‘ബാഗ് ലോക്ക്; പ്രത്യേക വെളിച്ചം’; മോദി ചിത്രം വൈറൽ; ഫോട്ടോഷൂട്ടെന്ന് കോൺഗ്രസ്

modi-new-pic
SHARE

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വിദേശയാത്രകൾ പലപ്പോഴും വലിയ ചർച്ചകൾ ആകാറുണ്ട്. ഓരോ യാത്രകളും വേറിട്ടതാക്കാനും അത് കൃത്യമായി ജനങ്ങളിലേക്ക് എത്തിക്കാനും അദ്ദേഹത്തിന്റെ മിടുക്ക് പ്രസിദ്ധമാണ്. ഇന്നലെ അമേരിക്കൻ സന്ദർശനത്തിന് പോയ അദ്ദേഹം വിമാനത്തിൽ നിന്നും പങ്കുവച്ച ചിത്രം ഇപ്പോൾ വൈറലാണ്. പലവിധമുള്ള ചർച്ചകളും പരിഹാസങ്ങളും ചിത്രത്തെ തേടിയെത്തി. കോൺഗ്രസ് പ്രധാനമന്ത്രിമാരുടെ ചിത്രങ്ങൾ അടക്കം താരതമ്യം ചെയ്താണ് പോസ്റ്റുകൾ.

വിമാനത്തിലിരുന്നും ജോലി ചെയ്യുന്ന മോദിയുടെ ചിത്രമാണിത്. ദീര്‍ഘദൂരയാത്രയെന്നാല്‍ ചില പേപ്പറുകളും ഫയല്‍ വര്‍ക്കും തീര്‍ക്കാനുള്ള അവസരം കൂടിയാണെന്ന് അദ്ദേഹം തന്നെ കുറിച്ചാണ് ചിത്രം പങ്കിട്ടത്. ഇതോടെ ഫോട്ടോഷൂട്ടാണെന്ന ആക്ഷേപം ഉയർന്നു. സീറ്റിൽ തയാറാക്കിയ പ്രത്യേക വെളിച്ചം ചൂണ്ടിക്കാട്ടിയാണ്  വിമർശനം. ഫയൽ െകാണ്ടുവന്ന ബാഗ് ലോക്കാണെന്നും ചിലർ ചൂണ്ടിക്കാട്ടുന്നു. മുൻ കോൺഗ്രസ് പ്രധാനമന്ത്രിമാരുടെ ചിത്രങ്ങൾ പങ്കിട്ടാണ് കോൺഗ്രസ് അനുകൂല ഗ്രൂപ്പുകൾ വിമര്‍ശനം ഉയര്‍ത്തിയത്. മൻമോഹൻസിങ് വിമാനത്തിനുള്ളിൽ പോലും പത്രസമ്മേളനം നടത്തിയ ചിത്രങ്ങളും കോൺഗ്രസ് പങ്കിട്ടു.

വിമാനത്തിനുള്ളില്‍ ഫയലുകള്‍ നോക്കുന്ന മുന്‍ പ്രധാനമന്ത്രി ലാല്‍ ബഹാദുര്‍ ശാസ്ത്രിയുടെ ചിത്രം മോദിയോടൊപ്പം പങ്കുവെച്ച് ബിജെപി നേതാക്കൾ അടക്കം രംഗത്തെത്തി. ക്വാഡ്, യുഎൻ പൊതുസഭാ സമ്മേളനം എന്നിവയിൽ പങ്കെടുക്കാൻ പ്രധാനമന്ത്രി നരേന്ദ്രമോദിയും ഉന്നത ഉദ്യോഗസ്ഥ സംഘവും യുഎസിലെത്തിയിരിക്കുന്നത്.

modi-other-pm

ഇന്ത്യ–യുഎസ് തന്ത്രപ്രധാന ബന്ധവും ജപ്പാൻ, ഓസ്ട്രേലിയ എന്നീ രാജ്യങ്ങളുമായുള്ള ബന്ധവും ഊട്ടിയുറപ്പിക്കാൻ സന്ദർശനം സഹായിക്കുമെന്ന് യാത്ര പുറപ്പെടും മുൻപ് മോദി പറഞ്ഞു. 24ന് ക്വാഡ് ഉച്ചകോടിയിലും 25ന് യുഎൻ സമ്മേളനത്തിലും പങ്കെടുക്കുന്ന പ്രധാനമന്ത്രി വിവിധ രാഷ്ട്രത്തലവന്മാരുമായി ചർച്ച നടത്തുന്നുണ്ട്. യുഎസിലെ ബിസിനസ് സ്ഥാപനങ്ങളുമായും ചർച്ചയുണ്ടാകും. 

അതേസമയം പ്രധാനമന്ത്രി നരേന്ദ്ര മോദിക്കു സഞ്ചരിക്കാൻ പാക്കിസ്ഥാന്റെ വ്യോമമേഖല 2 വർഷത്തിനു ശേഷം തുറന്നു കൊടുത്തിരുന്നു. യുഎസ് സന്ദർശനത്തിനു പുറപ്പെട്ട മോദിയും സംഘവുമടങ്ങിയ വിമാനത്തിന് പാക്കിസ്ഥാനു മീതെ പറക്കാൻ ഇന്ത്യ അനുമതി തേടിയിരുന്നു. പുതിയ സംഭവവികാസങ്ങളുടെ പശ്ചാത്തലത്തിൽ കാബൂൾ ഒഴിവാക്കി പറക്കാനായിരുന്നു ഇത്. 

ഇന്ത്യയുടെ അഭ്യർഥന സ്വീകരിച്ച പാക്കിസ്ഥാൻ ഉടൻ അനുമതി നൽകി. 2019 ൽ കശ്മീരിനു പ്രത്യേക പദവി എടുത്തു കളഞ്ഞപ്പോഴാണ് ഇന്ത്യൻ വിമാനങ്ങൾക്ക് പാക്കിസ്ഥാൻ വ്യോമമേഖലയ്ക്കു മീതെ പറക്കാൻ അനുമതി നിഷേധിച്ചത്. അതിനു ശേഷം പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വിമാനത്തിന് 2 തവണയും രാഷ്ട്രപതി റാം നാഥ് കോവിന്ദിന്റെ വിമാനത്തിന് ഒരു തവണയും അനുമതി നിഷേധിച്ചിരുന്നു.

MORE IN INDIA
SHOW MORE
Loading...
Loading...