ഖലിസ്താന്‍ പരാമർശം; പണികിട്ടി കങ്കണ; വിളിച്ചുവരുത്തി ചോദ്യംചെയ്യും

kangana
SHARE

വിവാദ പരാമര്‍ശങ്ങളിലൂടെ ശ്രദ്ധനേടിയ നടി കങ്കണ റണൗട്ടിനെ ഡല്‍ഹി നിയമസഭാ സമിതി വിളിച്ചുവരുത്തി ചോദ്യംചെയ്യും. സിഖ് വിഭാഗത്തിനെതിരേയുള്ള പരാമര്‍ശത്തിന്റെ പശ്ചാത്തലത്തിലാണ് ബോളിവുഡ് താരത്തിന് തിരിച്ചടി നേരിടേണ്ടി വന്നിരിക്കുന്നത്.  ഡിസംബര്‍ ആറിന് ആം ആദ്മി പാര്‍ട്ടി നേതാവ് രാഘവ് ഛദ്ദയുടെ നേതൃത്വത്തിലുള്ള സമിതിക്ക് മുമ്പാകെ ഹാജരാകാനാണ് നോട്ടീസ്. നിയമസഭയുടെ പീസ് ആന്റ് ഹാര്‍മണി പാനല്‍ ആണ് കങ്കണയ്ക്ക് നോട്ടീസ് അയച്ചിരിക്കുന്നത്. 

ഔദ്യോഗിക ഇന്‍സ്റ്റഗ്രാം അക്കൗണ്ടിലൂടെ നവംബര്‍ 20-ന് അപ്‌ലോഡ് ചെയ്ത പോസ്റ്റ് അപകീര്‍ത്തികരവും കുറ്റകരവുമാണെന്ന് കാണിച്ച് നിരവധി പരാതികള്‍ ലഭിച്ചതായി കങ്കണയ്ക്ക് അയച്ച നോട്ടീസില്‍ സമിതി ചൂണ്ടിക്കാട്ടുന്നു. സിഖുകാരെ ഖലിസ്താനി ഭീകരര്‍ എന്ന് വിശേഷിപ്പിക്കുന്നത് മുഴുവന്‍ സിഖ് സമുദായത്തിന് മുറിവേല്‍പ്പിക്കുന്നതും അപമാനം ഉണ്ടാക്കുന്നതുമാവാം എന്നും നോട്ടീസില്‍ പറയുന്നു. 

സിഖ് വിഭാഗക്കാരെ അപമാനിക്കുന്ന പരാമര്‍ശം നടത്തിയതിന്റെ പേരില്‍ ഡല്‍ഹി സിഖ് ഗുരുദ്വാര മാനേജ്‌മെന്റ് കമ്മിറ്റി നല്‍കിയ പരാതിയില്‍ കങ്കണയ്‌ക്കെതിരേ മുംബൈ പോലീസ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. മൂന്ന് പുതിയ കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ കര്‍ഷകര്‍ നടത്തിയ ഒരു വര്‍ഷം നീണ്ടുനില്‍ക്കുന്ന പ്രതിഷേധത്തെ ഒരു ഖലിസ്താനി ഗൂഢാലോചനയായി ചിത്രീകരിക്കുകയും അവരെ ഖലിസ്താന്‍ ഭീകരര്‍ എന്ന് വിളിക്കുകയും ചെയ്തത് ബോധപൂര്‍വമാണെന്നാണ് പരാതിയില്‍ പറയുന്നത്.

MORE IN INDIA
SHOW MORE