വരാന്തയിൽ നിന്നും നായയെ കടിച്ചെടുത്ത് പുള്ളിപ്പുലി; നാട്ടുകാർ ഭീതിയിൽ; വിഡിയോ

leopad-dog
SHARE

സ്വന്തം ആവാസമേഖല വിട്ടിറങ്ങുന്ന വന്യമൃഗങ്ങൾ നാട്ടുകാർക്ക് എന്നും ഭീഷണിയാണ്. മനുഷ്യരേയും വളർത്തു മൃഗങ്ങളേയും ആക്രമിക്കുന്നതു മൂലം രാത്രികാലങ്ങളിൽ ഭീതിയോടെയാണ് പല സ്ഥലങ്ങളിലും ആളുകൾ പുറത്തിറങ്ങുന്നത്. മഹാരാഷ്ട്രയിലെ നാസിക്കിൽ ഭുസേ ഗ്രാമത്തിൽ നാട്ടിലിറങ്ങിയ പുള്ളിപ്പുലി നാട്ടുകാരുടെ ഉറക്കം കെടുത്തുകയാണ്. 

രാത്രിയിൽ വീടിനോടു ചേർന്ന് വരാന്തയിൽ കിടന്നുറങ്ങുകയായിരുന്ന വളർത്തു നായയെ കൂറ്റൻ പുള്ളിപ്പുലി ആക്രമിച്ച് കീഴ്പ്പെടുത്തുന്ന ദൃശ്യം പേടിപ്പെടുത്തുന്നതാണ്. വീട്ടിൽ സ്ഥാപിച്ചിരുന്ന സിസിടിവി ക്യാമറയിൽ പതിഞ്ഞ ദൃശ്യമാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നത്. 

വീടിനോട് ചേർന്ന വിശാലമായ വരാന്തയിലെ ഇരുമ്പഴികള്‍ക്കുള്ളിലൂടെ കടന്നാണ് പുള്ളിപ്പുലി നായയ്ക്കു സമീപമെത്തിയത്. പുലി തൊട്ടടുത്തത്തുന്നവരെയും നായ അറിഞ്ഞിരുന്നില്ല. പുലി ആക്രമിച്ചതോടെ നായ കുതറിമാറാൻ ശ്രമിച്ചെങ്കിലും സെക്കൻഡുകൾക്കുള്ളിൽ അതിനെ കീഴ്പ്പെടുത്തുകയായിരുന്നു. നായയുടെ പിടലിയിൽ പിടുത്തമിട്ട പുലി അതിനെയും കടിച്ചെടുത്ത് നടന്നുനീങ്ങുന്ന ദൃശ്യങ്ങളും സിസിടിവിയിൽ പതിഞ്ഞിട്ടുണ്ട്.

ദൃശ്യങ്ങൾ പുറത്തുവന്നതോടെ പ്രദേശവാസികൾ പരിഭ്രാന്തിയിലാണ്. രാത്രികാലങ്ങളിൽ വളർത്തുമൃഗങ്ങളുടെ കാര്യത്തിൽ പ്രത്യേക ശ്രദ്ധയും കൊടുക്കുന്നുണ്ട്. മുൻപ് പല തവണയും നാസിക്കിന്റെ സമീപപ്രദേശങ്ങളിൽ പുള്ളിപ്പുലികളെ കണ്ടെത്തിയിട്ടുണ്ട്. എന്നാൽ വീട്ടുവളപ്പിനുള്ളിലേക്ക് കടന്നു കയറി അവ ആക്രമിക്കുന്നത് വിരളമാണ്. 

സമൂഹമാധ്യമങ്ങളിലെത്തിയ ദൃശ്യങ്ങൾ ഇതിനോടകം തന്നെ ജനശ്രദ്ധ നേടിക്കഴിഞ്ഞു. പതിനായിരക്കണക്കിന് ആളുകളാണ് ട്വിറ്ററിലൂടെ മാത്രം ദൃശ്യം കണ്ടത്. അതേസമയം മനുഷ്യർ വന്യമൃഗങ്ങളുടെ സ്ഥലം കൈയേറിയതിന്റെ  പരിണിതഫലമാണ് ഇത്തരം സംഭവങ്ങളെന്ന് പലരും അഭിപ്രായപ്പെടുന്നുണ്ട്.

MORE IN INDIA
SHOW MORE
Loading...
Loading...