സി 295 വാങ്ങാൻ ഇന്ത്യ; വ്യോമസേനയ്ക്ക് കരുത്തേറും

c295-13
SHARE

ഇന്ത്യന്‍ വ്യോമസേനയ്ക്ക് കരുത്തേകി എയര്‍ബസിന്‍റെ പുതിയ വിമാനങ്ങള്‍ വാങ്ങാന്‍ കേന്ദ്രം തീരുമാനിച്ചിരിക്കുകയാണ്. സി 295 എന്ന ട്രാന്‍സ്പോര്‍ട്ട് വിമാനമാണ് ഇന്ത്യ വാങ്ങുന്നത്.  യുദ്ധമുഖത്ത് ആളും ആയുധവും എത്തിക്കാന്‍ ശേഷിയുള്ള അത്യാധുനിക സൗകര്യങ്ങളുള്ള വിമാനമാണിത്. നിലവില്‍ ഇന്ത്യന്‍ വ്യോമസേന ഉപയോഗിക്കുന്ന അവ്‍രോ വിമാനങ്ങള്‍ക്ക് പകരമാണ് സി 295 എത്തുന്നത്.

1960 മുതല്‍ ഇന്ത്യന്‍ വ്യോമസനയുടെ പക്കലുള്ള വിമാനമാണ് അവ്‍രോ. ബ്രിട്ടീഷ് കമ്പനിയാണ് നിര്‍മാതാക്കള്‍. 48 പാരാട്രൂപ്പേഴ്സിനെ വഹിക്കാന്‍ ശേഷിയുള്ളതാണ് ഈ വിമാനം. ഇതിനു പുറമേ ആറ് ടണ്‍ ചരക്കും കൊണ്ടുപോകാം.  കാലപ്പഴക്കത്തെ തുടര്‍ന്നാണ് അവ്‍രോ വിമാനങ്ങള്‍ ഘട്ടം ഘട്ടമായി ഒഴിവാക്കാന്‍ വ്യോമസേന തീരുമാനിച്ചത്. പകരം എത്തുന്ന സി-295 അത്യാധുനിക സംവിധാനങ്ങളുള്ള സേനാവിമാനമാണ്. 21,000 കോടി രൂപയുടേതാണ് ഇടപാട്.

സ്പെയിനിലെ കണ്‍സ്ട്രക്ഷന്‍സ് എയറോനോട്ടിക്സ് അഥവാ കാസയാണ് വിമാനത്തിന്‍റെ നിര്‍മാതാക്കള്‍. എയര്‍ബസാണ് ഈ കമ്പനിയുടെ ഉടമസ്ഥര്‍. 1997ലാണ് സി 295 ആദ്യമായി പുറത്തിറക്കുന്നത്. 2001ല്‍ സ്പാനിഷ് വ്യോമസേനയാണ് സി 295 ആദ്യമായി വാങ്ങുന്ന രാജ്യം. ഇന്ന് 15 രാജ്യങ്ങളുടെ വ്യോമസേനകള്‍ ഈ വിമാനം ഉപയോഗിക്കുന്നുണ്ട്. സൈനികരെയും ആയുധങ്ങളെയും വിവിധ സ്ഥലങ്ങളിലെത്തിക്കുന്നതിനാണ് സ്പെയിനിലെ എയര്‍ബസ് ഡിഫന്‍സ് ആന്‍റ് സ്പേയ്സ് നിര്‍മിക്കുന്ന ഈ വിമാനം ഉപയോഗിക്കുന്നത്.റിയര്‍ റാംപ് ഡോറുള്ള വിമാനമാണിത്. അതുകൊണ്ടുതന്നെ വളരെ പെട്ടെന്ന് പാരാ ട്രൂപ്പംഗങ്ങള്‍ക്ക് വിമാനങ്ങളില്‍ നിന്ന് പറന്നിറങ്ങാനും സൈനിക നീക്കങ്ങളില്‍ ഏര്‍പ്പെടാനും സാധിക്കും. ഭാരമേറിയ കാര്‍ഗോ എളുപ്പത്തില്‍ കൈകാര്യം ചെയ്യാനും വിമാനം അനുയോജ്യമാണ്. 73 ട്രൂപ്പ് അംഗങ്ങളെ കൊണ്ടുപോകാന്‍  ശേഷിയുള്ള വിമാനമാണിത്. 9250 കിലോ വരെ ഭാരം വഹിക്കാം. മണിക്കൂറില്‍ 482 കിലോ മീറ്ററാണ് പരമാവധി വേഗം. 

ഇന്ത്യയില്‍ ഇത്തരം വിമാനങ്ങള്‍ നിര്‍മിക്കുന്നതിനുള്ള വഴിയൊരുക്കുക കൂടിയാണ് എയര്‍ബസുമായുള്ള കരാറിലൂടെ. ആകെ 56 വിമാനങ്ങളാണ് വാങ്ങുന്നത്. അതില്‍ 16 എണ്ണം പൂര്‍ണമായി നിര്‍മിച്ച് ഇന്ത്യയിലെത്തിക്കും. ബാക്കി 40 എണ്ണം ഇന്ത്യയില്‍ ടാറ്റ കണ്‍സോര്‍ഷ്യമാണ് നിര്‍മിക്കുക. 10 വര്‍ഷംകൊണ്ട് നിര്‍മാണം പൂര്‍ത്തിയാക്കും. വിമാനത്തിന്റെ നിര്‍മാണ ഘടകങ്ങളും പ്രാദേശികമായി നിര്‍മിക്കും. ചെറുകിട ഇടത്തരം സംരംഭങ്ങള്‍ക്കും ഇതിന്‍റെ നേട്ടം ലഭിക്കും. ഒരു സ്വകാര്യ കമ്പനി ആദ്യമായാണ് രാജ്യത്ത് യുദ്ധവിമാന നിര്‍മാണത്തിന്‍റെ ഭാഗമാകുന്നത്. രാജ്യത്തെ പ്രതിരോധ മേഖലയില്‍ സ്വകാര്യ പങ്കാളിത്തം വര്‍ധിപ്പിക്കുക കൂടി ലക്ഷ്യമിട്ടാണ് പദ്ധതി.  

MORE IN INDIA
SHOW MORE
Loading...
Loading...