വ്യവസായ ഭീമൻമാർ തമിഴ്നാട്ടിലേക്ക്; ഒപ്പിട്ടത് 35208 കോടിയുടെ ധാരണാപത്രം

tamilnadu-25
SHARE

തമിഴ്നാട് സര്‍ക്കാരിന്റെ നിക്ഷേപക സംഗമങ്ങള്‍ക്കു വ്യവസായ ലോകത്തു മികച്ച പ്രതികരണം.  കോയമ്പത്തൂരില്‍ നടന്ന സംഗമത്തില്‍ മുപ്പത്തയ്യായിരത്തി ഇരുന്നൂറ്റി എട്ടു കോടി രൂപയുടെ ധാരണപത്രങ്ങള്‍ ഒപ്പിട്ടു. ഇതില്‍ റഫാല്‍ വിമാനങ്ങള്‍ നിര്‍മ്മിക്കുന്ന ഫ്രാന്‍സിലെ ഡാസോ ഏവിയേഷന്റെ വെര്‍ച്ചല്‍ ഡിസൈന്‍ കേന്ദ്രവും ജപ്പാനിലെ ഡെയ്സെല്‍ കോര്‍പ്പറേഷന്റെ വാഹന ഘടക നിര്‍മാണ ഫാക്ടറിയും ഉള്‍പ്പെടും.  ആറുമാസത്തിനുള്ളില്‍ നടക്കുന്ന മൂന്നാമത്തെ നിക്ഷേപക സംഗമമായിരുന്നു കോയമ്പത്തൂരിലേത്.

ആറുമാസത്തിനിടെ മൂന്നുനിക്ഷേപക സംഗമങ്ങള്‍. മൂന്നിലും വന്‍ വാഗ്ദാനങ്ങളും ധാരണാപത്രങ്ങളും. ചെറുകിട വ്യവസായങ്ങളുെട ഈറ്റില്ലമായ കോയമ്പത്തൂരില്‍ നടന്ന സംഗമത്തില്‍ 59 ധാരണാപത്രങ്ങളാണ് ഒപ്പിട്ടത്. റഫാല്‍ വിമാനങ്ങളുടെ നിര്‍മാതാക്കളായ ഡാസോ ഏവിയേഷന്‍റെ സെന്റര്‍ ഫോര്‍ എക്സലന്‍സ് ഓഫ് വെര്‍ച്ചല്‍ ആന്‍ഡ് ഡിസൈനും ജപ്പാന്‍ കമ്പനിയായ ഡെയ്സെല്‍ കോര്‍പ്പറേഷന് ചെങ്കല്‍പേട്ടില്‍ ആരംഭിക്കുന്ന വാഹന ഘടക നിര്‍മാണ യൂണിറ്റുമാണ് പ്രധാനപ്പെട്ടത്. സിമന്റ് ഗ്രൈന്‍ഡിങ് യൂണിറ്റുകള്‍ക്കായി ഡാല്‍മിയ സിമന്റ്സ് മുടക്കുന്നത് 2600 കോടി രൂപയാണ്. ഹിന്ദുസ്ഥാന്‍ യൂണീലിവര്‍ ഭക്ഷ്യമേഖലയില്‍ 1900 കോടി രൂപ നിക്ഷേപിക്കും. ബംഗളുരുവിനോടു ചേര്‍ന്നുള്ള കൃഷ്ണഗിരിയില്‍ ഇലക്ട്രിക് വാഹന നിര്‍മാണ ഫാക്ടറിക്കായി ടി.വി.എസ് 1200 കോടിയുടെ ധാരണപത്രവും ഒപ്പിട്ടു. 

കഴിഞ്ഞ ജൂലൈ,സെപ്റ്റംബര്‍ മാസങ്ങളിലായി നടന്ന സംഗമങ്ങളില്‍ 45,000 കോടിയുടെ  ധാരണപത്രങ്ങള്‍ ഒപ്പിട്ടിരുന്നു. വാഹന, വസ്ത്ര, ഫാര്‍മസ്യൂട്ടിക്കല്‍ നിര്‍മാണ രംഗത്ത് ദക്ഷിണേന്ത്യയുടെ ഹബാകാനാണ് തമിഴ്നാടിന്റെ നീക്കം. ചെന്നൈ കേന്ദ്രീകരിച്ചു പുതിയ ആറു ഡേറ്റ സെന്ററുകള്‍ക്കുള്ള കരാറായിട്ടുണ്ട്. ഇതുവഴി  മുംബൈയ്ക്കും ബെംഗളുരുവിനും പിറകെ രാജ്യത്തെ മൂന്നാമത്തെ ഐടി ഹബ്ബായി ചെന്നൈയെ മാറ്റാനാണു സര്‍ക്കാര്‍ ശ്രമങ്ങള്‍.

MORE IN INDIA
SHOW MORE