ജഡ്ജിയെ വാഹനമിടിച്ച് കൊന്ന കേസ്: രണ്ടുപേര്‍ അറസ്റ്റില്‍

judge-murder-n
SHARE

ജാര്‍ഖണ്ഡിലെ ധന്‍ബാദില്‍ ജില്ലാ അഡീഷണല്‍ ജഡ്ജിയെ വാഹനമിടിച്ച് കൊലപ്പെടുത്തിയ കേസില്‍ രണ്ടുപേര്‍ അറസ്റ്റില്‍.  അറസ്റ്റിലായവര്‍ കുറ്റം സമ്മതിച്ചതായും വാഹനം പിടിച്ചെടുത്തതായും പൊലീസ് അറിയിച്ചു.  കേസന്വേഷണത്തിന് ജാര്‍ഖണ്ഡ് ഹൈക്കോടതി മേല്‍നോട്ടം വഹിക്കും. സുപ്രീംകോടതി ചീഫ്ജസ്റ്റിസ് എന്‍.വി രമണ ജാര്‍ഖണ്ഡ് ഹൈക്കോടതി ചീഫ്ജസ്റ്റിസിനെ വിളിച്ച് വിഷയം ചര്‍ച്ച ചെയ്തതിന് േശഷമാണ് തീരുമാനം. 

ഇന്നലെ പ്രഭാത നടത്തത്തിനിടെയാണ് ധന്‍ബാദ് ജില്ലാ അഡിഷണല്‍ ജ‍‍ഡ്ജി ഉത്തം ആനന്ദിനെ വാഹനമിടിച്ച് കൊലപ്പെടുത്തിയത്. ദൃശ്യം സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചതോടെ ശക്തമായ പ്രതിഷേധമുയര്‍ന്നു.  ധന്‍ബാദ് എസ്.പിയുടെ നേതൃത്വത്തില്‍ പ്രത്യേകസംഘത്തെ അന്വേഷണത്തിനായി ജാര്‍ഖണ്ഡ് സര്‍ക്കാര്‍ നിയോഗിച്ചു. ലഖന്‍കുമാര്‍ വര്‍മ രാഹുല്‍ വര്‍മ എന്നിങ്ങനെ രണ്ടുപേരെ ഇന്നുച്ചയോടെ അന്വേഷണ സംഘം പിടികൂടി. ഇവര്‍ക്കെതിരെ കൊലക്കുറ്റത്തിന് കേസെടുത്തതായി ഐ.ജി വിനുകാന്ത് ഹോംകര്‍ അറിയിച്ചു. 

കൊലപാതകത്തില്‍ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട്  സുപ്രീംകോടതി ബാര്‍ അസോസിയേഷന്‍ പ്രസിഡന്‍റ് വികാസ് സിങ് സുപ്രീംകോടതി ചീഫ്ജസ്റ്റിസ് എന്‍.വി രമണയെ സമീപിച്ചിരുന്നു. വിഷയം ശ്രദ്ധയില്‍പെട്ടയുടനെ ജാര്‍ഖണ്ഡ് ഹൈക്കോടതി ചീഫ്ജസ്റ്റിസിനെ വിളിച്ച് കാര്യങ്ങള്‍ തിരിക്കിയെന്നും ഹൈക്കോടതി ആവശ്യമായ നടപടികള്‍ കൈക്കൊള്ളുമെന്നും ചീഫ്ജസ്റ്റിസ് അറിയിച്ചു. തുടര്‍ന്നാണ് പൊലീസ് അന്വേഷണത്തിന് മേല്‍നോട്ടം വഹിക്കാന്‍ ഹൈക്കോടതി തീരുമാനിച്ചത്. ധന്‍ബാദിലെ ഗുണ്ടാതലവന്‍റെ ജാമ്യഹര്‍ജി പരിഗണിക്കാനിരിക്കെയാണ് ജഡ്ജിയുടെ കൊലപാതകം. അറസ്റ്റിലായ പ്രതികള്‍ക്ക് ഗുണ്ടാതലവനുമായി ബന്ധമുണ്ടോയെന്ന് പൊലീസ് ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല. 

MORE IN INDIA
SHOW MORE
Loading...
Loading...