അമരിന്ദർ ഔന്നത്യമുള്ള നേതാവ്; നിലപാടുകൾ എന്നും സ്വീകാര്യം: വാഴ്ത്തുമായി ബിജെപി

amarindar-bjp-punjab
SHARE

പഞ്ചാബിലെ നേതൃമാറ്റത്തിൽ കോൺഗ്രസിനോട് ഇടഞ്ഞ് നിൽക്കുന്ന മുൻ മുഖ്യമന്ത്രി അമരിന്ദർ സിങിന്റെ നീക്കങ്ങൾ ദേശീയ തലത്തിൽ തന്നെ ശ്രദ്ധ നേടുകയാണ്. ഇതിന് പിന്നാലെ അമരിന്ദറിനെ വാനോളം വാഴ്ത്തി ബിജെപി നേതാക്കളും രംഗത്തെത്തി. അകാലി ദൾ ഒഴികെയുള്ള എല്ലാ രാഷ്ട്രീയ കക്ഷികളും തനിക്കു മുന്നിലുണ്ടെന്നു പറഞ്ഞുവച്ച അമരിന്ദർ, താൻ ലക്ഷ്യമിടുന്ന ക്യാംപ് ഏതാണെന്നു മാത്രം ഇതുവരെ വ്യക്തമാക്കിയിട്ടില്ല. അമരിന്ദർ ബിജെപിയിൽ ചേരുമെന്നും ശക്തമായ അഭ്യൂഹങ്ങളുണ്ട്.  അമരിന്ദർ രാഷ്ട്രീയ ഔന്നത്യമുള്ള നേതാവാണെന്നും സാങ്കൽപിക ചോദ്യങ്ങൾക്കു തൽക്കാലം മറുപടി പറയുന്നില്ലെന്നും ബിജെപി പഞ്ചാബ് ഘടകം തലവൻ അശ്വാനി ശർമ പ്രതികരിച്ചു. 

‘അമരീന്ദറിനെ ബിജെപി സ്വീകരിക്കുമോ എന്ന തരത്തിലുള്ള സാങ്കൽപിക ചോദ്യങ്ങൾക്കു തൽക്കാലം മറുപടി പറയുന്നില്ല. ഔന്നത്യമുള്ള നേതാവാണ് അമരിന്ദർ. ദീർഘനാളത്തെ രാഷ്ട്രീയ പാരമ്പര്യവും ഉണ്ട്. കോൺഗ്രസിൽനിന്ന് അപമാനം നേരിട്ടെന്ന് അദ്ദേഹം പറഞ്ഞു. അങ്ങനെയുള്ളപ്പോൾ, അവരവരുടെ വഴി തിരഞ്ഞെടുക്കാൻ എല്ലാവർക്കും സ്വാതന്ത്ര്യമുണ്ട്. പഞ്ചാബ് കോൺഗ്രസ് അധ്യക്ഷൻ നവജ്യോത് സിങ് സിദ്ദു ദേശീയ സുരക്ഷയ്ക്കു ഭീഷണിയാണെന്ന അദ്ദേഹത്തിന്റെ ആരോപണമാണു പ്രധാനപ്പെട്ടത്. 

ദേശീയ സുരക്ഷയ്ക്കു മുകളിലല്ല ആരും. പാക്കിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാൻ ഖാന്റെ സത്യപ്രതിജ്ഞാ ചടങ്ങിൽ പങ്കെടുക്കുക, പാക്കിസ്ഥാൻ സൈനിക തലവനെ ആശ്ലേഷിക്കുക, സിദ്ദുവിനെപ്പറ്റി ക്യാപ്റ്റൻ പറഞ്ഞ അതേ കാര്യങ്ങൾ ബിജെപിയും പറഞ്ഞിട്ടുണ്ട്. ദേശീയത, പഞ്ചാബിന്റെ താൽപര്യങ്ങൾ എന്നീ വിഷയങ്ങളിൽ കോൺഗ്രസ് നയങ്ങളിൽനിന്നു വേറിട്ട അഭിപ്രായപ്രകടനം അമരിന്ദർ നടത്തിയിട്ടുണ്ട്. 

ഇത്തരം വിഷയങ്ങളിൽ അമരിന്ദർ സ്വീകരിച്ച നിലപാടുകളെ ബിജെപി എല്ലാക്കാലത്തും പിന്തുണച്ചിട്ടുമുണ്ട്. മുൻപു പട്ടാളത്തിൽ ജോലി ചെയ്തിരുന്നതിനാലാണ് ദേശതാൽപര്യങ്ങളെ മറ്റ് എല്ലാത്തിലും ഉപരിയായി കാണാൻ അദ്ദേഹത്തിനു കഴിയുന്നത്.’അശ്വാനി ശർമ പറഞ്ഞു. 

MORE IN INDIA
SHOW MORE
Loading...
Loading...