സിദ്ദിഖിയെ താലിബാൻ പിടികൂടിയത് ജീവനോടെ; ക്രൂരമായി കൊലപ്പെടുത്തി; വെളിപ്പെടുത്തൽ

danish-30
ചിത്രം കടപ്പാട്; ഗൂഗിൾ
SHARE

പുലിറ്റ്സർ ജേതാവായ ഇന്ത്യൻ ഫൊട്ടോ ജേണലിസ്റ്റ് ഡാനിഷ് സിദ്ദിഖി കൊല്ലപ്പെട്ടത് സാധാരണ വെടിവെപ്പിൽ അല്ലെന്ന് ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ. സിദ്ദിഖിയെന്ന് അറിഞ്ഞ് ഉറപ്പ് വരുത്തിയ ശേഷം സൈന്യത്തിൽ നിന്ന് ഒറ്റപ്പെടുത്തി പിടികൂടി ക്രൂരമായി കൊല ചെയ്യുകയായിരുന്നുവെന്ന് വാഷിങ്ടൺ എക്സാമിനറിൽ പ്രസിദ്ധീകരിച്ച റിപ്പോർട്ടിൽ പറയുന്നു. അഫ്ഗാൻ സൈന്യവും താലിബാനും തമ്മിൽ നടന്ന ഏറ്റുമുട്ടൽ പകർത്തുന്നതിനായാണ് ഡാനിഷ് സിദ്ദിഖി അഫ്ഗാനിലെത്തിയത്. 

ജൂലൈ 16 ന് സൈന്യത്തോടൊപ്പം കാണ്ഡഹാറിലെ പ്രശ്നബാധിത മേഖലയിലേക്ക് സിദ്ദിഖിയും പോയിരുന്നു. പെട്ടെന്നുണ്ടായ താലിബാൻ ആക്രമണത്തിൽ അഫ്ഗാൻ സൈന്യം ചിതറി. കമാൻഡറും സംഘവും വേറെയും സിദ്ദിഖി മറ്റ് മൂന്ന് ട്രൂപ്പുകൾക്കൊപ്പവുമായി. ബോംബ് ചീളുകൊണ്ട് പരുക്കേറ്റ സിദ്ദിഖിക്ക് പ്രാഥമിക ശുശ്രൂഷ നൽകുന്നതിനായി അടുത്തുള്ള മോസ്കിലേക്ക് സൈന്യം മാറ്റി. സിദ്ദിഖി മോസ്കിലുണ്ടെന്നറിഞ്ഞ താലിബാൻ സൈന്യം സ്ഥലത്തെത്തി ജീവനോടെ പിടികൂടുകയും മാധ്യമപ്രവർത്തകനാണെന്ന് ഉറപ്പ് വരുത്തിയ ശേഷം വധിക്കുകയുമായിരുന്നുവെന്ന് റിപ്പോർട്ട് പറയുന്നു. സിദ്ദിഖിയെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടയിൽ ഒപ്പമുണ്ടായിരുന്ന അഫ്ഗാൻ സൈനികരും കൊല്ലപ്പെട്ടു. 

തലയ്ക്ക് അടിച്ച് ക്രൂരമായി മർദ്ദിച്ചും വെടിയേറ്റ് തുളഞ്ഞ നിലയിലുമാണ് സിദ്ദിഖിയുടെ ശരീരമെന്ന് ചിത്രങ്ങൾ പരിശോധിച്ച മാധ്യമപ്രവർത്തകൻ വെളിപ്പെടുത്തി. സിദ്ദിഖിയുടെ മൃതദേഹം വികൃതമാക്കിയതിലൂടെ യുദ്ധമുഖത്തെ എല്ലാ മര്യാദകളും താലിബാൻ ലംഘിച്ചിരിക്കുകയാണെന്നും റിപ്പോർട്ട് പറയുന്നു. മാധ്യമപ്രവർത്തകൻ സൈന്യത്തോടൊപ്പമുണ്ടെന്ന് അറിയിച്ചിരുന്നില്ലെന്നും അബദ്ധത്തിലാണ് സിദ്ദിഖി കൊല്ലപ്പെട്ടതെന്നും താലിബാൻ അന്ന് പറഞ്ഞിരുന്നു. സിദ്ദിഖിയുടെ മരണത്തിൽ അന്ന് താലിബാൻ നടത്തിയ ഖേദപ്രകടനം വെറും നാടകമായിരുന്നുവെന്നും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. താലിബാൻ ക്രൂരത വെളിവാക്കുന്ന ചിത്രങ്ങൾ സിദ്ദിഖി അഫ്ഗാനിലെത്തിയ ശേഷം പ്രസിദ്ധീകരിച്ചിരുന്നു. 

2018 ൽ റോഹിങ്ക്യൻ ദുരിതം ലോകത്തെ അറിയിച്ച ചിത്രങ്ങൾക്കാണ് സിദ്ദിഖിക്ക് പുലിറ്റ്സർ സമ്മാനം ലഭിച്ചത്. ജൂലൈ 18ന് സിദ്ദിഖിയുടെ മൃതദേഹം ഡൽഹിയിലെത്തിച്ച് സംസ്കരിച്ചിരുന്നു.

MORE IN INDIA
SHOW MORE
Loading...
Loading...