എല്ലാവർക്കും ആദ്യഡോസ് വാക്സീൻ നൽകി 3 സംസ്ഥാനങ്ങള്‍; പ്രശംസിച്ച് കേന്ദ്രം

covid-vaccination
SHARE

രാജ്യത്ത് കോവി‍ഡ് മൂന്നാം തരംഗത്തിന്റെ ഭീഷണി നിലനിൽക്കെ എല്ലാവർക്കും ആദ്യ ഡോസ് വാക്സീൻ നൽകി മൂന്ന് സംസ്ഥാനങ്ങളും മൂന്ന് കേന്ദ്രഭരണ പ്രദേശങ്ങളും. ഗോവ, ഹിമാചൽ പ്രദേശ്, സിക്കിം സംസ്ഥാനങ്ങളും കേന്ദ്രഭരണ പ്രദേശങ്ങളായ ദാദ്ര നഗർ ഹവേലി ദാമൻ ദിയു, ലഡാക്ക്, ലക്ഷദ്വീപുമാണു പ്രായപൂർത്തിയായവർക്കെല്ലാം ഒരു ഡോസ് വാക്സീന്‍ നൽകിയത്. നേട്ടത്തിൽ കേന്ദ്രമന്ത്രി മൻസുഖ് മാണ്ഡവ്യ അഭിനന്ദനം അറിയിച്ചു. സംസ്ഥാന സർക്കാരുകളെയും കേന്ദ്രഭരണ പ്രദേശങ്ങളിലെ ഭരണകൂടങ്ങളെയും ആരോഗ്യ പ്രവർത്തകരെയും അഭിനന്ദിക്കുന്നതായി മന്ത്രി പ്രതികരിച്ചു.

ഹിമാചൽ പ്രദേശാണ് എല്ലാവർക്കും വാക്സീൻ ഉറപ്പാക്കിയ ആദ്യ സംസ്ഥാനം. ഓഗസ്റ്റ് 29നാണ് ഹിമാചൽ ഈ നേട്ടം സ്വന്തമാക്കിയത്. സെപ്റ്റംബർ പത്തിന് ഗോവയും എല്ലാവർക്കും ആദ്യ ഡോസ് പൂർത്തിയാക്കി. ഹിമാചലിൽ 55.74 ലക്ഷം ഡോസ് വാക്സീനാണ് ഇതിനകം വിതരണം ചെയ്തത്. ഗോവയിൽ 11.83 ലക്ഷം ഡോസ് വാക്സീനും കുത്തിവച്ചു.സിക്കിം– 5.10 ലക്ഷം, ലഡാക്ക്– 1.97 ലക്ഷം, ലക്ഷദ്വീപ്– 53,499, ദാദ്ര നഗർ ഹവേലി ദാമന്‍ ദിയു– 6.26 ലക്ഷം എന്നിങ്ങനെയാണു മറ്റിടങ്ങളിലെ കണക്കുകൾ.

രാജ്യത്താകെ 74 കോടി ഡോസ് വാക്സീൻ ഇതിനകം വിതരണം ചെയ്തതായും കേന്ദ്ര ആരോഗ്യ മന്ത്രി ട്വിറ്ററിൽ അറിയിച്ചു. ഞായറാഴ്ചത്തെ കണക്കു പ്രകാരം രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിൽ 28,591 പേർക്കാണു കോവിഡ് സ്ഥിരീകരിച്ചത്. ഒരാഴ്ചയ്ക്കിടെ ഏറ്റവും കുറവു രോഗികളുള്ളതും ഇന്നാണ്.

MORE IN INDIA
SHOW MORE
Loading...
Loading...