രാജ്യത്താദ്യം; പ്ലസ്ടുമാർക്ക് മുഖ്യം; മൽസരപരീക്ഷ വേണ്ട; കയ്യടി വാങ്ങി സ്റ്റാലിൻ ബിൽ

stalin-tn-neet
SHARE

തിരഞ്ഞെടുപ്പിൽ ജനങ്ങൾക്ക് നൽകിയ ഉറപ്പുകൾ നിറവേറ്റി മുന്നേറുകയാണ് തമിഴ്നാട്ടിൽ ഡിഎംകെയും മുഖ്യമന്ത്രി എം.കെ സ്റ്റാലിനും. മെഡിക്കൽ എൻട്രൻസ് പരീക്ഷയായ നീറ്റ് ഒഴിവാക്കുന്നതിന് നിയമനിർമാണമാണ് തമിഴ്നാട് ലക്ഷ്യമിടുന്നത്. പ്ലസ് ടു മാർക്കിന്റെ അടിസ്ഥാനത്തിൽ വിദ്യാർഥികൾക്ക് മെഡിക്കൽ കോളജുകളിൽ പ്രവേശനം നൽകണമെന്നാണ് ബില്ലിൽ ആവശ്യപ്പെടുന്നത്. 

മത്സരപരീക്ഷകളല്ല വിദ്യാഭ്യാസത്തിന്റെ നിലവാരം നിശ്ചയിക്കേണ്ടത്. ഈ ബിൽ സാമൂഹിക നീതിയും ഐക്യവും എല്ലാവർക്കും തുല്യ അവസരവും ഉറപ്പാക്കുമെന്നും സമൂഹത്തിൽ താഴേത്തട്ടിലുള്ള വിദ്യാർഥികളെപ്പോലും വിവേചനങ്ങളെ മറികടന്ന് മുഖ്യധാരയിലെത്തിക്കാൻ സഹായിക്കുമെന്നും അദ്ദേഹം പറ‍ഞ്ഞു. നീറ്റ് പരീക്ഷാപ്പേടിയിൽ സംസ്ഥാനത്ത് ഒരു വിദ്യാർഥി കൂടി ആത്മഹത്യ ചെയ്തതിനിടെയാണ് സ്റ്റാലിൻ സർക്കാരിന്റെ നിർണായക തീരുമാനം. 

ഇന്നലെ ധനുഷ് എന്ന വിദ്യാർഥിയുടെ മരണവിവരമറിഞ്ഞ് അനുശോചനം രേഖപ്പെടുത്തിയ സ്റ്റാലിൻ, വിദ്യാർഥികൾ പ്രതീക്ഷ കൈവിടരുതെന്നും നീറ്റിനെതിരെയുള്ള ബിൽ നിയമസഭയിൽ ഇന്ന് അവതരിപ്പിക്കുമെന്നും അറിയിച്ചിരുന്നു. നീറ്റ് പരീക്ഷമൂലം വിദ്യാർഥികൾക്കുണ്ടാകുന്ന പ്രയാസം മനസ്സിലാക്കാതെ കേന്ദ്ര സർക്കാർ പിടിവാശി കാണിക്കുകയാണെന്നും സ്റ്റാലിൻ കുറ്റപ്പെടുത്തിയിരുന്നു. അതേസമയം ഡിഎംകെ അധികാരത്തിൽ വന്നതിനു ശേഷം നീറ്റിനെകുറിച്ച് പഠിക്കാൻ കമ്മിഷനെ വച്ചതും നീറ്റ് റദ്ദാക്കാൻ നടപടി സ്വീകരിക്കുമെന്ന് നിയമസഭയിൽ പ്രഖ്യാപിച്ചതും ധനുഷിനെപ്പോലുള്ള വിദ്യാർഥികൾക്ക് അനാവശ്യ പ്രതീക്ഷകൾ നൽകിയെന്നും ഇതാണ് ഇത്തരമൊരു ദുരന്തത്തിന് വഴിവച്ചതെന്നും എഐഎഡിഎംകെ നേതാവ് എടപ്പാടി പളനിസാമി ആരോപിച്ചു. 

നീറ്റിനെതിരെ സംസ്ഥാനത്തിന്റെ പോരാട്ടം ഇവിടെ തുടങ്ങുകയാണെന്നാണ് ബില്ല് അവതരിപ്പിച്ച് സ്റ്റാലിൻ പ്രഖ്യാപിച്ചത്.  രാജ്യത്ത് ആദ്യമായാണ് നീറ്റിനെ എതിർത്ത് ബിൽ ഒരു സംസ്ഥാനം പാസാക്കുന്നത്. നേരത്തെ പ്ലസ് ടു മാർക്കിന്റെ അടിസ്ഥാനത്തിൽ മാത്രമായിരുന്നു തമിഴ്നാട്ടിൽ മെഡിക്കൽ പ്രവേശനം നടത്തിയിരുന്നത്. എന്നാൽ നീറ്റ് വന്നതോട് പ്ലസ്ടുവിന് മാർക്ക് നേടിയിട്ടും എൻട്രൻസിൽ മാർക്കില്ലാത്തതിനാൽ വിദ്യാർഥികൾക്ക് പ്രവേശനം നിഷേധിക്കുന്ന അവസ്ഥയുണ്ടായി.

MORE IN INDIA
SHOW MORE
Loading...
Loading...