‘ഞങ്ങൾക്കറിയില്ല; പരിശോധിക്കാൻ അധികാരം ഇല്ല’; മയക്കുമരുന്ന് വേട്ടയിൽ അദാനി ഗ്രൂപ്പ്

adani-port-new
SHARE

ഗുജറാത്തിലെ മുന്ദ്ര തുറമുഖത്ത് 21,000 കോടി രൂപയുടെ മയക്കുമരുന്നുമായെത്തിയ രണ്ട് കണ്ടെയ്നറുകൾ ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജൻസ് പിടിച്ചെടുത്ത സംഭവം രാഷ്ട്രീയ പരമായും വലിയ ചർച്ചകൾക്കാണ് തുടക്കമിട്ടത്. കോൺഗ്രസ്, യൂത്ത് കോൺഗ്രസ് നേതാക്കൾ ഗുരുതര ആരോപണങ്ങളുമായി രംഗത്തെത്തി. അദാനി ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള മുന്ദ്ര തുറമുഖത്തെത്തിയ കണ്ടെയ്നറുകളിൽ നിന്നാണ് ഉയർന്ന നിലവാരമുള്ള ഹെറോയിൻ പിടിച്ചെടുത്തത്. 

സമൂഹമാധ്യമങ്ങളിൽ അടക്കം വിഷയം കത്തിക്കയറിയതോടെ പ്രതികരണവുമായി അദാനി ഗ്രൂപ്പ് രംഗത്തുവന്നു.‘ മയക്കുമരുന്നിന്റെ വൻശേഖരം പിടികൂടിയ ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജൻസിനെയും കസ്റ്റംസ് അധികൃതരെയും അഭിനന്ദിക്കുന്നു. അവരോട് നന്ദി പറയുന്നു.  ഇതേ കുറിച്ച് ഞങ്ങള്‍ക്ക് ഒന്നും അറിയില്ല. ഞങ്ങള്‍ തുറമുഖത്തിന്റെ നടപ്പിക്കുകാര്‍ മാത്രമാണ്. വരുന്ന ഷിപ്പ്‌മെന്റുകള്‍ പരിശോധിക്കാനുള്ള അവകാശമില്ല. കമ്പനിക്കെതിരെ സോഷ്യല്‍മീഡിയയില്‍ നടക്കുന്നത് വ്യാജപ്രചരണങ്ങളാണ്.’ അദാനി ഗ്രൂപ്പ് പുറത്തുവിട്ട കുറിപ്പില്‍ വ്യക്തമാക്കുന്നു.

അഫ്ഗാനിസ്ഥാനിൽനിന്നുള്ള ഹെറോയിന്‍ ഇറാനിലെ ബന്ദർ അബ്ബാസ് തുറമുഖത്തുനിന്നാണ് ഗുജറാത്തിലെ മുന്ദ്ര തുറമുഖത്തേക്ക് ഇത് അയച്ചത്. ഐഎസിനും താലിബാനും ഭീകരപ്രവർത്തനങ്ങൾക്കു വേണ്ടി പണം കണ്ടെത്താനുള്ള മാർഗമായാണ് ലഹരി എത്തിച്ചതെന്നാണ് ഉയരുന്ന സംശയം. അഫ്ഗാനിൽ മുൻ സർക്കാർ ഇവ നിരോധിച്ചിരുന്നുവെങ്കിലും ഇപ്പോൾ വീണ്ടും സജീവമാണ്.

ആദ്യ കണ്ടെയ്നറിൽനിന്ന് 1999.579 കിലോഗ്രാമും രണ്ടാമത്തെ കണ്ടെയ്നറിൽ നിന്ന് 988.64 കിലോഗ്രാമുമാണ് പിടിച്ചെടുത്തത്. അറസ്റ്റിലായ രണ്ടു അഫ്ഗാൻ പൗരന്മാരെ ചോദ്യം ചെയ്യും. ഇവർക്ക് പരോക്ഷമായി ഐഎസുമായി ബന്ധമുണ്ടെന്നാണ് വിവരം. ഹെറോയിന്റെ മൂല്യം 3500 കോടി രൂപയാണെന്നായിരുന്നു പ്രാഥമിക നിഗമനം. എന്നാൽ 6 ദിവസത്തെ അന്വേഷണത്തിന് ശേഷം പിടികൂടിയത് 21,000 കോടിയിലധികം രൂപ വിലവരുന്ന ഹെറോയിനാണെന്ന് വ്യക്തമായി.

ചെന്നൈ സ്വദേശികളായ മച്ചാവരം സുധാകറും ഭാര്യ ഗോവിന്ദരാജു ദുർഗപൂർണ വൈശാലിയും, മുഖത്തിടുന്ന പൗഡർ എന്നവകാശപ്പെട്ടാണ് കണ്ടെയ്നറുകൾ മുന്ദ്ര തുറമുഖത്ത് എത്തിച്ചത്. ഇവരുടെ വിജയവാഡ ആസ്ഥാനമായുള്ള ആഷി ട്രേഡിങ് കമ്പനിയാണ് കാര്യങ്ങൾ നീക്കിയത്. അഫ്ഗാനിലെ കാണ്ഡഹാർ ആസ്ഥാനമായുള്ള ഹസൻ ഹുസൈൻ ലിമിറ്റഡ് കയറ്റുമതിയുടെ ചുമതല നിർവഹിച്ചിരിക്കുന്നത്. 

MORE IN WORLD
SHOW MORE
Loading...
Loading...