‘നാലു മാസമെടുത്തൂ ഞങ്ങളെ കേൾക്കാൻ; ഒട്ടേറെ ജീവൻ നഷ്ടം’; മോദിയെ കുറിച്ച് മമത

modi-mamtha-vaccine
SHARE

18 വയസിനു മുകളില്‍ പ്രായമുള്ളവര്‍ക്കു സൗജന്യമായി വാക്‌സീന്‍ നല്‍കാനുള്ള തീരുമാനം എടുക്കാന്‍ പ്രധാനമന്ത്രി വൈകിയത് നിരവധി പേരുടെ ജീവന്‍ നഷ്ടപ്പെടാന്‍ കാരണമായെന്ന് ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി. വാക്‌സീന്‍ സൗജന്യമായി നല്‍കുമെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രഖ്യാപനത്തോടു പ്രതികരിക്കുകയായിരുന്നു മമത.

ഈ തീരുമാനം മുമ്പേ എടുക്കേണ്ടതായിരുന്നുവെന്നു മമത പറഞ്ഞു. 'സംസ്ഥാനങ്ങളുടെ പരാതി കേള്‍ക്കാന്‍ പ്രധാനമന്ത്രിക്കു നാലു മാസം വേണ്ടിവന്നു. വാക്‌സീന്‍ സൗജന്യമായി നല്‍കണമെന്ന് ആവശ്യപ്പെട്ട് 2021 ഫെബ്രുവരി മുതല്‍ നിരവധി തവണ പ്രധാനമന്ത്രിക്കു കത്തയച്ചിരുന്നു. കടുത്ത സമ്മര്‍ദങ്ങള്‍ നേരിട്ടതിനെ തുടര്‍ന്നു നാലു മാസത്തിനു ശേഷമാണ് തീരുമാനമുണ്ടാകുന്നത്. ഏറെ നാളായി ഞങ്ങള്‍ ആവശ്യപ്പെടുന്നത് കേള്‍ക്കാനും നടപ്പാക്കാനും ഒടുവില്‍ അദ്ദേഹം തയാറായി.' മമത ട്വീറ്റ് ചെയ്തു. 

മഹാമാരിയുടെ തുടക്കം മുതല്‍ തന്നെ രാജ്യത്തെ ജനങ്ങളുടെ സുരക്ഷിതത്വത്തിനും ക്ഷേമത്തിനുമാണു മുന്‍ഗണന നല്‍കേണ്ടിയിരുന്നത്. പ്രധാനമന്ത്രി വൈകി തീരുമാനമെടുത്തതു മൂലം നിരവധി ജീവനുകള്‍ നഷ്ടമായിക്കഴിഞ്ഞു. ഇനിയെങ്കിലും പ്രചാരണത്തിലൂന്നിയല്ലാതെ ജനങ്ങളില്‍ ഊന്നി വാക്‌സീന്‍ ദൗത്യം ഉണ്ടാകുമെന്നു പ്രതീക്ഷിക്കാം. മമത പറഞ്ഞു. 18 വയസിനു മുകളിലുള്ളവര്‍ക്കായി ജൂണ്‍ 21 മുതല്‍ സംസ്ഥാനങ്ങള്‍ക്കു സൗജന്യമായി വാക്‌സീന്‍ നല്‍കുമെന്ന് തിങ്കളാഴ്ച പ്രധാനമന്ത്രി പ്രഖ്യാപിച്ചിരുന്നു.

MORE IN INDIA
SHOW MORE
Loading...
Loading...