ക്ലാർക്കിൽനിന്ന് മുഖ്യമന്ത്രി പദവി വരെ; ‘കടുവ രാജാവ്’ കണ്ണീരോടെ കളമൊഴിയുമ്പോൾ

yediyurappa-step-dwon
SHARE

ബെംഗളൂരു : ഓഫിസ് ക്ലാർക്കിൽനിന്ന് മുഖ്യമന്ത്രി പദവി വരെയെത്തിയ ബി.എസ്.യെഡിയൂരപ്പ ഏതു വീഴ്ചയിൽനിന്നും തിരിച്ചുവരുന്ന കരുത്തനാണ് പാർട്ടിയിലെ നേതാക്കൾക്ക്; അണികൾക്കാകട്ടെ, ശൗര്യമേറെയുള്ള ‘രാജാ ഹുളി’യും (കടുവ രാജാവ്).

1972 ൽ ശിക്കാരിപുര താലൂക്കിലെ ജനസംഘം പ്രസിഡന്റായാണു രാഷ്ട്രീയത്തിലെ തുടക്കം. പിന്നീടു മുനിസിപ്പൽ കൗൺസിലറായി. ജനസംഘം സംസ്ഥാന ഭാരവാഹിയായതിനു പിന്നാലെ അടിയന്തരാവസ്ഥക്കാലത്തു ജയിലിലായി. ശിക്കാരിപുരയിൽ നിന്നാണ് ആദ്യമായി നിയമസഭയിലെത്തിയത് (1983). എട്ടു തവണ മണ്ഡലത്തെ പ്രതിനിധീകരിച്ചു. 3 തവണ ബിജെപി സംസ്ഥാന പ്രസിഡന്റായി. 2004 മുതൽ ലോക്സഭാ തിരഞ്ഞെടുപ്പുകളിൽ കർണാടകയിലെ 28 സീറ്റുകളിൽ പകുതിയിലധികം പാർട്ടിക്ക് ഉറപ്പുവരുത്തി. 2019ൽ ഇത് 25 ആയി ഉയർത്തി. 

സംസ്ഥാന രാഷ്ട്രീയത്തിലെ ഏറ്റവും കരുത്തനായ നേതാവിനു പക്ഷേ മുഖ്യമന്ത്രി പദവിയിൽ രാശി പോരാ. ജനതാദളിനെ (എസ്) കൂട്ടുപിടിച്ച് 2007 നവംബറിൽ അധികാരത്തിലെത്തിയപ്പോൾ മുഖ്യമന്ത്രിക്കസേരയിലിരുന്നത് 7 ദിവസം. എച്ച്.ഡി. കുമാരസ്വാമി പിന്തുണ പിൻവലിച്ചതായിരുന്നു കാരണം. 2008ൽ മുഖ്യമന്ത്രിയായപ്പോഴാകട്ടെ, കേവല ഭൂരിപക്ഷമുണ്ടായിരുന്നില്ല. 

സ്വതന്ത്രരെ ഒപ്പംനിർത്തി സർക്കാരുണ്ടാക്കിയ യെഡിയൂരപ്പ അന്നാണ് ആദ്യമായി ‘ഓപ്പറേഷൻ താമര’ എന്ന കൂറുമാറ്റ പദ്ധതി പ്രയോഗിച്ചത്. പ്രതിപക്ഷ എംഎൽഎമാരെ രാജിവയ്പിച്ചു സ്വന്തം പാളയത്തിലെത്തിക്കുന്ന ഈ തന്ത്രം പിന്നീട് ഗോവയിലും ഗുജറാത്തിലും മധ്യപ്രദേശിലുമൊക്കെ ബിജെപി പയറ്റി. 

‘ഓപ്പറേഷൻ താമര’യിലൂടെ ഭൂരിപക്ഷമുറപ്പിച്ചെങ്കിലും അതിന് ആളും അർഥവുമായി കൂട്ടുനിന്ന റെഡ്ഡി സഹോദരന്മാരുടെ ബെല്ലാരി ഖനി ലോബി ഇടഞ്ഞതോടെ യെഡിയൂരപ്പയുടെ ശനിദശ തുടങ്ങി. ഒപ്പം അനധികൃത ഖനന, ഭൂമി വിജ്ഞാപന റദ്ദാക്കൽ കേസുകളിലുംപെട്ട്  മൂന്നാം കൊല്ലം രാജിവയ്ക്കേണ്ടി വന്നു. തുടർന്ന് ബിജെപി വിട്ട് കെജെപി രൂപീകരണം; 2013ലെ തിരഞ്ഞെടുപ്പിൽ ദയനീയ പരാജയം.  എന്നാൽ അതോടെ പിണക്കങ്ങൾ മറന്നു ബിജെപിയിൽ തിരിച്ചെത്തിയ യെഡിയൂരപ്പ വീണ്ടും പാർട്ടിയിൽ അവസാന വാക്കായി. 

2018 ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ ബിജെപി വലിയ ഒറ്റക്കക്ഷിയായതിന്റെ ബലത്തിൽ കേവലഭൂരിപക്ഷമല്ലാതെ തന്നെ മുഖ്യമന്ത്രിയായ യെഡിയൂരപ്പയ്ക്കു 2 ദിവസത്തിനുശേഷം രാജിവയ്ക്കേണ്ടിവന്നു. എന്നിട്ടും തളരാതെ തുടർന്ന അണിയറനീക്കങ്ങളാണ് വീണ്ടും ‘ഓപ്പറേഷൻ താമര’യ്ക്കു വഴിതുറന്നതും 2019 ജൂലൈ 26നു യെഡിയൂരപ്പയെ നാലാമതും മുഖ്യമന്ത്രിയാക്കിയതും. 

∙ ഗവർണറാകുന്ന പ്രശ്നമില്ല

‘അധികാരത്തിലേറിയിട്ടും ഒന്നര മാസത്തോളം മന്ത്രിസഭ വികസിപ്പിക്കാൻ ബിജെപി കേന്ദ്ര നേതൃത്വം അനുവദിച്ചിരുന്നില്ല. അന്നുണ്ടായ പ്രളയക്കെടുതിയെ ഒറ്റയാൾ സർക്കാരായാണു നേരിട്ടത്. കഴിഞ്ഞ ഒന്നര വർഷം കോവിഡിനെതിരെ പോരാടി. സൈക്കിൾ ചവിട്ടി സംസ്ഥാനത്തുടനീളമെത്തിയാണു പാർട്ടിയെ വളർത്തിയത്. അതിന്റെ ഫലമാണു ബിജെപിക്കു കിട്ടിയ അധികാരം. കേന്ദ്രമന്ത്രിയാകാൻ വാജ്പേയ് ആവശ്യപ്പെട്ടതാണ്. എന്നാൽ, കർണാടകയിൽ തുടരാനാണു താൽപര്യമെന്നറിയിച്ചു. ഗവർണറാകുന്ന പ്രശ്നമുദിക്കുന്നില്ല. അടുത്ത തിരഞ്ഞെടുപ്പിനായി കർണാടകയെ ഒരുക്കും.’ - ബി.എസ്. യെഡിയൂരപ്പ 

(കേന്ദ്രനേതൃത്വത്തെ പരോക്ഷമായി വിമർശിച്ചുള്ള വിടവാങ്ങൽ പ്രസംഗത്തിൽ പലതവണ വിങ്ങിപ്പൊട്ടിയെങ്കിലും അതു സങ്കടം കൊണ്ടല്ല, ആനന്ദക്കണ്ണീരാണെന്നായിരുന്നു വിശദീകരണം)

പ്രതിഷേധവുമായി മഠാധിപതി

യെഡിയൂരപ്പയുടെ കണ്ണീരിൽ കർണാടക ബിജെപി ഒലിച്ചു പോകുമെന്ന് ലിംഗായത്ത് ബാളെഹൊസൂർ മഠാധിപതി സ്വാമി ദിംഗളേശ്വര പ്രതികരിച്ചു. തീരുമാനം പുനഃപരിശോധിക്കണമെന്നും ആവശ്യപ്പെട്ടു. യെഡിയൂരപ്പയുടെ മണ്ഡലമായ ശിക്കാരിപുര ഹർത്താൽ ആചരിച്ച് പ്രതിഷേധമറിയിച്ചു.

MORE IN INDIA
SHOW MORE
Loading...
Loading...