ത്രിപുരയിലും ബിജെപി എംഎൽഎമാരെ ഒപ്പം കൂട്ടാൻ മമത; ‘പണി’ തുടങ്ങി: ഉദ്വേഗം

mamtha-thripura
SHARE

ബംഗാളിൽ തോറ്റതോടെ ബിജെപിയിൽ നിന്നും നേതാക്കൾ തൃണമൂലിലേക്ക് തിരിച്ചുപോകുന്ന കാഴ്ചയാണ്. മമത ക്യാംപിലേക്ക് മാറാൻ 30 എംഎൽഎമാർ തയാറാണെന്നും തൃണമൂൽ അവകാശപ്പെട്ടിരുന്നു. ഇതിന് പിന്നിലെ ത്രിപുരയിലും ബിജെപിക്ക് വെല്ലുവിളിയാവുകയാണ് മമത. ത്രിപുര മുഖ്യമന്ത്രി ബിപ്ലബ് കുമാര്‍ ദേബുമായി തർക്കത്തിലുള്ള ബിജെപി നേതാക്കളും എംഎൽഎമാരും തൃണമൂലിലേക്ക് ചേക്കേറുമെന്ന സൂചനകളാണ് ഇപ്പോൾ പുറത്തുവരുന്നത്. ഇതോടെ ആശങ്കയിലായ ബിജെപി നേതൃത്വം ചർച്ചകളും ആരംഭിച്ചിട്ടുണ്ട്. 

ബിജെപി ദേശീയ ജനറല്‍ സെക്രട്ടറി ബി.എല്‍.സന്തോഷ്, ത്രിപുരയുടെ മേല്‍നോട്ടം വഹിക്കുന്ന ഫനീന്ദ്ര നാഥ് ശര്‍മ തുടങ്ങിയ നേതാക്കൾ ത്രിപുരയിലെത്തി ചർച്ചകൾക്ക് നേതൃത്വം നൽകുകയാണ്. 2017ല്‍ ബിജെപിയിലെത്തിയ പ്രമുഖ തൃണമൂല്‍ നേതാവായിരുന്ന സുദീപ് റോയ് ബര്‍മനടക്കമുള്ളവര്‍ തിരിച്ചുപോകാനുള്ള സാധ്യതയുണ്ട്. തൃണമൂലിൽ തിരിച്ചെത്തിയ മുകുൾ റോയിയുടെ നേതൃത്വത്തിലാണ് മമത ത്രിപുരയിൽ പിടിമുറുക്കുന്നതെന്നും റിപ്പോർട്ടുകളുണ്ട്.

ബംഗാളിൽ തൃണമൂൽ കോൺഗ്രസിലേക്കുള്ള നേതാക്കളുടെ തിരിച്ചുപോക്കു തടയാനുള്ള ബിജെപി ശ്രമങ്ങൾക്കു തിരിച്ചടിയാകുന്നുണ്ട്. പ്രതിപക്ഷ നേതാവ് സുവേന്ദു അധികാരിയുടെ നേതൃത്വത്തിൽ പ്രതിപക്ഷ എംഎൽഎമാർ ഗവർണറുമായി നടത്തിയ കൂടിക്കാഴ്ചയിൽ ഒരുവിഭാഗം വിട്ടുനിന്നിരുന്നു. ഇതോടെ കൂടുതൽ എംഎൽഎമാർ ബിജെപി വിട്ട് തൃണമൂലിലേക്ക് മടങ്ങിയേക്കുമെന്നാണ് അഭ്യൂഹം ശക്തമാണ്.  

ബംഗാൾ ഗവർണർ ജഗ്ദീപ് ധൻകറുമായുള്ള കൂടിക്കാഴ്ചയിൽ 74 ബിജെപി എംഎൽഎമാരിൽ 24 പേരാണ് വിട്ടുനിന്നത്. ബംഗാളിൽ അരങ്ങേറുന്ന അക്രമങ്ങളും മറ്റ് അനിഷ്ടസംഭവങ്ങളും ഗവർണറുമായി ചർച്ച ചെയ്യാനായിരുന്നു കൂടിക്കാഴ്ച. 24 എംഎൽഎമാരുടെ അസാന്നിധ്യം കൂടുതൽ നേതാക്കൾ പാർട്ടി വിടുമെന്ന അഭ്യൂഹങ്ങൾക്കൊപ്പം സുവേന്ദു അധികാരിയുടെ നേതൃത്വത്തെ അംഗീകരിക്കാൻ എല്ലാ ബിജെപി എംഎൽഎമാരും തയാറായിട്ടില്ലെന്ന സൂചനയും നൽകുന്നു. ബംഗാൾ നിയമസഭാ തിരഞ്ഞെടുപ്പിന് മുൻപായി കഴിഞ്ഞ ഡിസംബറിലാണ് മമതയുടെ വിശ്വസ്തനായിരുന്ന സുവേന്ദു അധികാരി തൃണമൂൽ വിട്ട് ബിജെപിയിലെത്തിയത്. നന്ദിഗ്രാമിൽ മമതയെ സുവേന്ദു പരാജയപ്പെടുത്തുകയും ചെയ്തു. 

ബിജെപി ദേശീയ ഉപാധ്യക്ഷനായിരുന്ന മുകുൾ റോയിയും മകൻ ശുഭ്രാംശു റോയിയും ദിവസങ്ങൾക്ക് മുൻപാണ് തൃണമൂലിൽ തിരിച്ചെത്തിയത്. ഇവരുടെ പാത പിന്തുടർന്ന് രജീബ് ബാനർജി, ദിപേന്ദു ബിശ്വാസ് തുടങ്ങിയ നേതാക്കളും ബിജെപി വിട്ടേക്കുമെന്നാണ് റിപ്പോർട്ടുകൾ. അടുത്തിടെ പാർട്ടിവിട്ട് ബിജെപിയിലെത്തിയ നിരവധി നേതാക്കൾ തൃണമൂൽ നേതൃത്വവുമായി ചർച്ചകൾ നടത്തിയിട്ടുണ്ടെന്നും റിപ്പോർട്ടുകളുണ്ട്. ഇക്കൂട്ടത്തിൽ 30ൽ അധികം എംഎൽഎമാരുണ്ടെന്നും മമതയുടെ ക്യാംപ് പറയുന്നു. 

MORE IN INDIA
SHOW MORE
Loading...
Loading...