‘ഓർമശക്തിക്ക് ചുംബനം; പെൺകുട്ടികളെ നഗ്നരാക്കി നൃത്തം’; ബാബയുടെ ജീവിതകഥ

baba-rape-case
SHARE

പോക്സോ കേസിൽ ആൾദൈവം ശിവശങ്കർ ബാബ ഡൽഹിയിൽ പിടിയിലായി. ചെന്നൈയിൽ നിന്നുള്ള സിബിസിഐഡി സംഘം ഗാസിയാബാദിൽ നിന്നാണു കേളമ്പാക്കം സുശീൽ ഹരി ഇന്റർനാഷനൽ സ്കൂൾ സ്ഥാപകൻ കൂടിയായ ശിവശങ്കർ ബാബയെ (71) പിടികൂടിയത്. ഡൽഹി ഹൈക്കോടതിയിൽ ഹാജരാക്കിയ ശിവശങ്കറിനെ പ്രത്യേക അനുമതിയോടെ തമിഴ്നാട്ടിലേക്കെത്തിക്കും. ശനിയാഴ്ച ചെങ്കൽപെട്ട് കോടതിയിൽ ഹാജരാക്കും.

ശിവശങ്കർ ബാബയിൽ നിന്നുണ്ടായ മോശം അനുഭവത്തെകുറിച്ച് പൂർവവിദ്യാർഥികളുടെ പരാതിയിൽ മൂന്നു കേസുകൾ നേരത്തേ റജിസ്റ്റർ ചെയ്തിരുന്നു. വിദ്യാർഥിനികളെ ചുംബിക്കുക, നിർബന്ധിച്ച് അശ്ലീല ദൃശ്യങ്ങൾ കാണിക്കുക, ലൈംഗിക ബന്ധത്തിനു നിർബന്ധിക്കുക തുടങ്ങി ബാബയുടെ ലൈംഗിക വൈകൃതങ്ങൾ സംബന്ധിച്ചും പരാതി ഉയർന്നതോടെ‍ പോക്സോ നിയമപ്രകാരവും കേസെടുത്തിരുന്നു. സംഭവുമായി ബന്ധപ്പെട്ട് സ്കൂളിലെ 2 അധ്യാപികമാരെയും കസ്റ്റഡിയിലെടുത്തിട്ടുണ്ട്. സിബിസിഐഡി സംഘം ഇന്നലെ വീണ്ടും സ്കൂളിലെത്തി തെളിവുകൾ ശേഖരിച്ചു.

പരാതികളിൽ പ്രാഥമിക അന്വേഷണം ആരംഭിച്ച മഹാബലിപുരം ഓൾവിമൻ പൊലീസ് സ്റ്റേഷൻ ചോദ്യം ചെയ്യലിനു ഹാജരാകാൻ ബാബയ്ക്കു നോട്ടിസ് അയച്ചിരുന്നെങ്കിലും ഹാജരായിരുന്നില്ല. അന്വേഷണം സിബിസിഐഡിക്കു കൈമാറി സംസ്ഥാന ഡിജിപി ഉത്തരവിട്ടത്തോടെ ശിവശങ്കർ ബാബ ചെന്നൈയിൽ നിന്നു മുങ്ങുകയായിരുന്നു. ഉത്തരാഖണ്ഡിലെ ഡെറാഡൂണിലുള്ള സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ടതായി വിവരം ലഭിച്ചതിനെ തുടർന്നു സിബിസിഐഡി സംഘം അങ്ങോട്ടേക്കു തിരിച്ചു. എന്നാൽ, സംഘം എത്തുമ്പോഴേക്കും ആശുപത്രിയിൽ നിന്നും രക്ഷപ്പെട്ട ബാബയെ ഇന്നലെ രാവിലെയോടെ ഗാസിയാബാദിൽ നിന്നു പിടികൂടുകയായിരുന്നു. വാണിയമ്പാടി സ്വദേശിയായ ശിവശങ്കർ 1980കളിലാണു ശിവശങ്കർ ബാബയെന്ന പേരിൽ അറിയപ്പെട്ടു തുടങ്ങിയത്. 

‘ഞാൻ കൃഷ്ണൻ, നിങ്ങളെല്ലാം ഗോപികമാർ’

വിദ്യാർഥിനികളെ മുറിയിലേക്കു വിളിച്ചു വരുത്തി നൃത്തം ചെയ്യിപ്പിക്കുക, കുട്ടികളെ ഒപ്പമിരുത്തി മദ്യപാനവും അശ്ലീല ദൃശ്യങ്ങൾ കാണിക്കലും, ഓർമശക്തിക്കു ചുംബന മരുന്ന്...ആശ്രമത്തോടു ചേർന്നു കിടക്കുന്ന സ്കൂളിലെ വിദ്യാർഥിനികൾക്കു ശിവശങ്കർ ബാബയിൽ നിന്നു നേരിടേണ്ടി വന്നത് ഞെട്ടിപ്പിക്കുന്ന ദുരനുഭവങ്ങൾ ഇങ്ങനെ നീളുന്നു. 

ജന്മദിനത്തിൽ അനുഗ്രഹം വാങ്ങാനായി ബാബയുടെ അരികിലേക്കു പോയപ്പോഴാണു സ്കൂളിലെ പൂർവവിദ്യാർഥിനിക്ക് ആൾദൈവത്തിന്റെ തനി അവതാരം കാണേണ്ടിവന്നത്. മുറിയിലെത്തിയ വിദ്യാർഥിനിയോട് അശ്ലീല ദൃശ്യങ്ങൾ കാണാൻ‍ ആവശ്യപ്പെട്ടു. കൂടെയിരുന്നു മദ്യപിക്കാനും നിർബന്ധിച്ചു. വിവിധ ലൈംഗിക രീതികളെക്കുറിച്ചു രണ്ടു മണിക്കൂർ സംസാരിക്കുകയും താനുമായി നിരന്തരം ബന്ധത്തിൽ ഏർപ്പെട്ടാൽ മറ്റു ആൺകുട്ടികളുമായി ബന്ധപ്പെടുന്നതിനെ കുറിച്ചു ചിന്ത വരില്ലെന്നും ഉപദേശിച്ചുവത്രെ!

താൻ കൃഷ്ണനും പെൺകുട്ടികൾ ഗോപികമാരാണെന്നും പറഞ്ഞു നൃത്തം ചെയ്യിപ്പിക്കുന്നതും പതിവായിരുന്നു. സമ്മാനം നൽകാനെന്ന പേരിൽ മുറിയിലേക്കു വിളിച്ചു വരുത്തി അശ്ലീല ദൃശ്യങ്ങൾ കാണാൻ നിർബന്ധിച്ചതായാണു മറ്റു വിദ്യാർഥിനികളുടെ പരാതി. നിർബന്ധിച്ചു മദ്യം നൽകിയശേഷം ലൈംഗികമായി പീഡിപ്പിച്ചെന്ന ഗുരുതരമായ ആരോപണവും മറ്റൊരു വിദ്യാർഥിനി ഉന്നയിച്ചു. പഠിച്ചത് മറക്കാതിരിക്കാനെന്നു പറഞ്ഞു കുട്ടികളെ ചുംബിക്കുന്നതും സ്ഥിരമായിരുന്നു.അതേസമയം, ബാബയുടെ പ്രവൃത്തികളിൽ സ്കൂൾ ജീവനക്കാർക്കുള്ള പങ്കിനെക്കുറിച്ചും വിദ്യാർഥികൾ ആരോപിക്കുന്നുണ്ട്. ചില ജീവനക്കാരാണു കുട്ടികളെ ബാബയ്ക്ക് അരികിലെത്തിച്ചിരുന്നതെന്നാണ് ആരോപണം.

ബിസിനസിൽ നിന്ന് ആൾദൈവത്തിലേക്ക്...

വാഹനമേഖലയുമായി ബന്ധപ്പെട്ട ബിസിനസിൽ നിന്നു ശ്രീരാമരാജ്യ ആശ്രമത്തിന്റെ അധിപനും ആൾദൈവമെന്ന നിലയിലേക്കുമുള്ള ശിവശങ്കർ ബാബയുടെ യാത്ര അതിവേഗമായിരുന്നു. തിരുപ്പത്തൂർ ജില്ലയിലെ വാണിയമ്പാടിയിൽ 1949ൽ ജനനം. മദ്രാസ് സർവകലാശാലയിൽ നിന്നു രസതന്ത്രത്തിൽ ബിരുദം. എന്നാൽ പിന്നീടു വേറിട്ട വഴികളിലായിരുന്നു ജീവിതത്തിൽ രസം കണ്ടെത്തിയത്. 

റോഡ്, റെയിൽ ഗതാഗതവുമായി ബന്ധപ്പെട്ട പഠനങ്ങളിൽ ലണ്ടൻ, പുണെ, ഡൽഹി എന്നിവിടങ്ങളിൽ നിന്നു ബിരുദാനന്തര ബിരുദം നേടി. ബിസിനസ്സിനൊപ്പം ആത്മീയ വിഷയങ്ങളിലും അതീവ താൽപര്യം പ്രകടിപ്പിച്ചിരുന്നു. ആത്മീയ പാതയിലുള്ള വളർച്ച ആരംഭിക്കുന്നതും ഇവിടുന്നു തന്നെ. ചെന്നൈയിലെ ബംഗ്ലാവിൽ 1984ൽ സ്വാമി അയ്യപ്പനു ക്ഷേത്രം പണിതും രത്‌നഗിരി മുരുക ക്ഷേത്രത്തിലെ കുംഭാഭിഷേകത്തിനിടെ മണിക്കൂറുകളോളം കരഞ്ഞും ശ്രദ്ധ നേടി. ആത്മീയ ഗുരുവിന്റെ ശരീരം ആത്മാവിൽ നിന്നും വേർപെടുന്നതു നേരിൽ കണ്ടെന്നും ശരീരത്തിൽ നിന്നു സർപ്പം ഉത്ഭവിച്ചെന്നുമുള്ള അദ്ഭുത കഥകളിലൂടെ ആയിരങ്ങളുടെ ദൈവമായി ശിവശങ്കർ ബാബ മാറുകയായിരുന്നു. 

‘ഞാനും ദൈവമാണ്, നിങ്ങളും’ എന്ന സന്ദേശത്തിലൂടെ ഒട്ടേറെപേരെ തന്നിലേക്ക് ആകർഷിച്ചു. സാമൂഹിക, സാസ്കാരിക, ആധ്യാത്മിക കേന്ദ്രമായി ചെന്നൈ കേളമ്പാക്കത്ത് 60 ഏക്കറിലായി പരന്നു കിടയ്ക്കുന്ന ശ്രീരാമരാജ്യം എന്ന ആശ്രമം സ്ഥാപിച്ചു. കാർട്ടൂൺ, സംഗീതം, നൃത്തം, വിദേശ ഭാഷകൾ എന്നിങ്ങനെ വിവിധ ക്ലാസുകൾ, സൗജന്യ ഉച്ചഭക്ഷണം എന്നിവയും നൽകിവരുന്നു. ഇപ്പോൾ വിവാദ കേന്ദ്രമായി മാറിയ സുശീൽ ഹരി ഇന്റർനാഷനൽ സ്കൂളും പാവപ്പെട്ടവർക്കു സൗജന്യ ചികിത്സ നൽകുന്ന ആശുപത്രിയും ആശ്രമത്തിന്റെ ഭാഗമായി പ്രവർത്തിക്കുന്നു.

സ്കൂളിന്റെ അംഗീകാരം റദ്ദാക്കാൻ നിർദേശം

സ്ഥാപകൻ ശിവശങ്കർ ബാബയുടെയും അറസ്റ്റിന്റെ പശ്ചാത്തലത്തിൽ സുശീൽ ഹരി ഇന്റർനാഷനൻ സ്കൂളിന്റെ അംഗീകാരം റദ്ദാക്കാൻ കാഞ്ചീപുരം ജില്ലാ ശിശുക്ഷേമ സമിതി നിർദേശം നൽകി. സ്കൂളിന്റെ പ്രവർത്തനം ഏറ്റെടുക്കാനും സർക്കാരിനു നിർദേശം നൽകി.

MORE IN INDIA
SHOW MORE
Loading...
Loading...