പൂജാരിയായ അച്ഛനെ കോവിഡ് കവർന്നു; 10 വയസുകാരി മകൾ പൂജാരിയായി

sreedevi-thalangana
SHARE

സ്ത്രീകളെ ക്ഷേത്രങ്ങളില്‍ പൂജാരിമാരായി നിയമിക്കാന്‍ തമിഴ്നാട് സർക്കാർ ഒരുങ്ങുന്നു എന്ന വാർത്ത വലിയ പ്രധാന്യത്തോടെയാണ് രാജ്യം നോക്കിക്കണ്ടത്. അതേസമയം തെലങ്കാനയിൽ പൂജാരിയായിരുന്ന അച്ഛന്റെ മരണത്തിന് ശേഷം അതേ ജോലി ഏറ്റെടുത്ത് കുടുംബം നോക്കുകയാണ് ഒരു പത്തുവയസുകാരി. ക്ഷേത്രത്തിൽ പൂജാരി ആയിരുന്ന അച്ഛൻ കോവിഡ് ബാധിച്ച് മരിച്ചതിനെത്തുടർന്ന് കുടുംബം പട്ടിണിയിലായതോടെ അതേ തൊഴിൽ ഏറ്റെടുത്ത് ശ്രീവിദ്യ രംഗത്തെത്തിയത്. ഇളയ കുട്ടികൾ അടക്കം നാലംഗ കുടുംബത്തിന്റെ ഏക വരുമാനം ശ്രീവിദ്യക്ക് ദക്ഷിണയായി ലഭിക്കുന്ന തുകയാണ്.

തെലങ്കാനയിലെ ബോഗാറാം ഗ്രാമത്തിലുള്ള ഹനുമാൻ ക്ഷേത്രത്തിലെ പൂജാരിയായിരുന്നു ശ്രീവിദ്യയുടെ അച്ഛനായ സന്തോഷ്. കോവിഡ് ബാധിച്ചതോടെ ശ്വാസകോശത്തിന്റെ പ്രവർത്തനം തകരാറിലായതിനെ തുടർന്നാണ് സന്തോഷ് മരിച്ചത്. ഇതോടെ മറ്റു വരുമാനം ഒന്നും ഇല്ലാതിരുന്ന കുടുംബം പട്ടിണിയിലായി. അങ്ങനെ അച്ഛന്റെ തൊഴിൽ ഏറ്റെടുക്കാൻ  വിദ്യാർഥിനിയായ ശ്രീവിദ്യ തീരുമാനിക്കുകയായിരുന്നു.

പാരമ്പര്യമായി ക്ഷേത്രപൂജ നടത്തി വരുന്ന കുടുംബമാണ് ശ്രീവിദ്യയുടേത്. അച്ഛൻ തന്നെയാണ് ശ്രീവിദ്യയെ മന്ത്രങ്ങളും ശ്ലോകങ്ങളുമെല്ലാം പഠിപ്പിച്ചിരുന്നത്. ഇപ്പോൾ  സ്വന്തം ഗ്രാമത്തിലും അയൽ ഗ്രാമങ്ങളിലും എല്ലാം വിവാഹം പോലെയുള്ള ചടങ്ങുകൾക്ക്  ഈ കുരുന്ന്  കാർമികത്വം വഹിക്കുന്നു. അച്ഛന്റെ മരണശേഷം മറ്റാരും  കുടുംബത്തെ സഹായിക്കാൻ എത്താത്തതോടെയാണ്  അതേ തൊഴിൽ ഉപജീവനമാർഗ്ഗമായി സ്വീകരിക്കാൻ തീരുമാനിച്ചത് എന്ന് ശ്രീവിദ്യ പറയുന്നു.

MORE IN INDIA
SHOW MORE
Loading...
Loading...