‘പൊള്ളവാക്കുകളിൽ നിന്നും അനുഭവിച്ചു; മോദിയെ വിശ്വസിക്കാൻ ജനം തയാറല്ല’; രാഹുൽ

modi-rahul-tweet
SHARE

മുൻപുള്ള അനുഭവങ്ങൾ െകാണ്ട് പ്രധാനമന്ത്രിയുടെ വാക്കുകൾ വിശ്വസിക്കാൻ ജനം തയാറായിട്ടില്ലെന്ന് കുറിച്ച് രാഹുൽ ഗാന്ധിയുടെ ട്വീറ്റ്. കർഷകർ സമരം തുടരും എന്ന് പ്രഖ്യാപിച്ചതോടെയാണ് രാഹുലിന്റെ പ്രതികരണം. ‘പൊള്ളയായ വാക്കുകളില്‍ നിന്ന് ഏറെ അനുഭവിച്ചിട്ടുള്ള ജനങ്ങള്‍ പ്രധാനമന്ത്രിയുടെ വാക്കുകള്‍ വിശ്വസിക്കാന്‍ തയാറായിട്ടില്ല. കര്‍ഷക സമരം തുടരും.’ രാഹുൽ കുറിച്ചു

മിനിമം താങ്ങുവില ഉൾപ്പെടെയുള്ള ആവശ്യങ്ങളിൽ ചർച്ച ആവശ്യപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തയയ്ക്കാൻ സംയുക്ത കിസാൻ മോർച്ച തീരുമാനിച്ചിരുന്നു. 27ന് ചേരുന്ന യോഗത്തിൽ തുടർ സമര പരിപാടികളിൽ അന്തിമ തീരുമാനമെടുക്കുഷെന്ന് അഖിലേന്ത്യ കിസാൻ സഭ നേതാവ് പി.കൃഷ്ണദാസ് പറഞ്ഞു. ചർച്ചക്ക്‌ തയാറാണെന്ന് കേന്ദ്രം അറിയിച്ചതായി സംഘടന നേതാക്കൾ വ്യക്തമാക്കി. 

കാർഷിക നിയമങ്ങൾ പിൻവലിക്കുമെന്ന് പ്രധാനമന്ത്രി പ്രഖ്യാപിച്ചെങ്കിലും സമരം പിൻവലിക്കുന്നതിൽ കാത്തിരുന്നു തീരുമാനമെടുക്കാമെന്നാണ് സംയുക്ത കിസാൻ മോർച്ച തീരുമാനം. താങ്ങുവില സംബന്ധിച്ച് നിയമ പരിരക്ഷ ഉറപ്പാക്കണം, സമരത്തിൽ മരിച്ച കർഷകരുടെ കുടുംബത്തിന് സഹായധനം നൽകണം, കർഷകർക്ക് എതിരെയുള്ള കേസുകൾ  പിൻവലിക്കണം, ലഖിംപുരിലെ കർഷക കൂട്ടക്കൊലയ്ക്ക് ഉത്തരവാദിയായ അജയ് മിശ്രയെ കേന്ദ്ര മന്ത്രിസഭയിൽനിന്നും പുറത്താക്കണം എന്നീ ആവശ്യങ്ങളിൽ പ്രധാനമന്ത്രിയോട് കർഷക സംഘടനകൾ ചർച്ച ആവശ്യപ്പെട്ടു.

27 വരെ മുൻ നിശ്ചയിച്ച പ്രകാരമുള്ള സമര പരിപാടികൾ നടക്കും. സർക്കാരിന്റെ പ്രതികരണം നോക്കി തുടർ സമരപരിപാടികൾ തീരുമാനിക്കും. കർഷകർ സമ്മർദ്ദം ശക്തമാക്കിയതോടെ  കാർഷിക നിയമങ്ങൾ പിൻവലിക്കാനുള്ള നീക്കം സർക്കാർ ഊർജിതമാക്കി. പാർലമെന്റിൽ അവതരിപ്പിക്കേണ്ട ബില്ലിന് ബുധനാഴ്ച ചേരുന്ന കേന്ദ്രമന്ത്രിസഭാ യോഗം അംഗീകരം നൽകും.

MORE IN INDIA
SHOW MORE