700 രൂപയ്ക്ക് ഒരുവര്‍ഷം മുഴുവന്‍ മുട്ട; തട്ടിപ്പിന്റെ പുതുവഴി

eggnew-30
SHARE

പണം കൈക്കലാക്കാന്‍  പതിനെട്ടടവും പയറ്റുകയാണ് തട്ടിപ്പുകാര്‍. പുതിയ തട്ടിപ്പ് തന്ത്രം മുട്ടയിലെ നിക്ഷേപമാണ്. കഴിഞ്ഞ ദിവസം  ചെന്നൈയിലെ പ്രമുഖ തമിഴ് ദിനപത്രത്തില്‍ ഒരു പരസ്യം വന്നു. വെറും 700 രൂപ നിക്ഷേപിച്ചാല്‍ വര്‍ഷം മുഴുവന്‍ ആഴ്ചയില്‍ ആറു മുട്ടവീതം നല്‍കും. നിക്ഷേപം ഇരട്ടിയാണെങ്കില്‍ ആഴ്ചയില്‍ മുട്ടകളുടെ എണ്ണം 12 ആകും. 2800 രൂപയാണു സ്വകാര്യ കമ്പനിയുടെ പദ്ധതിയില്‍  നിക്ഷേപിക്കുന്നതെങ്കില്‍ ആഴ്ചയില്‍ 24 മുട്ട വീതം വീട്ടിലെത്തിക്കുമെന്നാണു വാഗ്ദാനം.ആദ്യം റജിസ്റ്റര്‍ ചെയ്യുന്ന അഞ്ചു ലക്ഷം പേര്‍ക്കു മാത്രമേ  പദ്ധതിയുടെ ആനുകൂല്യം ലഭിക്കൂവെന്നും പരസ്യത്തില്‍ വ്യക്തമാക്കിയിരുന്നു.

പരസ്യത്തിനു പിറകെ പണമൊഴുക്ക്

'കുറഞ്ഞ നിക്ഷേപം വലിയ റിട്ടേണ്‍' എന്ന പരസ്യം ശ്രദ്ധയില്‍പെട്ടതോടെ കമ്പനി മേല്‍വിലാസത്തില്‍ പണമൊഴുക്കു തുടങ്ങി. ദൈനംദിന ഭക്ഷണത്തില്‍ മുട്ട ഉള്‍പെടുത്തുന്ന വലിയ ഒരു വിഭാഗം പരസ്യത്തിനു പിറകെ പോയി. പരസ്യം പ്രത്യക്ഷപ്പെട്ടു ചുരുങ്ങിയ ദിവസത്തിനുള്ളില്‍ ഒരു ലക്ഷം പേര്‍ പദ്ധതിയില്‍  ചേര്‍ന്നു. നിലവില്‍ വിപണിയില്‍ ഒരു മുട്ടയ്ക്കു  5 രൂപയിലേറെ വിലയുണ്ട്. കമ്പനിയുടെ വാഗ്ദാനം അനുസരിച്ച് രണ്ടു രൂപ ഇരുപത്തിനാലു പൈസ മാത്രമേ മുട്ടയൊന്നിന് വിലയാകുന്നുള്ളൂ. ഇതാണ് ആളുകളെ കൂട്ടത്തോടെ പദ്ധതിയിലേക്ക് ആകര്‍ഷിച്ചത്. പത്രപരസ്യത്തിനു പിറകെ , സമൂഹ മാധ്യമങ്ങളിലും സമാന പരസ്യം പ്രത്യക്ഷപ്പെട്ടു.

തട്ടിപ്പിനായി കമ്പനി, പൊലീസ് നടപടി

പരസ്യം ശ്രദ്ധയില്‍പെട്ടതോടെ പൊലീസ് അന്വേഷണം തുടങ്ങി. ചെന്നൈ പുരസരവാക്കത്തെ ഇടുങ്ങിയ മുറിയിലാണ് കമ്പനി ഓഫീസെന്ന് കണ്ടെത്തി. ഒരാള്‍ മാത്രമുള്ള  വണ്‍ പേഴ്സണണ്‍ കമ്പനിയായി 2019 ഓഗസ്റ്റിലാണ് റജിസ്റ്റര്‍ െചയ്തതെന്നും വ്യക്തമായി. തൊട്ടുപിറകെ  റാഫോല്‍  റീട്ടെയില്‍ പ്രൈവറ്റ് ലിമിറ്റഡ് ഉടമയ്ക്കു നേരിട്ട് ഹാജരാകാന്‍ സാമ്പത്തിക കുറ്റന്വേഷണ വിഭാഗം നോട്ടിസ് നല്‍കി.  കമ്പനി സ്ഥാപകന്‍ ശിവം നരേന്ദ്രന്‍  പൊലീസിനു മുന്‍പാകെ ഹാജരായി. പരസ്യത്തിലെ വാദങ്ങള്‍ ആവര്‍ത്തിച്ചു. പക്ഷേ പദ്ധതി എങ്ങനെ ലാഭകരമാവുമെന്നു വിശദീകരിക്കാന്‍ കഴിഞ്ഞില്ല. ഇതിനപ്പുറം പൊതുജനത്തില്‍ നിന്ന്  നിക്ഷേപം സ്വീകരിക്കാന്‍ നിയമപരമായ അനുമതിയും കമ്പനിക്കില്ലെന്ന് വ്യക്തമായി. പണം സ്വീകരിച്ചതിനു കൃത്യമായി രസീത് പോലും നല്‍കിയിട്ടില്ലെന്നും കണ്ടെത്തി. പുതിയ കമ്പനിയായതിനാലാണു രേഖകള്‍ കൃത്യമല്ലാത്തതെന്നായിരുന്നു ശിവത്തിന്റെ മറുപടി.

ഓണ്‍ലൈന്‍ പരസ്യ സൈറ്റുകളും  സമൂഹ മാധ്യമങ്ങളും വഴിയായിരുന്നു കമ്പനിയുടെ  പ്രധാന ആളെ പിടുത്തം. ഇതിനായി വെബ് സൈറ്റും സജ്ജമാക്കിയിരുന്നു. ഇവയെല്ലാം പൊലീസ് പൂട്ടിച്ചു. നിലവില്‍ വെബ് സൈറ്റ് ഇന്റര്‍നെറ്റില്‍ ലഭ്യമല്ല. നിക്ഷേപകര്‍ക്കെല്ലാം അവര്‍  പണം നല്‍കിയ അതേ രീതിയില്‍ മടക്കി നല്‍കാനും പൊലീസ് നടപടിയെടുത്തു. തൊട്ടുപിറകെ പൊലീസിന്റെ മുന്നറിയിപ്പ് എത്തി. ഇത്തരം വ്യാജ പരസ്യങ്ങളെ  കരുതിയിരിക്കണമെന്നും നിക്ഷേപം നടത്തരുതെന്നുമാണു മുന്നറിയിപ്പ്. ചെറിയ നിക്ഷേപം വലിയ റിട്ടേണ്‍ എന്ന പരസ്യ വാചകം തന്നെ സംശയാസ്പദമാണെന്നാണു ചെന്നൈ പൊലീസിന്റെ സാമ്പത്തിക കുറ്റന്വേഷണ വിഭാഗത്തിന്റെ മുന്നറിയിപ്പ്.

MORE IN INDIA
SHOW MORE
Loading...
Loading...