മകന്റെ രാജ്യസ്നേഹം തെളിയിക്കാൻ അച്ഛന്‍ പോരാടിയത് 13 മാസം 21 ദിവസം; ഒടുവിൽ നീതി

sakheer-25
ചിത്രം; ദി ക്വിന്റ്
SHARE

മൻസൂർ അഹമ്മദ് വഗെയ് എന്ന മനുഷ്യൻ നീറുന്ന നെഞ്ചുമായി നടന്നത് ഒന്നും രണ്ടും ദിവസമല്ല. നീണ്ട പതിമൂന്ന് മാസം 21 ദിവസം. ഒടുവിൽ നീതി മൻസൂർ അഹമ്മദിനൊപ്പം നിന്നു. മകന്റെ രാജ്യസ്നേഹം ചോദ്യം ചെയ്തവരുടെ മുന്നിൽ അഭിമാനത്തോടെ ആ അച്ഛൻ തലഉയർത്തി നിന്നു. ദക്ഷിണ കശ്മീരിലെ ഷോപിയാനിൽ വീട്ടുകാരെ സന്ദർശിച്ച ശേഷം സേനാ ക്യാംപിലേക്കു മടങ്ങവേ കഴിഞ്ഞ വർഷം ഓഗസ്റ്റിൽ കാണാതായ ടെറിട്ടോറിയൽ ആർമി റൈഫിൾമാൻ ഷക്കീർ മൻസൂറിന്റെ മൃതദേഹം ഇന്നലെ പൂർണ സൈനിക ബഹുമതികളോടെ സംസ്കരിച്ചതോടെയാണ് ആ പോരാട്ടത്തിന് സമാപ്തിയായത്.

ക്യാംപിലേക്ക് മടങ്ങിയ ഷക്കീറിനെ കാണാതായി. ദിവസങ്ങൾക്ക് ശേഷം സമീപത്തെ കൃഷിയിടത്തിൽ നിന്ന് ചോര പുരണ്ട വസ്ത്രങ്ങളും കിട്ടി. പിന്നാലെ അഭ്യൂഹങ്ങൾ പ്രചരിച്ചു. കൂടുതൽ വിവരമൊന്നും കിട്ടിയില്ല. കൊലപ്പെടുത്തി മൃതദേഹം കുഴിച്ചിട്ടെന്ന് വാർത്ത വന്നതോടെ, മൺവെട്ടിയുമായി വീട്ടിൽ നിന്നിറങ്ങിയ മൻസൂർ താഴ്‍വരയിലുടനീളം തിരച്ചിൽ നടത്തി. 

ഇതിനിടെ, ഷക്കീർ ഭീകരർക്കൊപ്പം ചേർന്നിരിക്കാമെന്നു ചിലർ പ്രചരിപ്പിച്ചു. രാജ്യസേവനത്തിനായി യൂണിഫോം അണിഞ്ഞ മകൻ ഭീകരർക്കൊപ്പം ചേർന്നുവെന്ന വ്യാജപ്രചാരണം മൻസൂറിനെ തളർത്തിയെങ്കിലും തോൽക്കാൻ അദ്ദേഹം തയാറായില്ല. മകനെ കാണാനില്ലെന്ന പരാതിയുമായി ചെന്നപ്പോൾ ഷക്കീർ പാക്കിസ്ഥാനിൽ ആയിരിക്കുമെന്ന കുത്തുവാക്കുകളോടെ ചില പൊലീസുകാർ പരിഹസിച്ചു. ഷക്കീർ രാജ്യത്തിനു നൽകിയ സേവനങ്ങൾ നിറകണ്ണുകളോടെ എണ്ണിപ്പറഞ്ഞാണു മൻസൂർ അവരെ നേരിട്ടത്. 

അഹമ്മദ് തളർന്നില്ല. ഒടുവിൽ കുൽഗാമിൽ നിന്ന് ഷക്കീറിന്റെ അഴുകിയ മൃതദേഹം നാട്ടുകാർ കണ്ടെത്തി. കയ്യിലെ ബ്രേസ്​ലെറ്റിൽ നിന്ന് ഷക്കീറിനെ അഹമ്മദ് തിരിച്ചറിഞ്ഞു.  ഭീകരർ ക്രൂരമായി കൊലപ്പെടുത്തിയ മകന്റെ ശരീരാവശിഷ്ടങ്ങൾ അഹമ്മദ് തിരികെ എത്തിച്ചു. ഒടുവിൽ പൂർണ സൈനിക ബഹുമതികളോടെ ഷക്കീറിന് വിട. അഹമ്മദിന്റെ പോരാട്ടത്തിന് ഹൃദയത്തോട് ചേർത്ത് സല്യൂട്ട് പറയുകയാണ് നാട്.

MORE IN INDIA
SHOW MORE
Loading...
Loading...