രാജ്യസഭയിലെ പ്രതിഷേധം; കോണ്‍ഗ്രസ് തീരുമാനത്തെ പിന്തുണച്ച് മറ്റ് പ്രതിപക്ഷപ്പാര്‍ട്ടികൾ

rajyasabha
SHARE

രാജ്യസഭയിലെ പ്രതിഷേധം അന്വേഷിക്കാനുള്ള സമിതിയില്‍ നിന്ന് വിട്ടുനില്‍ക്കാനുള്ള കോണ്‍ഗ്രസ് തീരുമാനത്തെ പിന്തുണച്ച് മറ്റു പ്രതിപക്ഷപ്പാര്‍ട്ടികള്‍. അന്വേഷണ സമിതി രൂപീകരിക്കുന്നത് പ്രതിപക്ഷത്തെ നിശബ്ദരാക്കാനാണെന്ന് രാജ്യസഭാ പ്രതിപക്ഷ നേതാവ് മല്ലികാര്‍ജുന്‍ ഖാര്‍ഗെ വ്യക്തമാക്കി. ഇതോടെ, സഭാധ്യക്ഷന്‍ കൂടിയായ ഉപരാഷ്ട്രപതി എം വെങ്കയ്യ നായിഡുവും പ്രതിപക്ഷവും തമ്മിലെ അകല്‍ച്ച കൂടി.

പാര്‍ലമെന്‍റിന്‍റെ വര്‍ഷകാല സമ്മേളനത്തിനിടെ രാജ്യസഭയില്‍ മേശയ്ക്കു മുകളില്‍ കയറിയും കടലാസുകള്‍ കീറിയെറിഞ്ഞും റൂള്‍ ബുക്ക് ചെയറിന് നേരെ എറിഞ്ഞും പ്രതിപക്ഷം നടത്തിയ പ്രതിഷേധം അന്വേഷിക്കാന്‍ സഭാധ്യക്ഷന്‍ കൂടിയായ ഉപരാഷ്ട്രപതി എം വെങ്കയ്യ നായിഡുവാണ് സമിതി രൂപീകരിക്കാന്‍ ഒരുങ്ങിയത്. അതിരുവിട്ട് പ്രതിഷേധിച്ചവര്‍ക്കെതിരെ ശക്തമായ നടപടി വേണമെന്ന് ഭരണപക്ഷം ആവശ്യപ്പെട്ടിരുന്നു. ഉപാധ്യക്ഷന്‍ ഹരിവന്‍ഷിന്‍റെ മേല്‍നോട്ടത്തില്‍ വിവിധ കക്ഷികളിലെ എംപിമാരെ ഉള്‍പ്പെടുത്തി സമിതി രൂപീകരിക്കാനായിരുന്നു നീക്കം. എന്നാല്‍ സമിതിയിലേയ്ക്ക് പ്രതിനിധിയെ അയയ്ക്കില്ലെന്ന് കോണ്‍ഗ്രസ് തീരുമാനിച്ചു.

പെഗസസ് വിവാദവും കര്‍ഷക പ്രതിഷേധവും അടക്കം നിര്‍ണായക വിഷയങ്ങള്‍ പാര്‍ലമെന്‍റില്‍ ചര്‍ച്ച ചെയ്യാത്തതുകൊണ്ടാണ് പ്രതിപക്ഷം പ്രതിഷേധിച്ചതെന്ന് രാജ്യസഭാ പ്രതിപക്ഷനേതാവ് മല്ലികാര്‍ജുന്‍ ഖാര്‍ഗെ ഉപരാഷ്ട്രപതിക്ക് അയച്ച കത്തില്‍ ചൂണ്ടിക്കാട്ടുന്നു. കോണ്‍ഗ്രസ് നിലപാടിനെ പിന്തുണച്ച് ഇടതുപാര്‍ട്ടികള്‍, ഡിഎംകെ, എന്‍സിപി, ആര്‍ജെഡി, ശിവസേന, ആംആദ്മിപാര്‍ട്ടി എന്നീ കക്ഷികളും രംഗത്തുവന്നിട്ടുണ്ട്. ചെയര്‍ സര്‍ക്കാരിന് അനുകൂലമായി നിലപാടെടുക്കുന്നുവെന്ന് കോണ്‍ഗ്രസും ടിഎംസിയും പരസ്യമായി വിമര്‍ശിച്ചിട്ടുണ്ട്. അന്വേഷണ സമിതിയില്‍ നിന്ന് വിട്ടുനില്‍ക്കാനുള്ള തീരുമാനംകൂടിയായതോടെ സഭാധ്യക്ഷനും പ്രതിപക്ഷവും തമ്മിലെ അകല്‍ച്ച കൂട്ടുകയാണ്. 

MORE IN INDIA
SHOW MORE
Loading...
Loading...