‘മോദി–ഉദ്ധവ് ചർച്ച’; പിന്നാലെ മോദിയെ വാഴ്ത്തി ശിവസേനാ നേതാവ്; അഭ്യൂഹങ്ങളേറെ

uddav-modi-meeting
SHARE

മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെ നരേന്ദ്ര മോദിയുമായി പ്രത്യേക കൂടിക്കാഴ്ച നടത്തിയതിനെചൊല്ലി അഭ്യൂഹം പരക്കുന്നതിനിടെ വിശദീകരണവുമായി ശിവസേന എംപി സഞ്ജയ് റാവുത്ത്. മോദി രാജ്യത്തെയും അദ്ദേഹത്തിന്റെ പാർട്ടിയുടെയും ഉന്നത നേതാവാണ് എന്നായിരുന്നു റാവുത്തിന്റെ പ്രതികരണം.

‘ഇതേപ്പറ്റി അഭിപ്രായം പറയാൻ ഞാൻ ആഗ്രഹിക്കുന്നില്ല. മാധ്യമ റിപ്പോർട്ടുകൾക്കു പിന്നാലെയും പോകുന്നില്ല. വിഷയത്തിൽ ഔദ്യോഗിക പ്രസ്താവനകളൊന്നുമില്ല. കഴിഞ്ഞ ഏഴു വർഷത്തെ കേന്ദ്ര ഭരണത്തിനും വിജയത്തിനും ബിജെപി നരേന്ദ്ര മോദിയോട് കടപ്പെട്ടിരിക്കുന്നു. നിലവിൽ രാജ്യത്തെയും ബിജെപിയിലെയും ഉന്നത നേതാവാണു മോദി’– റാവുത്ത് പറഞ്ഞു.

മഹാരാഷ്ട്രയുമായി ബന്ധപ്പെട്ട വിവിധ പദ്ധതികളിലും വിഷയങ്ങളിലും കേന്ദ്രസഹായം തേടിയാണു പ്രതിനിധിസംഘം മോദിയെ കണ്ടത്. ഉപമുഖ്യമന്ത്രിയും എൻസിപി നേതാവുമായ അജിത് പവാർ, കോൺഗ്രസ് നേതാവും മന്ത്രിയുമായ അശോക് ചവാൻ എന്നിവർക്കൊപ്പമായിരുന്നു ഔദ്യോഗിക കൂടിക്കാഴ്ച. അതിനുശേഷം, സംഘത്തിലെ മറ്റുള്ളവരെ ഒഴിവാക്കി മോദിയും ഉദ്ധവും മാത്രമായി നടന്ന ചർച്ചയാണ് അഭ്യൂഹങ്ങൾക്കു തിരി കൊളുത്തിയത്. 

2024ലെ ദേശീയ തിരഞ്ഞെടുപ്പിനു മുന്നോടിയായി ഉത്തർപ്രദേശിൽ അടക്കം നിയമസഭാ തിരഞ്ഞെടുപ്പ് ജയിക്കാനുള്ള ഒരുക്കങ്ങളിലാണു ബിജെപി. പ്രധാനമന്ത്രി മോദി പ്രചാരണത്തിനു പോകരുതെന്ന നിർദേശവും റാവുത്ത് മുന്നോട്ടുവച്ചു. ‘പ്രധാനമന്ത്രി രാജ്യത്തിന്റേതാണ്, ഒരു പാർട്ടിയുടേതല്ല. അതിനാൽ പ്രധാനമന്ത്രി തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ ഏർപ്പെടരുത്. ഇതാണു ശിവസേനയുടെ നിലപാട്’– റാവുത്ത് വ്യക്തമാക്കി.

MORE IN INDIA
SHOW MORE
Loading...
Loading...