രാമഭക്തർ ഇങ്ങനെ ചെയ്യില്ലെന്ന് രാഹുൽ; രാമന്റെ ആദ്യപാഠം സത്യം പറയലെന്ന് യോഗി

rahul-yogi
SHARE

ഗാസിയാബാദിൽ മുസ്‍ലിം വയോധികൻ ആക്രമിക്കപ്പെട്ട സംഭവത്തെ അപലപിച്ചു ട്വീറ്റ് ചെയ്ത കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്കെതിരെ വിമർശനവുമായി ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. രാഹുൽ നുണകളിലൂടെ വിഷം പരത്തുകയാണെന്നും യുപിയിലെ ജനത്തെ അപമാനിക്കുന്നത് രാഹുൽ മതിയാക്കണമെന്നും യോഗി പറയുന്നു.

ലോനിയിൽനിന്നു ജൂൺ 5ന് ഒരു സംഘം ആളുകൾ അബ്ദുൽ സമദ് എന്നയാളെ തട്ടിക്കൊണ്ടുപോവുകയും കത്തി കാണിച്ചു ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു. പാക്കിസ്ഥാൻ ചാരനാണെന്ന് ആരോപിച്ച് സംഘത്തിലെ ഒരാൾ ഇദ്ദേഹത്തിന്റെ താടി മുറിച്ചതായും ‘ജയ് ശ്രീറാം’, ‘വന്ദേമാതരം’ എന്നിങ്ങനെ വിളിക്കാൻ നിർബന്ധിച്ചുവെന്നുമായിരുന്നു റിപ്പോർട്ട്.

ഇതിന്റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചു. ഇതുസംബന്ധിച്ച വാർത്ത പങ്കുവച്ചാണു രാഹുൽ അഭിപ്രായം രേഖപ്പെടുത്തിയത്. ‘ശ്രീരാമന്റെ യഥാർഥ ഭക്തർക്ക് ഇങ്ങനെ ചെയ്യാൻ കഴിയുമെന്നു വിശ്വസിക്കുന്നില്ല. മനുഷ്യത്വമുള്ളവർക്ക് ഇത്തരം ക്രൂരത ചെയ്യാനാകില്ല. സമൂഹത്തിനും മതത്തിനും ലജ്ജാകരമായ കാര്യമാണിത്’ രാഹുൽ പറഞ്ഞു. മണിക്കൂറുകൾക്കുള്ളിൽ ഇതിനു മറുപടിയുമായി യോഗി രംഗത്തെത്തി.

‘സത്യം പറയുക എന്നതാണ് ശ്രീരാമൻ നൽകിയ ആദ്യപാഠം. നിങ്ങൾ ജീവിതത്തിൽ ഒരിക്കലും ചെയ്തിട്ടില്ലാത്തതാണത്. പൊലീസ് സത്യം പറഞ്ഞ ശേഷവും സമൂഹത്തിൽ വിഷം പരത്തുന്നതിൽ ഏർപ്പെട്ടതിൽ ലജ്ജിക്കണം. അധികാരത്തിനായുള്ള അത്യാഗ്രഹത്തിൽ മനുഷ്യത്വമാണ് അപമാനിക്കപ്പെടുന്നത്. ഉത്തർപ്രദേശിലെ ജനങ്ങളെ അപമാനിക്കുന്നതും അപകീർത്തിപ്പെടുത്തുന്നതും അവസാനിപ്പിക്കണം’ യോഗി ട്വീറ്റ് ചെയ്തു. 3 പേരെ അറസ്റ്റ് ചെയ്ത പൊലീസ്, സംഭവത്തിനു സാമുദായിക മാനമില്ലെന്നാണ് വ്യക്തമാക്കുന്നത്.

MORE IN INDIA
SHOW MORE
Loading...
Loading...