40 കിലോ സ്വര്‍ണവും 6.5 കോടി രൂപയും മോഷണം പോയി; പരാതിയില്ല; വന്‍ കൊള്ളക്കു പിന്നിൽ

pande
SHARE

ദുരൂഹമായി നോയ്ഡയിലെ ഫ്ളാറ്റിൽ‌ നടന്ന കവർച്ച. സുപ്രീം കോടതി അഭിഭാഷകനെന്ന് അവകാശപ്പെടുന്ന കിസ്ലെ പാണ്ഡെയുടെ വീട്ടിലാണ് കവർച്ച നടന്നത്. 40 കിലോ സ്വര്‍ണവും 6.5 കോടി രൂപയുമാണ് മോഷണം പോയത്. എന്നാൽ ഇതൊന്നും തന്റേതല്ലെന്നാണ് കിസ്ലെ പാണ്ഡെ പറയുന്നത്. ഫ്ളാറ്റിന്റെ ഉടമയും താനല്ലെന്ന് പാണ്ഡെ പറയുന്നു. 

മോഷ്ടാക്കളായ രാജൻ ഭാട്ടി, അരുൺ എന്ന ഛാത്രി എന്നിവർ കഴിഞ്ഞ ദിവസം പൊലീസ് പിടിയിൽ ആയതോടെയാണ്  കഴിഞ്ഞ വർഷം നടന്ന വൻകവർച്ചയെക്കുറിച്ച് പുറംലോകമറിഞ്ഞത്. കവർച്ചാസംഘത്തിൽ നിന്നാണ് ഫ്ളാറ്റിന്റെ ഉടമയിലേക്ക് അന്വേഷണം നീണ്ടത്. കവര്‍ച്ച സംബന്ധിച്ച് ഇതുവരെ പാണ്ഡെയുടെ ഭാഗത്തുനിന്നും പരാതിയൊന്നും ലഭിച്ചിരുന്നില്ല. ഇത്രയധികം സ്വർണവും പണവും മോഷണം പോയെന്ന് പരാതി നൽകിയാൽ ആദായനികുതി വകുപ്പിന്റെ അന്വേഷണം വരുമെന്ന ഭയമാകാം പരാതിയിൽനിന്ന് പിന്തിരിപ്പിച്ചതെന്നായിരുന്നു പോലീസിന്റെ നിഗമനം.

എന്നാല്‍ അന്വേഷണത്തിൽ മറ്റ് ചില കാര്യങ്ങൾ കൂടി വ്യക്തമായി. മറ്റൊരാളുടെ പേരിലാണ് ഇയാൾ ഫ്ളാറ്റ് വാടകയ്ക്ക് എടുത്തിരുന്നത്. കിസ്ലെ പാണ്ഡെക്കെതിരേ ഡൽഹിയിലും മറ്റും വഞ്ചനാക്കുറ്റത്തിന് നിരവധി കേസുകൾ രജിസ്റ്റർ ചെയ്തിട്ടുമുണ്ട്. ഇയാളുടെ നിയമബിരുദം വ്യാജമാണോയെന്നും പോലീസ് സംശയിക്കുന്നു. 

പോലീസിന്റെ ആരോപണങ്ങളെല്ലാം തെറ്റാണെന്ന് കിസ്ലെ പാണ്ഡെ പ്രതികരിച്ചു. പൊതുജനങ്ങളുടെ പണം വിഴുങ്ങിയ അഴിമതിക്കാർ തന്നെ കളങ്കപ്പെടുത്താനായി മനഃപൂർവം നടത്തുന്ന പ്രചരണമാണിതെന്നാണ് പാണ്ഡെ പറയുന്നത്. ഇതിനിടെ ഇയാൾ വിദേശത്തേക്ക് കടന്നെന്നും റിപ്പോർട്ടുകളുണ്ട്.

MORE IN INDIA
SHOW MORE
Loading...
Loading...