ധീരജവാന്റെ മൃതദേഹം തോളിലേറ്റി പഞ്ചാബ് മുഖ്യമന്ത്രി; ചിത കത്തുന്നത് വരെ ഒപ്പം

punjab-cm-army
SHARE

ജമ്മു കശ്മീരിലെ പൂഞ്ചിൽ നിയന്ത്രണ രേഖയിൽ ഭീകരരുമായുള്ള ഏറ്റുമുട്ടലിൽ രാജ്യത്തിനായി വീരമൃത്യുവരിച്ച ധീരജവാൻമാരുടെ മൃതദേഹം അവരുടെ നാട് തികഞ്ഞ ആദരവോടെയാണ് ഏറ്റുവാങ്ങിയത്. ഇക്കൂട്ടത്തിൽ പഞ്ചാബ് മുഖ്യമന്ത്രി ചരൺജിത് സിങ് ചന്നി വീരമൃത്യു വരിച്ച ജവാന്റെ കുടുംബത്തിന് നൽകിയ ആദരം വലിയ മാതൃകയാവുകയാണ്.

വീരമൃത്യുവരിച്ച ജവാൻ ഗജ്ജൻ സിങിന്റെ മൃതദേഹം അദ്ദേഹം തോളിലേറ്റു വാങ്ങിയാണ് സംസ്ഥാനത്തിന്റെ ആദരം അർപ്പിച്ചത്. ഒപ്പം മരണാനന്തര ചടങ്ങുകളിൽ അടക്കം പങ്കെടുത്ത് ജവാന് ധീരമായ യാത്രയയപ്പ് അദ്ദേഹം നൽകി. ചിതയ്ക്ക് തീ െകാളുത്തുന്ന സമയവും മുഖ്യമന്ത്രി ഒപ്പമുണ്ടായിരുന്നു. ഗജ്ജൻ സിങ്ങിന്റെ കുടുംബത്തിന് 50 ലക്ഷം രൂപയും പഞ്ചാബ് സർക്കാർ പ്രഖ്യാപിച്ചു.

ജമ്മു കശ്മീരിലെ പൂഞ്ചിൽ നിയന്ത്രണ രേഖയിൽ ഭീകരരുമായുള്ള ഏറ്റുമുട്ടലിൽ മലയാളി ഉൾപ്പെടെ 5 ഇന്ത്യൻ സൈനികർ വീരമൃത്യു വരിച്ചിരുന്നു. കൊല്ലം ഓടനാവട്ടം കുടവട്ടൂർ ആശാൻമുക്കിൽ ശിൽപാലയത്തിൽ (മാടമ്പള്ളിയിൽ) ഹരികുമാറിന്റെയും ബീനാകുമാരിയുടെയും മകൻ ജവാൻ എച്ച്. വൈശാഖ് (അക്കു–24), നായിബ് സുബേദാർ ജസ്‌വിന്ദർ സിങ്, ജവാൻ മൻദീപ് സിങ്, ജവാൻ ഗജ്ജൻ സിങ്, സരജ് സിങ് എന്നിവരാണു വീരമൃത്യു വരിച്ചത്.

അതിർത്തിയിലെ സുരാൻകോട്ട് വനമേഖലയിൽ ഭീകരർ ഒളിവിൽ കഴിയുന്നുണ്ടെന്ന രഹസ്യവിവരത്തെത്തുടർന്ന് പുലർച്ചെ തിരച്ചിൽ നടത്തുന്നതിനിടെയായിരുന്നു ഭീകരാക്രമണം. ഒളിച്ചിരുന്ന ഭീകരർ സൈനികർക്കു നേരെ വെടിയുതിർക്കുകയായിരുന്നു. ഗുരുതരമായി പരുക്കേറ്റ സൈനികരെ ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

പിന്നാലെ ഇരച്ചെത്തിയ സൈന്യം ഭീകരരുടെ ജീവനെടുത്തു.ജമ്മു കശ്മീരില്‍ ഒരു ഭീകരനെ കൂടി ഇന്ന് സുരക്ഷാസേന വധിച്ചു. ത്രാലില്‍ നടന്ന ഏറ്റുമുട്ടലില്‍ ജെയ്ഷെ കമാന്‍ഡര്‍ ഷാം സോഫിയയെയാണ് വധിച്ചത്. ജമ്മു കശ്മീരില്‍ ഇന്നലെ നടത്തിയ റെയ്ഡുകളില്‍ നാലുപേരെ അറസ്റ്റ് ചെയ്തതായി എന്‍.ഐ.എ അറിയിച്ചു. 

ലഷ്കറെ തയ്ബ, ജെയ്ഷെ മുഹമ്മദ്, ഹിസ്ബുള്‍ മുജാഹിദീന്‍ തുടങ്ങിയ ഭീകരസംഘടനകള്‍  ജമ്മു കശ്മീരിലും ഡല്‍ഹിയുള്‍പ്പെടെയുള്ള വിവിധ നഗരങ്ങളിലും ഭീകരാക്രമണങ്ങള്‍ക്ക് പദ്ധതിയിടുന്നതായുള്ള വിവരത്തിന്‍റെ അടിസ്ഥാനത്തില്‍ റജിസ്റ്റര്‍ ചെയ്ത കേസിലാണ് അറസ്റ്റ്. ശ്രീനഗര്‍, പുല്‍വാമ, ഷോപ്പിയാന്‍ തുടങ്ങിയ ജില്ലകളിലായി പതിനാറിടങ്ങളിലാണ്  പരിശോധന നടത്തിയത്. അറസ്റ്റിലായവര്‍ വിവിധ ഭീകര സംഘടനകളുടെ ഓവര്‍ഗ്രൗണ്ട് പ്രവര്‍ത്തകരാണെന്നും റെയ്ഡില്‍ രേഖകളും, ഇല്ക്ട്രോണിക് ഉപകരണങ്ങളും, സംശയകരമായ സാമ്പത്തിക ഇടപാടുകളുടെ വിവരങ്ങളും പിടിച്ചെടുത്തതായി എന്‍.ഐ.എ അറിയിച്ചു. 

MORE IN INDIA
SHOW MORE
Loading...
Loading...