സാമ്പത്തിക പ്രതിസന്ധി; 9.60 കോടി മുടക്കി 32 കാർണിവൽ വാങ്ങി തെലങ്കാന; വിവാദം

kcr-car-new
SHARE

കോവിഡിന്റെ രണ്ടാം തരംഗം വൻ സാമ്പത്തിക പ്രതിസന്ധിയാണ് സംസ്ഥാനങ്ങൾക്ക് വരുത്തി വച്ചിരിക്കുന്നത്. ഇതിനിടെ ഐഎഎസ് ഓഫിസർമാർക്കായി  തെലങ്കാന സർക്കാർ 32 കിയ ‘കാർണിവൽ’ കാറുകൾ വാങ്ങി നടപടി വിവാദമാവുകയാണ്.  9.60 കോടിയോളം രൂപ ചെലവഴിച്ചാണു തെലങ്കാന ഇത്രയും ആഡംബര വാഹനങ്ങൾ വാങ്ങിയത്.

അഡീഷണൽ കലക്ടർമാരുടെ ഉപയോഗത്തിനായി തെലങ്കാന സംസ്ഥാന റോഡ് ട്രാൻസ്പോർട് അതോറിട്ടിയാണ്  ‘കാർണിവൽ’ വാങ്ങിയിരിക്കുന്നത്. വെള്ള നിറത്തിലുള്ള പുത്തൻ ‘കാർണിവൽ’ എം പി വികളുടെ താക്കോൽദാനം നിർവഹിച്ചതാവട്ടെ തെലങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖർ റാവുവാണ്.

റവന്യൂ വകുപ്പിൽ നടപ്പാക്കിയ പരിഷ്കാരങ്ങളുടെ ഭാഗമായി 2020 ഫെബ്രുവരിയിലാണു തെലങ്കാന സർക്കാർ അഡീഷണൽ കലക്ടർ തസ്തികകൾ സൃഷ്ടിച്ചത്. ഗ്രാമീണ മേഖലയിലെ വികസനപദ്ധതികളുടെ മേൽനോട്ടം ലക്ഷ്യമിട്ടു സംസ്ഥാനത്തെ ഗ്രൂപ് ഒന്ന് വിഭാഗത്തിൽപെട്ട ഓഫിസർമാരിൽ നിന്നു തിരഞ്ഞെടുക്കപ്പെടുന്ന അഡീഷണൽ കലക്ടർമാർക്ക് ഹൈദരബാദ് ഒഴികെയുള്ള ജില്ലകളിലാണു നിയമനം നൽകിയിരിക്കുന്നത്. 

വിദൂര മേഖലകളിലെ വികസന പ്രവർത്തനങ്ങൾ ഫലപ്രദമായി നിരീക്ഷിക്കാനും മാർഗനിർദേശം നൽകാനും അഡീഷണൽ കലക്ടർമാർക്ക് ഇത്തരം വാഹനങ്ങൾ അത്യാവശ്യമാണെന്ന നിലപാടിലാണു മുഖ്യമന്ത്രി ചന്ദ്രശേഖർ റാവു. അതേസമയം, കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്ന സംസ്ഥാനത്ത് ഇത്രയേറെ ആഡംബര എം പി വി വാങ്ങിക്കൂട്ടുന്നത് അനാവശ്യ ധൂർത്താണെന്നു പ്രതിപക്ഷ പാർട്ടികളും ആരോപിക്കുന്നു. മൂന്നു മോഡലുകളിലായി അഞ്ചു വകഭേദങ്ങളിൽ ലഭ്യമാവുന്ന ‘കാർണിവൽ’ ശ്രേണിയുടെ ഷോറൂം വില 24.95 ലക്ഷം രൂപ മുതലാണ്; മുന്തിയ പതിപ്പായ ‘ലിമൊസിൻ 7 വി ഐ പി’യുടെ വില 33.95 ലക്ഷം രൂപയാണ്.

MORE IN INDIA
SHOW MORE
Loading...
Loading...