പ്രശാന്ത് കിഷോർ ‘ഔട്ട്’; ടീം മമതയ്ക്കൊപ്പം 2026 വരെ; ഉന്നമിടുന്നത് ദേശീയ ഗോദയോ?

mamtha-prasanth
SHARE

ബംഗാളിൽ നേടിയ വൻവിജയത്തിനു പിന്നാലെ തിരഞ്ഞെടുപ്പ് തന്ത്രജ്ഞരായ ഇന്ത്യൻ പൊളിറ്റിക്കൽ ആക്‌ഷൻ കമ്മിറ്റിയുമായുള്ള (ഐ–പാക്) കരാർ 2026 വരെ നീട്ടി തൃണമൂൽ കോൺഗ്രസ്. എന്നാൽ ഐ–പാക്കിലെ മുഖ്യ തന്ത്രജ്ഞനായ പ്രശാന്ത് കിഷോർ ഇതിന്റെ ഭാഗമാകില്ല. സ്ഥാപനത്തിൽനിന്നു പ്രശാന്ത് രാജിവയ്ക്കുമെന്ന് അധികൃതർ ദേശീയ മാധ്യമത്തോടു വെളിപ്പെടുത്തി. പ്രശാന്ത് ഒഴികെയുള്ള ഒമ്പതംഗ നേതൃത്വമായിരിക്കും ഐ–പാക്കിനെ നയിക്കുക.

ബംഗാളിൽ തൃണമൂലിന്റെ തുടർച്ചയ്ക്കും തമിഴ്നാട്ടിൽ ഡിഎംകെയുടെ തിരിച്ചുവരവിനും സുപ്രധാന പങ്കുവഹിച്ചയാളാണ് പ്രശാന്ത് കിഷോർ. ഇതിനുപിന്നാലെ പ്രശാന്ത് വിരമിക്കൽ സൂചന നൽകിയിരുന്നു. 2014ൽ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ക്യാംപയിൻ രൂപപ്പെടുത്തിയതോടെയാണ് പ്രശാന്ത് ശ്രദ്ധേയനായത്. പിന്നീട് കോൺഗ്രസ്, ജെഡിയു, എഎപി, ശിവസേന, തൃണമൂൽ, ഡിഎംകെ എന്നിവർക്കു വേണ്ടിയും പ്രവർത്തിച്ചു. ജെഡിയുവിൽ ചേർന്നെങ്കിലും മുഖ്യമന്ത്രി നിതീഷ് കുമാറുമായുള്ള ഭിന്നതയെ തുടർന്ന് 2020ൽ പുറത്താക്കി.

പുതിയ കരാർ പ്രകാരം എല്ലാ സംസ്ഥാന/ തദ്ദേശസ്ഥാപന തിരഞ്ഞെടുപ്പുകളിലും ഐ–പാക് തൃണമൂലിനായി തന്ത്രങ്ങൾ മെനയും. ബംഗാളിലെ അടുത്ത നിയമസഭാ തിരഞ്ഞെടുപ്പ് വരെയാണ് കരാർ നീട്ടിയിരിക്കുന്നത്. ഇതിനിടയിൽ യുപി, ഗുജറാത്ത്, കർണാടക ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിൽ തിരഞ്ഞെടുപ്പുണ്ട്. ബംഗാളിനു പുറത്തേയ്ക്ക് തൃണമൂലിന്റെ പ്രവർത്തനങ്ങൾ വ്യാപിപ്പിക്കുമെന്ന് മുതിർന്ന നേതാവ് പ്രാർഥ ചാറ്റർജി അറിയിച്ചതിനു പിന്നാലെയാണ് ഐ–പാക്കുമായുള്ള കരാർ നീട്ടിയതെന്നതും ശ്രദ്ധേയമാണ്.

പാർട്ടിയുടെ പുതിയ ജനറൽ സെക്രട്ടറിയും മമതയുടെ ബന്ധുവുമായ അഭിഷേക് ബാനർ‌ജിയും സമാനരീതിയിലുള്ള പ്രസ്താവന നടത്തിയിരുന്നു. കഴിഞ്ഞയാഴ്ച, പ്രശാന്ത് കിഷോറും എൻസിപി അധ്യക്ഷൻ‌ ശരദ് പവാറും മുംബൈയിൽ കൂടിക്കാഴ്ച നടത്തിയിരുന്നു. 2024ലെ ലോക്സഭാ തിരഞ്ഞെടുപ്പ് മുൻനിർത്തിയായിരുന്നു കൂടിക്കാഴ്ചയെന്നാണ് അഭ്യൂഹം. മതയുടെ നിർദേശപ്രകാരമാണു പ്രശാന്ത് കിഷോർ, ശരദ് പവാറിനെ കണ്ടതെന്നാണ് സൂചന.

ദേശീയതലത്തിൽ ബിജെപി ഇതര കക്ഷികളുടെ സഖ്യം ഉണ്ടാകുമെന്നും അതിൽ തൃണമൂൽ നേതൃപരമായ പങ്കുവഹിക്കുമെന്നും അഭിഷേക് ബാനർജി നേരത്തേ പറഞ്ഞിരുന്നു. അടുത്ത ലോക്സഭാ തിരഞ്ഞെടുപ്പിലെ ദേശീയ സാന്നിധ്യമാണു മമതയുടെ ഉന്നം. പ്രശാന്ത്– പവാർ കൂടിക്കാഴ്ചയ്ക്കു ഒരാഴ്ചയ്ക്കുശേഷമാണ് പ്രശാന്തിനെ ഒഴിവാക്കി ഐ–പാക്കുമായുള്ള കരാർ തൃണമൂൽ നീട്ടുന്നതും.

MORE IN INDIA
SHOW MORE
Loading...
Loading...