ഭൂപേന്ദ്ര പട്ടേല്‍ സത്യപ്രതിജ്ഞ ചെയ്തു; ഗുജറാത്തിന്‍റെ 17ാമത് മുഖ്യമന്ത്രി

oath
SHARE

ഗുജറാത്ത് മുഖ്യമന്ത്രിയായുള്ള ഭൂപേന്ദ്ര പട്ടേലിന്‍റെ സത്യപ്രതിജ്ഞാച്ചടങ്ങില്‍ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ പങ്കെടുത്തു. ഭൂപേന്ദ്ര പട്ടേലിന്‍റെ ഉയര്‍ച്ചയോടെ അമിത് ഷായുടെ സ്വാധീനത്തിന് ഇടിവുണ്ടായെന്ന വിലയിരുത്തലുകളുണ്ട്. മന്ത്രിസഭാംഗങ്ങള്‍ മറ്റന്നാള്‍ സത്യപ്രതിജ്ഞ ചെയ്യും. നിരാശയില്ലെന്നും പദവിയുണ്ടെങ്കിലും ഇല്ലെങ്കിലും പാര്‍ട്ടിയെ സേവിക്കുമെന്നും ഉപമുഖ്യമന്ത്രി നിതിന്‍ഭായ് പട്ടേല്‍ പ്രതികരിച്ചു. ഗുജറാത്തിന്‍റെ 17മത് മുഖ്യമന്ത്രിയായി ഈ നിയമസഭയിലെ കന്നി എംഎല്‍എ ഭൂപേന്ദ്ര പട്ടേല്‍ സത്യപ്രതിജ്ഞ ചെയ്തു.  ഗോവ, കര്‍ണാടക, മധ്യപ്രദേശ്, ഹരിയാന മുഖ്യമന്ത്രിമാര്‍ ചടങ്ങിനെത്തി. എന്നാല്‍ ശ്രദ്ധാകേന്ദ്രം അമിത് ഷായായിരുന്നു. മുന്‍മുഖ്യമന്ത്രി ആനന്ദിബെന്‍ പട്ടേലിന്‍റെ ഉറ്റ അനുയായിയായ ഭൂപേന്ദ്ര പട്ടേലിന് മുഖ്യമന്ത്രി പദവി ലഭിച്ചതോടെ അമിത് ഷായുടെ സ്വാധീനത്തിന് ഇടിവുണ്ടായെന്നും ഗുജറാത്ത് ബിജെപിയിലെ അധികാരസമവാക്യങ്ങള്‍ മാറുന്നുവെന്നും വിലയിരുത്തലുണ്ട്. ആനന്ദിബെന്‍ പട്ടേലിനെ മാറ്റി വിജയ് രൂപണിക്ക് വഴിയൊരുക്കിയത് അമിത് ഷായായിരുന്നു. സത്യപ്രതിജ്ഞയ്ക്ക് പിന്നാലെ ഭൂപേന്ദ്ര പട്ടേലിനെ ആശംസിച്ചുള്ള പ്രധാനമന്ത്രിയുടെ ട്വീറ്റില്‍ വിജയ് രൂപാണിയെ ഏറെ പ്രശംസിച്ചിട്ടുണ്ട്. 

ചുമതലയേറ്റെടുക്കുമുന്‍പ് മഞ്ഞുരുക്കലിനുള്ള തിരക്കിലായിരുന്നു ഭൂപേന്ദ്ര പട്ടേല്‍.  മുന്‍മുഖ്യമന്ത്രി വിജയ് രൂപാണി, ബിജെപി സംസ്ഥാന അധ്യക്ഷന്‍ സി.ആര്‍ പാട്ടീല്‍, ഉപമുഖ്യമന്ത്രി നിതിന്‍ഭായ് പട്ടേല്‍ എന്നിവരെ രാവിലെ സന്ദര്‍ശിച്ചു. ആര്‍ക്കും തന്നെ വലിച്ചെറിയാന്‍ കഴിയില്ലെന്നും ജനഹൃദയത്തിലാണ് സ്ഥാനമെന്നും മുഖ്യമന്ത്രി സ്ഥാനം വീണ്ടും കപ്പിനും ചുണ്ടിനും ഇടയില്‍ നഷ്ടമായ നിതിന്‍ പട്ടേല്‍ വികാരാധീനനായി. സാമുദായിക സമാവാക്യങ്ങള്‍ പരിഗണിച്ച് ഇത്തവണ രണ്ട് ഉപമുഖ്യമന്ത്രിമാരുണ്ടാകാനിടയുണ്ട്. 

MORE IN INDIA
SHOW MORE
Loading...
Loading...