ഇതാദ്യമായി ഒന്നിച്ചു പറന്നു 14 തേജസ് പോർവിമാനങ്ങൾ; ഇന്ത്യയുടെ ആകാശക്കരുത്ത്

air-force-thajas
SHARE

ഇന്ത്യ തദ്ദേശീയമായി നിർമിച്ച 14 തേജസ് പോർവിമാനങ്ങൾ ഒന്നിച്ചുപറന്നു. ഇന്ത്യൻ വ്യോമസേനയുടെ ശക്തിപ്രകടനത്തിന്റെ വിഡിയോയും ചിത്രങ്ങളും സമൂഹ മാധ്യമങ്ങളിൽ ഇപ്പോൾ വൈറലാണ്. ഇത് ആദ്യമായാണ് 14 തേജസ് വിമാനങ്ങൾ ഒന്നിച്ച് പറക്കുന്നത്. തമിഴ്നാട്ടിലെ കോയമ്പത്തൂരിനടുത്തുള്ള സുലൂരിലെ ഇന്ത്യൻ എയർഫോഴ്സ് സ്റ്റേഷനിൽ നിന്ന് വെള്ളിയാഴ്ചയാണ് പോർവിമാനങ്ങൾ പറന്നുയർന്നത്.

ഇന്ത്യൻ വ്യോമസേനയ്ക്കും നാവികസേനയ്ക്കുമായി ഹിന്ദുസ്ഥാൻ എയറോനോട്ടിക്സ് ലിമിറ്റഡ് (എച്ച്എഎൽ) എയറോനോട്ടിക്കൽ ഡവലപ്മെന്റ് ഏജൻസിയുടെ (എഡിഎ) സഹകരണത്തോടെ തദ്ദേശീയമായി വികസിപ്പിച്ചെടുത്ത യുദ്ധവിമാനമാണ് തേജസ്. ഐഎഎഫിന്റെ പഴക്കമേറിയ മിഗ് -21 യുദ്ധവിമാനങ്ങൾക്ക് പകരമായാണ് 1980 കളിൽ ലൈറ്റ് കോംബാറ്റ് എയർക്രാഫ്റ്റ് (എൽസിഎ) പ്രോഗ്രാമിന്റെ ഭാഗമായി തേജസ് നിർമാണം തുടങ്ങിയത്. 2003 ലാണ് തേജസ് എന്ന പേര് ഔദ്യോഗികമായി സ്വീകരിച്ചത്.

എച്ച്എഫ്-24 മാരുതിന് ശേഷം എച്ച്എഎൽ വികസിപ്പിച്ച രണ്ടാമത്തെ സൂപ്പർസോണിക് യുദ്ധവിമാനമാണ് തേജസ്. കഴിഞ്ഞ ജനുവരിയിൽ 83 എൽസിഎ തേജസ് വാങ്ങുന്നതിനായി 48,000 കോടി രൂപയുടെ ഇടപാട് ഇന്ത്യ അംഗീകരിച്ചിരുന്നു. 73 എൽസിഎ തേജസ് എംകെ-1എ യുദ്ധവിമാനങ്ങളും 10 എൽസിഎ തേജസ് എംകെ-1 ട്രെയിനർ വിമാനങ്ങളുമാണ് വാങ്ങുന്നത്.

ഇന്ത്യ തദ്ദേശീയമായി നിര്‍മിച്ച തേജസ് പോര്‍വിമാനം വാങ്ങാന്‍ താത്പര്യം പ്രകടിപ്പിച്ച് നിരവധി രാജ്യങ്ങളും രംഗത്തെത്തിയിരുന്നു. ഭാരംകുറഞ്ഞ ബോഡി, ക്വാഡ്രുപ്ലെക്‌സ് ഡിജിറ്റല്‍ ഫ്‌ളൈറ്റ് കണ്‍ട്രോള്‍ സിസ്റ്റം, മൈക്രോപ്രൊസസര്‍ നിയന്ത്രിത യൂട്ടിലിറ്റി കണ്‍ട്രോള്‍, അമേരിക്കയുടെ ജിഇ 404IN എൻജിന്‍ തുടങ്ങി നിരവധി പ്രത്യേകതകള്‍ തേജസിനുണ്ട്. ഇതുവരെ നാലായിരത്തിലേറെ തവണ പരീക്ഷണ പറക്കല്‍ നടത്തിയിട്ടുള്ള തേജസ് യുദ്ധവിമാനങ്ങള്‍ ഒരിക്കല്‍ പോലും തകരുകയോ സാങ്കേതിക തകരാര്‍ പ്രകടമാക്കുകയോ ചെയ്തിട്ടില്ല. ഇതും റെക്കോഡാണ്. തേജസിന്റെ എൻജിനും കോപ്കിറ്റും ഫ്‌ളൈറ്റ് കണ്‍ട്രോള്‍ സിസ്റ്റവും അടക്കം വെറും 45 മിനിറ്റിനുള്ളില്‍ ടെക്‌നിക്കല്‍ സ്റ്റാഫിന് മാറ്റി വെക്കാനാകും. ഇത് ലോകരാജ്യങ്ങള്‍ക്കിടയില്‍ തന്നെ ഉയര്‍ന്ന നിലവാരമാണ്.

MORE IN INDIA
SHOW MORE
Loading...
Loading...