യുപിയിൽ സ്ഥാനാർഥിയാകാന്‍ 11,000 രൂപ കെട്ടിവയ്ക്കണം; മോഹികളെ പൂട്ടാൻ പ്രിയങ്ക

up-priyanka-congress
SHARE

ഉത്തർപ്രദേശ് തിരഞ്ഞെടുപ്പിൽ ഒറ്റയ്ക്ക് നിന്ന് ശക്തി തെളിയിക്കാനുള്ള ശ്രമത്തിലാണ് പ്രതിപക്ഷ പാർട്ടികൾ. പ്രിയങ്കാ ഗാന്ധിയുടെ നേതൃത്വത്തിൽ കോൺഗ്രസ് ശക്തമായ പ്രവർത്തനങ്ങളാണ് നടത്തുന്നത്. മുഖ്യമന്ത്രി യോഗി ആദിത്യനാഥ് കോൺഗ്രസിനെ കടന്നാക്രമിച്ച് രംഗത്തുവരുന്നതും യുപിയിലെ ഇപ്പോഴത്തെ കാഴ്ചയാണ്. ഇപ്പോഴിതാ കോൺഗ്രസിലെ സീറ്റുമോഹികളെ ഒതുക്കാൻ പുതുതന്ത്രവുമായി എത്തുകയാണ് പ്രിയങ്കയും സംഘവും. പാർട്ടിയിൽ മൽസരിക്കാൻ താൽപര്യപ്പെടുന്നവർ 11,000 രൂപ പാർട്ടി അക്കൗണ്ടിൽ കെട്ടിവയ്ക്കാനാണ് നേതൃത്വത്തിന്റെ നിർദേശമെന്ന് റിപ്പോർട്ടുകൾ.

സ്ഥാനാർഥിയാകാനുള്ള അപേക്ഷയ്ക്കൊപ്പമാണ് പണം കെട്ടിവയ്ക്കേണ്ടത്. ഈ മാസം 25 ന് മുൻപ് അപേക്ഷകൾ സമർപ്പിക്കണമെന്നാണ് അറിയിപ്പ്. ഇതിലൂടെ സ്ഥാനാർഥിത്വം ഗൗരവമായി എടുക്കാത്തവരെ പുറത്താക്കാമെന്ന് നേതൃത്വം കണക്ക് കൂട്ടുന്നു. സംസ്ഥാന അധ്യക്ഷൻ അജയ് കുമാർ ലല്ലുവാണ് ഇക്കാര്യം വ്യക്തമാക്കി കുറിപ്പിറക്കിയത്. ജില്ലാ കമ്മിറ്റികളും പ്രാദേശിക കമ്മിറ്റികൾക്കും മികവുള്ളവരുടെ പേരുകൾ നിർദേശിക്കാം.  സ്ഥാനാർഥിയുടെ മികവും കോൺഗ്രസിലെ പ്രവർത്തനങ്ങളും ജനപ്രീതിയും അടിസ്ഥാനമാക്കിയാകും ഇത്തവണ സീറ്റ് നൽകുക. മറ്റ് തരത്തിലുള്ള സീറ്റ് വീതം വയ്പ്പ് ഇത്തവണ ഉണ്ടാകില്ലെന്ന് ഉറപ്പാക്കുകയാണ് പ്രിയങ്ക. പണം കെട്ടിവച്ചിട്ടും മികവില്ലായ്മ െകാണ്ട് സീറ്റ് ലഭിച്ചില്ലെങ്കിൽ അടച്ച പണം തിരികെ ലഭിക്കുമോയെന്ന കാര്യത്തിൽ ഇതുവരെ വ്യക്തത വന്നിട്ടില്ല.

സ്ത്രീ സുരക്ഷയ്ക്കും കർഷകരുടെ പ്രശ്നങ്ങൾക്കും പ്രഥമ പരിഗണന നൽകുന്ന പ്രകടന പത്രികയാകും കോൺഗ്രസിന്റേതെന്ന് നേതാക്കൾ പറയുന്നു.

കൂടാതെ ആരോഗ്യം, വിദ്യാഭ്യാസം എന്നീ മേഖലകൾക്കും പ്രാധാന്യം നൽകും.  ഇതുമായി ബന്ധപ്പെട്ട ജനങ്ങളുമായി ആശയവിനിമയം നടത്തി വരികയാണെന്നും അവരുടെ ശബ്ദമായിരിക്കും പത്രികയിൽ പ്രകടമാവുകയെന്നും നേതൃത്വം പറയുന്നു. അടുത്ത വർഷമാണ് ഉത്തർ പ്രദേശിൽ നിയമസഭ തിരഞ്ഞെടുപ്പ് നടക്കുക. 2017ൽ നടന്ന തരിഞ്ഞെടുപ്പിൽ ഗംഭീര വിജയം നേടിയാണ് ബിജെപി അധികാരത്തിലേറിയത്. 403 നിയമസഭാ മണ്ഡലങ്ങളിൽ 312ഉം ബിജെപി തൂത്തുവാരി. സമാജ്‌വാദി പാർട്ടി 47ഉം ബിഎസ്പി 19ഉം സീറ്റുകൾ നേടിയപ്പോൾ കോൺഗ്രസ് ഏഴു സീറ്റുകളിൽ ഒതുങ്ങി.  

MORE IN INDIA
SHOW MORE
Loading...
Loading...