കോവിഡ്; ആരും അടുത്തില്ല; ഭർത്താവിന്റെ അച്ഛനെ തോളിലേറ്റി യുവതി നടന്നു

assam-lady
SHARE

കോവിഡ് ബാധിച്ച ഭർത്താവിന്റെ പിതാവിനെ തോളിലേറ്റി യുവതി ആശുപത്രികൾ കയറിയിറങ്ങി. അസമിൽ നിന്നാണ് ഈ നോവ് കാഴ്ച. കോവിഡ് ആണെന്ന് അറിഞ്ഞതോടെയാണ് സഹായിക്കാൻ ആരും എത്താതിരുന്നത്. ഇതോടെ നിഹാരിക എന്ന യുവതി 75 കാരനായ ഭർതൃപിതാവിനെ  ചുമലിലേറ്റി ആശുപത്രിയിലേക്ക് നടന്നു. 

നിഹാരികയുടെ ഭർതൃപിതാവായ തുലേശ്വർ ദാസിന് കോവിഡ് ബാധയെ തുടർന്ന് ആരോഗ്യസ്ഥിതി വഷളാവുകയായിരുന്നു. ഭർത്താവ് സൂരജ് ഇതേസമയം ജോലിസംബന്ധമായി സിലിഗുരിയിൽ ആയിരുന്നതിനാലാണ് തുലേശ്വർ ദാസിന്റെ പരിചരണം നിഹാരിക ഏറ്റെടുത്തത്. ഭർതൃപിതാവ് എഴുന്നേറ്റു നിൽക്കാൻ പോലുമാവാത്ത അവസ്ഥയിലാകുന്നത്  കണ്ടതോടെ രണ്ടു കിലോമീറ്റർ അകലെയുള്ള പ്രാഥമികാരോഗ്യ കേന്ദ്രത്തിലേക്കു കൊണ്ടുപോകാൻ നിഹാരിക  ഓട്ടോറിക്ഷ വിളിച്ചിരുന്നു. എന്നാൽ ഇവരുടെ വീടിനടുത്തേക്ക്  വാഹനം എത്താനുള്ള സൗകര്യങ്ങളില്ലാത്തതിനാൽ   ഭർതൃപിതാവിനെ ചുമലിലെടുത്താണ് ഓട്ടോയിലേക്ക് എത്തിച്ചത്. 

പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൽ നിന്നും കോവിഡ് ആശുപത്രിയിലേക്ക് മാറ്റാനുള്ള നിർദ്ദേശം ലഭിച്ചു. എന്നാൽ അവിടെ ആംബുലൻസോ സ്ട്രെച്ചറോ ലഭ്യമല്ലാതിരുന്നതിനാൽ  വീണ്ടും സ്വകാര്യ വാഹനം വിളിച്ചുവരുത്തി അതിലേക്കും തുലേശ്വറിനെ ചുമലിലേറ്റി എത്തിക്കുകയായിരുന്നു.

ഈ കാഴ്ചകൾ കണ്ടു നിന്നവരാണ് ചിത്രങ്ങൾ പകർത്തിയത്. എന്നിട്ടും കോവിഡ് ഭയന്ന് ആരും അടുത്തുവരികയോ സഹായിക്കുകയോ ചെയ്തില്ല എന്ന് നിഹാരിക പറയുന്നു. അബോധാവസ്ഥയിലായ പിതാവിനെ തനിച്ചയക്കാൻ  കഴിയാത്തതിനാൽ നിഹാരികയ്ക്കും ഒപ്പം പോകേണ്ടിവന്നു. എന്നാൽ അവിടം കൊണ്ടും തീർന്നില്ല. കോവിഡ് ആശുപത്രിയിൽ നിന്നും ഇവരെ നാഗോൺ സിവിൽ ആശുപത്രിയിലേക്ക് അയച്ചു.  ഹോസ്പിറ്റലിലെ പടവുകളടക്കം തുലേശ്വറിനെ ചുമലിലേറ്റിയാണ് നിഹാരിക നടന്നുകയറിയത്. 

ഭർതൃപിതാവിന്റെ ജീവൻ രക്ഷിക്കാൻ ഇത്രയധികം ശ്രമങ്ങൾ നിഹാരിക നടത്തിയെങ്കിലും കഴിഞ്ഞദിവസം ചികിത്സയിലിരിക്കെ അദ്ദേഹം മരണപ്പെട്ടു. നിലവിൽ നിഹാരികയും കോവിഡ് പോസിറ്റീവാണ്. അന്നേ ദിവസം ചുരുങ്ങിയത് രണ്ട് കിലോമീറ്ററെങ്കിലും താൻ പിതാവിനെയും എടുത്തുകൊണ്ട്   നടന്നുകാണുമെന്ന് നിഹാരിക പറയുന്നു. 

MORE IN INDIA
SHOW MORE
Loading...
Loading...