മുറിയിൽ നവദമ്പതികൾ; ഇരച്ചെത്തി പൊലീസ്; മദ്യപരിശോധന; വിഡിയോ; രോഷം

bihar-police-new
SHARE

ബിഹാറിൽ അടുത്തിടെ നടന്ന വിഷമദ്യ ദുരന്തം സർക്കാരിനെ പ്രതിസന്ധിയിലാക്കിയിരുന്നു. ഇതിന് പിന്നാലെ കർശന പരിശോധനകളാണ് സംസ്ഥാനത്ത് നടക്കുന്നത്. ഹോട്ടലുകൾ, പൊതുഇടങ്ങൾ, ഭക്ഷണശാല അടക്കം കയറിയിറങ്ങി പൊലീസ് മദ്യവേട്ട നടത്തുകയാണ്. എന്നാൽ ഇതിനിടെ നവദമ്പതികൾ താമസിച്ചിരുന്ന പട്നയിലെ ഹോട്ടൽ മുറിയിലേക്ക് കടന്നുകയറിയുള്ള പൊലീസ് പരിശോധന വിവാദമാവുകയാണ്. വനിതാ പൊലീസ് ഇല്ലാതെയാണ് നവദമ്പതികളുടെ മുറിയിലേക്ക് പൊലീസ് കയറി പരിശോധിച്ചത്. ഇതിന്റെ വിഡിയോ പുറത്തുവന്നതോടെ പ്രതിപക്ഷം വിഷയം ഏറ്റെടുത്തു.

മുൻമുഖ്യമന്ത്രി റാബ്റി ദേവി അടക്കമുള്ളവർ വിഡിയോ പങ്കുവച്ച് രോഷം വ്യക്തമാക്കി. വ്യാജ മദ്യത്തിന്റെ ഒഴുക്ക് തടയുന്നതിന് പകരം പാവങ്ങളുടെ സ്വകാര്യതയിലേക്ക് വരെ കടന്നുകയറുകയാണ് പൊലീസ് എന്നാണ് പ്രതിപക്ഷത്തിന്റെ ആരോപണം. ഹോട്ടലിൽ കയറിയ പൊലീസ് ദമ്പതികളുടെ വസ്ത്രങ്ങൾ അടക്കം വാരി പുറത്തിട്ട് പരിശോധിച്ചുവെന്നാണ് ഉയരുന്ന ആരോപണം.

മദ്യനിരോധനമുള്ള ബിഹാറിൽ മദ്യം സുലഭമാണെന്നു തെളിയിക്കാൻ ആർജെഡി നേതാവ് തേജ് പ്രതാപ് യാദവിന്റെ ഒളിക്യാമറ ഓപറേഷൻ മുൻപ് പുറത്തുവന്നിരുന്നു. മദ്യലഹരിയിലായ യുവാവിന്റെ വിഡിയോ സമൂഹമാധ്യമങ്ങളിലൂടെ പങ്കുവച്ചാണ് തേജ് പ്രതാപ് മദ്യനിരോധനം പരാജയപ്പെട്ടെന്നു വാദിക്കുന്നത്.  എല്ലാ തെരുവുകളിലും മദ്യം കിട്ടുന്നതാണോ നിതീഷിന്റെ സ്വപ്നമെന്നു തേജ് പ്രതാപ് പരിഹസിച്ചു.

MORE IN INDIA
SHOW MORE