORE IN INDIA
SHOW MORE