പതിവ് തെറ്റിച്ച് മോദി; യുഎസ് യാത്രയ്ക്കിടെ വിമാനം ഫ്രാങ്ക്ഫർട്ടിൽ ഇറങ്ങിയില്ല; കാരണം

modi-new-usa
SHARE

ഒരു പതിറ്റാണ്ടിലേറേ തുടർന്നുവന്ന പതിവ് പ്രധാനമന്ത്രി നരേന്ദ്ര മോദി കഴിഞ്ഞ ദിവസത്തെ യുഎസ് യാത്രയിൽ തെറ്റിച്ചു. പ്രധാനമന്ത്രിമാരുടേയും മറ്റു നേതാക്കളുടേയും യുഎസ് യാത്രകളുടെ വഴിമധ്യേ ജർമനിയിലെ ഫ്രാങ്ക്ഫർട്ടിൽ വിമാനമിറക്കുന്ന പതിവാണ് കഴിഞ്ഞ ദിവസം തെറ്റിയത്. കാരണം ‘എയർ ഇന്ത്യ വൺ’ എന്ന ഇന്ത്യയുടെ വിവിഐപി വിമാനത്തിന്റെ മികവ് തന്നെ. ഇന്ധനം നിറയ്ക്കുന്നതിനുള്ള സ്റ്റോപ്പ് ഓവറുകൾ വേണ്ടാതെ ദീർഘദൂര പറക്കാനുള്ള ശേഷി വിമാനത്തിനുണ്ട്. ഇതിനു മുൻപുള്ള യുഎസ് യാത്രകളിൽ ഫ്രാങ്ക്ഫർട്ടിൽ വിമാനമിറക്കി ഇന്ധനം നിറച്ചശേഷമായിരുന്നു തുടർയാത്ര.

ഇതു രണ്ടാം തവണയാണ് മോദി എയർ ഇന്ത്യ വൺ വിമാനത്തിൽ വിദേശയാത്ര നടത്തുന്നത്. ഈ വർഷമാദ്യം ബംഗ്ലദേശിലേക്കായിരുന്നു ആദ്യ യാത്ര. രാഷ്ട്രപതി, ഉപരാഷ്ട്രപതി, പ്രധാനമന്ത്രി എന്നിവരുടെ ഔദ്യോഗിക യാത്രകൾക്കായി യുഎസിൽനിന്നു വാങ്ങിയ പ്രത്യേക വിമാനമാണ് എയർ ഇന്ത്യ വൺ.

ബോയിങ്ങിന്റെ 777– 300 ഇആർ മോഡൽ വിമാനം കഴിഞ്ഞ വർഷം ഒക്ടോബറിലാണ് ഇന്ത്യയിലെത്തിച്ചത്. മിസൈൽ രക്ഷാകവചം ഉൾപ്പെടെയുള്ള സംവിധാനങ്ങളുള്ള വിമാനം വ്യോമസേന പൈലറ്റുമാരാണ് പറത്തുന്നത്. രണ്ടു വിമാനങ്ങളാണ് ഇന്ത്യ ഈ ആവശ്യത്തിനായി വാങ്ങിയത്. ആകെ ചെലവ് 8400 കോടി രൂപയായിരുന്നു.

MORE IN INDIA
SHOW MORE
Loading...
Loading...