‘ഓക്സിജൻ ക്ഷാമം മുഖ്യമന്ത്രി തലേന്ന് അറിഞ്ഞു’; യോഗിയെ കുരുക്കി വെളിപ്പെടുത്തൽ

yogi
SHARE

യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ ഗോരഖ്്പൂരിലെ ഒാക്സിജൻ ക്ഷാമത്തെ കുറിച്ച് നേരത്തെ അറിവുണ്ടായിരുന്നെന്ന വെളിപ്പെടുത്തലുമായി ഡോ.കഫീൽ ഖാൻ. ഗോരഖ്പുരിലെ ബാബ രാഘവ്ദാസ് ആശുപത്രിയിൽ 63 കുഞ്ഞുങ്ങളും 18 രോഗികളും മരിക്കാനിടയായ ഓക്സിജൻ ക്ഷാമത്തെക്കുറിച്ച് ഉത്തർപ്രദേശ് സർക്കാരിനു നേരത്തേ അറിവുണ്ടായിരുന്നു. കേസുമായി ബന്ധപ്പെട്ട് ഇദ്ദേഹത്തെ അടുത്തിടെ ‌സർവീസിൽ നിന്നു പിരിച്ചുവിട്ടിരുന്നു. എന്നാൽ ഹൈക്കോടതിയും സർക്കാർ അന്വേഷണ കമ്മിഷനുകളും കുറ്റവിമുക്തനാക്കിയ ശേഷമായിരുന്നു നടപടി. ഇതിനെതിരെ ഹൈക്കോടതിയെ സമീപിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ആശുപത്രിയിൽ 68 ലക്ഷം രൂപ ഓക്സിജൻ വിതരണക്കാർക്കു കുടിശികയുണ്ടായിരുന്ന വിവരം സർക്കാരിനെ അറിയിച്ചിരുന്നു. ഇതു കാണിച്ച് ഏജൻസി 14 തവണ കത്തു നൽകി. ദുരന്തത്തിനു തലേന്ന് മുഖ്യമന്ത്രിയും ആരോഗ്യമന്ത്രിയും ഗോരഖ്പുർ ആശുപത്രി സന്ദർശിച്ച വേളയിൽ ഏജൻസി നേരിട്ട് കത്തു കൈമാറുകയും 24 മണിക്കൂർ നേരത്തേക്കുള്ള ഓക്സിജനേ ഉള്ളൂവെന്ന് അറിയിക്കുകയും ചെയ്തിരുന്നു. എന്നിട്ടും നടപടിയെടുത്തില്ലെന്നു രേഖകൾ സഹിതം കഫീൽ ഖാൻ വിശദീകരിച്ചു.

സർക്കാർ സർവീസിൽ ചേരുന്നതിനു മുൻപ് സ്വകാര്യ പ്രാക്ടിസ് നടത്തിയതാണു പിരിച്ചുവിടാൻ ഒരു കാരണമായി പറഞ്ഞത്. സർവീസിൽ ചേർന്ന ശേഷം സ്വകാര്യ പ്രാക്ടിസ് നടത്തിയതിനു തെളിവില്ലെന്നു റിപ്പോർട്ടിൽ തന്നെയുണ്ട്. ഐഎംസിയിൽ റജിസ്റ്റർ ചെയ്താൽ ഇന്ത്യയിലെവിടെയും ജോലി ചെയ്യാമെന്നിരിക്കെ, യുപി മെഡിക്കൽ കൗൺസിൽ റജിസ്ട്രേഷനില്ല എന്ന ആരോപണവും പകപോക്കാൻ വേണ്ടിയാണ്. ആരോഗ്യ സംവിധാനത്തിലെ പിഴവുകൾ ജനമധ്യത്തിൽ കൊണ്ടുവന്നതാണു പകയ്ക്കുള്ള കാരണമെന്നും കഫീൽ ഖാൻ പറഞ്ഞു.

MORE IN INDIA
SHOW MORE