75 ദിനം ചികിൽസ; പിന്നാലെ മരണം; ജയലളിതയുടെ മരണം അന്വേഷിക്കാൻ സ്റ്റാലിൻ

stalin-jaya-death
SHARE

അന്തരിച്ച തമിഴ്നാട് മുൻമുഖ്യമന്ത്രി ജെ.ജയലളിതയുടെ മരണത്തെ കുറിച്ചും അവർക്ക് ലഭിച്ച ചികിൽസകളെ കുറിച്ചും വിശദമായി അന്വേഷിക്കുമെന്ന് സുപ്രീംകോടതിയെ അറിയിച്ച് തമിഴ്നാട് സർക്കാർ. ജയലളിതയുടെ മരണത്തിന് പിന്നിൽ ദുരൂഹതയുണ്ടോ എന്ന് അന്വേഷിക്കുമെന്ന് തിരഞ്ഞെടുപ്പിന് മുൻപ് തന്നെ ഡിഎംകെ വ്യക്തമാക്കിയിരുന്നു. 

ഇതിന് പിന്നാലെയാണ് നടപടികളുമായി മുന്നോട്ടുപോകുന്നത്. പൊതുജന താൽപര്യം മുൻനിർത്തിയാണ് മരണത്തെ കുറിച്ച് കൂടുതൽ അന്വേഷിക്കുന്നതെന്ന് സർക്കാർ വ്യക്തമാക്കുന്നു. ജസ്റ്റിസുമാരായ എസ്. അബ്ദുള്‍ നസീര്‍, കൃഷ്ണ മുരാരി എന്നിവരടങ്ങിയ ബെഞ്ചിന് മുന്നിൽ സംസ്ഥാന സര്‍ക്കാറിന് വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ ദുഷ്യന്ത് ദവെയാണ് ഇക്കാര്യം വ്യക്തമാക്കിയത്.ചെന്നൈ അപ്പോളോ ആശുപത്രിയിൽ 75 ദിവസത്തോളം ജയലളിത ചികിൽസയിൽ കഴിഞ്ഞിരുന്നു. 

ജയലളിതയുടെ കോടനാട് എസ്റ്റേറ്റിൽ നടന്ന ദുരൂഹ മരണങ്ങളും അവിടെ നടന്ന െകാള്ളയും തമ്മിൽ ബന്ധപ്പെടുത്തിയാണ് ഈ കേസും അന്വേഷിക്കുന്നത്. എസ്റ്റേറ്റുമായി ബന്ധപ്പെട്ട ദുരൂഹമരണങ്ങളും ജയലളിതയുടെ മരണവും തമ്മിൽ ബന്ധമുണ്ടോ എന്നാണ് സർക്കാർ പരിശോധിക്കുന്നത്. 

ജയലളിതയുടെ മരണശേഷം അവരുടെ സ്വത്തുക്കൾ ഇപ്പോൾ വലിയ രാഷ്ട്രീയ വിവാദത്തിലാണ്. തോഴി ശശികല അടക്കം അണ്ണാ ഡിഎംകെ നേതാക്കളെ ഉന്നമിട്ടുള്ള നീക്കങ്ങളാണ് സ്റ്റാലിൻ സർക്കാർ നടത്തുന്നതെന്ന വാദമാണ് പ്രതിപക്ഷം ഉയർത്തുന്നത്. എന്നാൽ രാഷ്ട്രീയ ലക്ഷ്യമില്ലെന്നും തിരഞ്ഞെടുപ്പിന് മുൻപ് ജനങ്ങൾക്ക് നൽകിയ ഉറപ്പുകൾ പാലിക്കുക മാത്രമാണ് ചെയ്യുന്നതെന്നുമാണ് സ്റ്റാലിന്റെ നിലപാട്.

MORE IN INDIA
SHOW MORE