പിടിവാശി ഉപേക്ഷിച്ച് ബിജെപി; പുതുച്ചേരിയിൽ പ്രതിസന്ധി അയഞ്ഞു

puduchery-08
SHARE

ബിജെപി പിടിവാശി ഉപേക്ഷിക്കാന്‍ തയാറായതോടെ  പുതുച്ചേരിയില്‍ സര്‍ക്കാര്‍ രൂപീകരണത്തിലെ പ്രതിസന്ധി ഒഴിയുന്നു. മന്ത്രിമാരുടെ വകുപ്പുകളില്‍ തീരുമാനമെടുക്കുന്നതിന് മുഖ്യമന്ത്രി എന്‍.രംഗസാമിയെ ബി.ജെ.പി കേന്ദ്ര നേതൃത്വം  ചുമതലപ്പെടുത്തി. ഇതോടെ ഈ ആഴ്ച അവസാനത്തോടെ സ്പീക്കര്‍ തിരഞ്ഞെടുപ്പും തൊട്ടുപിറകെ മന്ത്രിസഭാ രൂപീകരണവുമുണ്ടാകും.

മുഖ്യമന്ത്രി എന്‍.രംഗസാമി കടുംപിടിത്തം തുടര്‍ന്നതോടെ  ബിജെപി പിറകോട്ടുപോയി.എന്‍.ആര്‍.കോണ്‍ഗ്രസിന്റെയും മുഖ്യമന്ത്രി എന്‍.രംഗസാമിയുടെയും ആവശ്യങ്ങള്‍ പരിഗണിച്ചു മുന്നോട്ടുപോകാന്‍ ബി.ജെ.പി കേന്ദ്ര നേതൃത്വം നിര്‍ദേശം നല്‍കി.മന്ത്രിമാരുടെ വകുപ്പുകളില്‍ തീരുമാനമെടുക്കുന്നതു രംഗസാമിക്കു വിട്ടുനല്‍കി.എൻ.നമശിവായവും ജോൺ കുമാറുമാണു തങ്ങളുടെ  മന്ത്രിമാരെന്ന് ബി.ജെ.പി എന്‍.ആര്‍. കോണ്‍ഗ്രസിനെ അറിയിച്ചു.

കേന്ദ്രസർക്കാർ നാമനിർദേശം ചെയ്ത 3 അംഗങ്ങൾ ഉൾപ്പെടെ 33 എം.എൽ.എമാരാണു സഭയിലുള്ളത്.തുടക്കത്തില്‍ മുഖ്യമന്ത്രി പദവി ഒഴികെയുള്ള മുഴുവന്‍ മന്ത്രിസ്ഥാനങ്ങളും ഉപമുഖ്യമന്ത്രി സ്ഥാനവുമായിരുന്നു ബി.ജെ.പി ആവശ്യപ്പെട്ടത്.ഒടുവില്‍ രണ്ടു മന്ത്രിസ്ഥാനവും സ്പീക്കര്‍ പദവിയുമെന്ന സമവായത്തിലെത്തി.എന്നാല്‍ പൊതുമരാമത്ത്,തദ്ദേശ ഭരണം,ധനം വകുപ്പുകളില്‍ രണ്ടെണ്ണം വേണമെന്ന് അമിത് ഷാ ദൂതന്‍ വഴി അറിയിച്ചതോടെ രംഗസാമി ഇടഞ്ഞു. ഇതോടെ മുഖ്യമന്ത്രി അധികാരമേറ്റു ഒരുമാസം തികഞ്ഞിട്ടും മന്ത്രിസഭ രൂപീകരണം നടന്നില്ല.കോവിഡ് വ്യാപനം അതിരൂക്ഷമായി തുടരുമ്പോഴും സര്‍ക്കാര്‍ ഇല്ലാത്തിനാല്‍ നയപരമായ തീരുമാനങ്ങളെടുക്കാന്‍  ഉദ്യോഗസ്ഥര്‍ക്കും കഴിയാതെ ഭരണ പ്രതിസന്ധിയുണ്ടായി.മന്ത്രിമാർ ആരൊക്കെയെന്നതും വകുപ്പുകളും സംബന്ധിച്ച് രംഗസ്വാമി തീരുമാനം എടുത്തു കഴിഞ്ഞെന്നാണു അടുപ്പക്കാര്‍ പറയുന്നത്. ലെഫ്റ്റനന്റ് ഗവർണർ തമിഴിസൈ സൗന്ദർരാജൻ നിലവിൽ ഹൈദരാബാദിലാണുള്ളത്. ഇവർ തിരിച്ചെത്തിയ ശേഷം എന്നു സര്‍ക്കാര്‍ അധികാരമേല്‍ക്കുമെന്നതു സംബന്ധിച്ച് അന്തിമ തീരുമാനമുണ്ടാകുക.

MORE IN INDIA
SHOW MORE
Loading...
Loading...