500 വർഷം പഴക്കം; ആന്ധ്രയിലെ ഡാമിൽ വിള്ളൽ; 20 ഗ്രാമങ്ങൾ ഒഴിപ്പിച്ചു

andhra-dam-rain
SHARE

ആന്ധ്രപ്രദേശിലെ ഏറ്റവും വലിയ ജലസംഭരണിയിൽ വിള്ളൽ. തിരുപ്പതി ജില്ലയിലെ രാമചന്ദ്രപുരത്തു സ്ഥിതി ചെയ്യുന്ന റയല ചെരിവ് ജലസംഭരണിയിലെ നാല് ഇടങ്ങളിൽ ആണ് വിള്ളൽ കണ്ടെത്തിയത്. ഇതിലൂടെ വെള്ളം ചോരുന്നതായും കണ്ടെത്തിയിട്ടുണ്ട്. 500 വർഷത്തിലേറെ പഴക്കമുള്ള ജലസംഭരണിയാണ് റയല ചെരിവ് ജലസംഭരണി.

ജില്ലാ കലക്ടർ ഹരി നാരായണൻ, പൊലീസ്, റവന്യൂ ഉദ്യോഗസ്ഥർ, ജലസേചന വകുപ്പ് ഉദ്യോഗസ്ഥർ എന്നിവർ സ്ഥലത്തു പരിശോധന നടത്തി. ജലസംഭരണി അപകടാവസ്ഥയിലെന്ന് ജില്ലാ കലക്ടർ വ്യക്തമാക്കി. വിള്ളലും ചോർച്ചയും സ്ഥിരീകരിച്ചതോടെ സമീപത്തെ 20 ഗ്രാമങ്ങൾ അടിയന്തരമായി ഒഴിപ്പിച്ചു. വ്യോമസേനയും ദുരന്തനിവാരണസേനയും ചേർന്നാണ് ആളുകളെ മാറ്റിയത്.

‘നിലവിൽ ജലസംഭരണിയിൽ 0.9 ടിഎംസി വെള്ളമുണ്ട്. 0.6 ടിഎംസിയാണ് ആകെ സംഭരണശേഷി. ശക്തമായ നീരൊഴുക്കുമുണ്ട്. ഇതാദ്യമായാണ് ഇത്രയധികം വെള്ളം ജലസംഭരണിയിലേക്ക് ഒഴുകിയെത്തുന്നത്. അതിനാൽ ജാഗ്രത പാലിക്കണം.’ കലക്ടർ പറഞ്ഞു. ചോർച്ച തടയുന്നതിന് വിദഗ്ധരുടെ അഭിപ്രായം തേടിയിട്ടുണ്ട്.

തിരുപ്പതി ജില്ലയിൽ കഴിഞ്ഞ നാല് ദിവസമായി കനത്ത മഴയാണ്. വെള്ളപ്പാച്ചിലിൽ റോഡുകൾ തകർന്നതിനാൽ പല ഗ്രാമങ്ങളും ഒറ്റപ്പെട്ടിരിക്കുകയാണ്. ആന്ധ്രയിലെ വെള്ളപ്പൊക്കത്തിൽ ഇതുവരെ 40 പേരാണ് മരിച്ചത്.

MORE IN INDIA
SHOW MORE