ഗുജറാത്തിൽ പിടികൂടിയ 21,000 കോടിയുടെ ഹെറോയിൻ; പിന്നിൽ താലിബാൻ?

gujarat-taliban-drugs
SHARE

ഗുജറാത്തിലെ മുന്ദ്ര തുറമുഖത്തു കഴിഞ്ഞ ദിവസം പിടികൂടിയ 21,000 കോടി രൂപയുടെ ലഹരിമരുന്നു കടത്തിയതിനു പിന്നിൽ താലിബാനു പങ്കുണ്ടോയെന്ന് അന്വേഷണ ഏജൻസികൾ പരിശോധിക്കുന്നു. അഫ്ഗാനിസ്ഥാന്റെ നിയന്ത്രണം താലിബാൻ ഏറ്റെടുത്തതിനു ശേഷമാവാം ലഹരിമരുന്ന് ശേഖരം ഇന്ത്യയിലേക്കു കടത്തിയതെന്ന് അന്വേഷണ ഉദ്യോഗസ്ഥർ സൂചിപ്പിച്ചു.

താലിബാൻ ബന്ധം സംശയിക്കുന്നതിനാൽ കേസ് ഏറ്റെടുക്കുന്നതു ദേശീയ അന്വേഷണ ഏജൻസിയുടെ (എൻഐഎ) പരിഗണനയിലുണ്ട്. ഹെറോയിൻ വിൽപനയിൽ നിന്നു ലഭിക്കുന്ന പണം ഭീകരവാദത്തിന് ഉപയോഗിക്കാൻ ലക്ഷ്യമിട്ടിരുന്നോ എന്ന കാര്യവും പരിശോധിക്കും.

വേട്ടയുമായി ബന്ധപ്പെട്ട് 4 അഫ്ഗാനിസ്ഥാൻകാരും ഒരു ഉസ്ബെക്കിസ്ഥാൻകാരനുമടക്കം 6 പേർ കൂടി അറസ്റ്റിലായി. കണ്ടെയ്നർ ഇറക്കുമതി ചെയ്ത വിജയവാഡയിലെ ആഷി ട്രേഡിങ് കമ്പനിയുടെ ഉടമസ്ഥരായ സുധാകർ, ഭാര്യ വൈശാലി എന്നിവരെ ചെന്നൈയിൽനിന്നു കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തിരുന്നു. മുന്ദ്ര പോർട്ട് ഉൾപ്പെടുന്ന ഗുജറാത്തിലെ ഭുജിലെ കോടതി ഇവരെ 10 ദിവസത്തേക്ക് ഡിആർഐയുടെ കസ്റ്റഡിയിൽ വിട്ടു. ഇരുവരെയും ചോദ്യം ചെയ്യുന്നതിനൊപ്പമാണ് വിവിധ നഗരങ്ങളിലെ അന്വേഷണവും പുരോഗമിക്കുന്നത്. കമ്പനി മുൻപും ലഹരിമരുന്ന് കടത്തിയതായാണു വിവരം.

ലഹരിമരുന്നുകടത്തു കണ്ടെത്തിയ ഡയറക്ടറേറ്റ് ഓഫ് റവന്യു ഇന്റലിജൻസ് (ഡിആർഐ) ചെന്നൈ, അഹമ്മദാബാദ്, ഡൽഹി, വിജയവാഡ നഗരങ്ങൾ കേന്ദ്രീകരിച്ച് അന്വേഷണം ശക്തമാക്കി. അഫ്ഗാനിസ്ഥാനിൽനിന്ന് ഇറാൻ വഴി മുന്ദ്രയിലെ അദാനി തുറമുഖത്ത് എത്തിയ 3000 കിലോഗ്രാം ഹെറോയിനാണു ഡിആർഐ പിടികൂടിയത്. ടാൽക്കം പൗഡർ അടങ്ങിയ കണ്ടെയ്നറുകളിലാണ് ഒളിപ്പിച്ചിരുന്നത്. പിടിച്ചെടുത്ത ഹെറോയിന് രാജ്യാന്തര വിപണിയിൽ കിലോഗ്രാമിന് 7 കോടി രൂപ വരെ വിലയുണ്ട്.

നർകോട്ടിക്സ് കൺട്രോൾ ബ്യൂറോ, എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) എന്നിവയും അന്വേഷണം ആരംഭിച്ചു. ഹെറോയിൻ കടത്തിലുൾപ്പെട്ടവർ നടത്തിയ ഇടപാടുകൾ പരിശോധിക്കുന്നുണ്ട്.

മുന്ദ്രയിലെ അദാനി തുറമുഖത്തു ലഹരിമരുന്നു പിടിച്ച സംഭവത്തിൽ അദാനി ഗ്രൂപ്പിനെതിരെ സമൂഹമാധ്യമങ്ങളിൽ നടക്കുന്ന പ്രചാരണം കമ്പനി നിഷേധിച്ചു. തുറമുഖത്തിന്റെ നടത്തിപ്പുകാർ മാത്രമാണു തങ്ങളെന്നും ചരക്കുകൾ പരിശോധിക്കാൻ അനുമതിയില്ലെന്നും വ്യക്തമാക്കി. ലഹരിമരുന്നു പിടിച്ച ഉദ്യോഗസ്ഥരെ അഭിനന്ദിക്കുന്നതായും അദാനി ഗ്രൂപ്പ് വിശദീകരണക്കുറിപ്പിൽ പറഞ്ഞു.

MORE IN INDIA
SHOW MORE
Loading...
Loading...