ആദ്യ ദലിത് മുഖ്യമന്ത്രി; യുവമുഖം; പഞ്ചാബിൽ വിജയം ഉറപ്പിക്കാൻ കോൺഗ്രസ്

punjab-channi
SHARE

‘ദലിത് രാഷ്ട്രീയത്തെ കുറിച്ച് എല്ലാവരും പറയുന്നു. കർഷകനെ, ദലിതനെ, സാധാരണക്കാരുടെ പ്രതിനിധിയെ മുഖ്യമന്ത്രി കസേരയിൽ ഇരുത്താൻ കോൺഗ്രസിന് കഴിയും..’ ചരൺജിത് സിങ് ചന്നിയെ പഞ്ചാബ് മുഖ്യമന്ത്രിയാക്കിയതിന് പിന്നാലെ യൂത്ത് കോൺഗ്രസ് ദേശീയ അധ്യക്ഷൻ ബി.വി ശ്രീനിവാസിന്റെ കുറിപ്പ് ഇങ്ങനെയാണ്. കോൺഗ്രസിനൊപ്പം ഉറച്ചുനിൽക്കുന്ന സംസ്ഥാനത്ത് വിജയം മുന്നിൽ കണ്ടുള്ള അഴിച്ചുപണിയാണ് കോൺഗ്രസ് നടത്തുന്നത്. ദലിത് സിഖ് നേതാവും അമരിന്ദർ സിങ് മന്ത്രിസഭയിൽ സാങ്കേതിക വിദ്യാഭ്യാസ ചുമതലയുമുണ്ടായിരുന്ന ചരൺജിത് സിങ് ചന്നിയെ മുഖ്യമന്ത്രിയാക്കിയതിന് പിന്നിലും ഈ നീക്കം കാണാം.

ജയിൽ, സഹകരണ വകുപ്പിന്റെ ചുമതല വഹിച്ചിരുന്ന സുഖ്ജിന്ദർ സിങ് രൺധാവയെ മുഖ്യമന്ത്രിയാക്കുമെന്നാണ് കോൺഗ്രസ് നേരത്തെ അറിയിച്ചിരുന്നതെങ്കിലും ഒരു വിഭാഗം എംഎൽഎമാർ രംഗത്തുവന്നതിനെ തുടർന്നാണ് അദ്ദേഹത്തെ ഒഴിവാക്കിയത്. നേതൃമാറ്റത്തിലൂടെ പഞ്ചാബ് ഉറപ്പിക്കാമെന്ന് നേതൃത്വം കണക്കാക്കുന്നു. കേരളത്തിൽ നടപ്പാക്കിയ മോഡൽ തന്നെ പഞ്ചാബിലും പയറ്റുകയാണ് ഹൈക്കമാൻഡ്. അമരിന്ദറിനെ തള്ളി സിദ്ദുവിനെ ചേർത്തുപിടിക്കുകയാണ് രാഹുൽ. ഒപ്പം യുവ നേതാവിനെ തന്നെ മുഖ്യമന്ത്രി കസേരയിലെത്തിച്ച് വോട്ടുറപ്പിക്കുന്നു.

എന്നാൽ 2002 – 2007 വരെയും 2017 മുതൽ ഇന്നലെ വരെയും ഒൻപതര വർഷം സംസ്ഥാനത്ത് മുഖ്യമന്ത്രിയായിരുന്ന അമരിന്ദറിന്റെ ഇനിയുള്ള നിലപാടുകളും വാക്കുകളും തലവേദനയാകുമെന്ന സൂചനകളും ഇതിനോടം വരുന്നുണ്ട്. പിസിസി പ്രസിഡന്റ് നവജ്യോത് സിങ് സിദ്ദുവിനെ വിശ്വാസത്തിലെടുത്താണ് കോൺഗ്രസിന്റെ പുതിയ കളി. കർഷക പ്രതിഷേധങ്ങൾ അടക്കം അടുത്ത തവണ കോൺഗ്രസിന് തന്നെ ഗുണം ചെയ്യുമെന്നാണ് വിലയിരുത്തൽ. 

അതേസമയം അമരിന്ദറിനെ കൈവിടാൻ ഹൈക്കമാൻഡ് തീരുമാനിച്ചതു സംസ്ഥാനത്തു നടത്തിയ ആഭ്യന്തര സർവേയ്ക്കു ശേഷമാണെന്നും റിപ്പോർട്ടുകളുണ്ട്. നിയമസഭാ തിരഞ്ഞെടുപ്പിൽ പാർട്ടിയുടെ ജയസാധ്യത പരിശോധിക്കാനാണു കഴിഞ്ഞ മാസങ്ങളിൽ ഹൈക്കമാൻഡ് മുൻകയ്യെടുത്ത് സർവേ നടത്തിയത്. അമരിന്ദറിന്റെ പ്രതിച്ഛായ ഇടിഞ്ഞുവെന്നും മുഖ്യമന്ത്രി സ്ഥാനാർഥിയായി അദ്ദേഹത്തെ ഉയർത്തിക്കാട്ടിയാൽ തിരിച്ചടിയുണ്ടാകുമെന്നുമായിരുന്നു സർവേ റിപ്പോർട്ട്. 

MORE IN INDIA
SHOW MORE
Loading...
Loading...