മന്ത്രിസഭ രൂപീകരണമായില്ല; പുതുച്ചേരിയില്‍ കടുത്ത ഭരണ പ്രതിസന്ധി

pondiwb
SHARE

മുഖ്യമന്ത്രി അധികാരമേറ്റ് ഒരുമാസമായിട്ടും മന്ത്രിസഭ രൂപീകരിക്കാത്തതിനെ തുടര്‍ന്നു പുതുച്ചേരിയില്‍ കടുത്ത ഭരണപ്രതിസന്ധി.പദവികള്‍ പങ്കുവയ്ക്കുന്നതിനെ ചൊല്ലി എന്‍.ആര്‍.കോണ്‍ഗ്രസും ബി.ജെ.പിയും തമ്മില്‍ നിലനില്‍ക്കുന്ന തര്‍ക്കങ്ങളാണു പ്രതിസന്ധിക്കു കാരണം.

പ്രശ്ന പരിഹാരത്തിനായി അമിത് ഷാ നേരിട്ട് ഇടപെടുമെന്നാണു ബി.ജെ.പി.നേതാക്കള്‍ ഇപ്പോള്‍ പറയുന്നത്കഴിഞ്ഞ മാസം ഏഴിനാണു രംഗസാമി മുഖ്യമന്ത്രിയായി സത്യവാചകം ചൊല്ലി അധികാരമേറ്റത്.എന്‍.ഡി.എ സഖ്യത്തില്‍ തുടക്കം മുതല്‍ നിലനില്‍ക്കുന്ന കല്ലുകടികള്‍ ബാക്കിനില്‍ക്കെയായിരുന്നു അധികാരമേല്‍ക്കല്‍.തൊട്ടുപിറകെ കോവിഡ് ബാധിതനായി ചെന്നൈയിലേക്കു പോയ രംഗസാമി തിരികെയെത്തിയിട്ടു രണ്ടാഴ്ചയിലധികമായി.ഇതിനിടയ്ക്കു സഖ്യസക്ഷിയായ എന്‍.ആര്‍.കോണ്‍ഗ്രസുമായി ആലോചിക്കാതെ കേന്ദ്ര സര്‍ക്കാര്‍ മൂന്നു ബി.ജെ.പി.നേതാക്കളെ സഭയിലേക്കു നാമനിര്‍ദേശം ചെയ്തു.ഒപ്പം ഒരു സ്വതന്ത്രനെ ചാക്കിട്ടുപിടിച്ചു.ഇതോടെ ഇരുപാര്‍ട്ടികള്‍ക്കും പത്തംഗങ്ങളായി സഭയില്‍.കൂടുതല്‍ സ്വതന്ത്രര്‍ ബി.ജെ.പിയോട് അടുക്കുന്നുവെന്ന സൂചനകള്‍ പുറത്തുവന്നതോടെ രംഗസാമി അപകടം മണത്തു.പിന്നീടു നടന്ന മാരത്തണ്‍  ചര്‍ച്ചകള്‍ക്കൊടുവില്‍ സ്പീക്കര്‍ പദവിയും രണ്ടു മന്ത്രിസ്ഥാനവും വിട്ടുനല്‍കാന്‍ രംഗസാമിതയാറായി.

ധനം,പൊതുമരാമത്ത്,തദ്ദേശ ഭരണ വകുപ്പുകളില്‍ രണ്ടെണ്ണം വേണമെന്ന് അമിത് ഷാ ദൂതന്‍ മുഖേന അറിയിച്ചതോടെ പ്രതിസന്ധി രൂക്ഷമായി.മന്ത്രിമാരുടെ വകുപ്പുകള്‍ തീരുമാനിക്കുന്നതു മുഖ്യമന്ത്രിയാണന്നു ഷായുടെ ദൂതുമായെത്തിയ ബി.ജെ.പി.ദേശീയ വക്താവ് രാജീവ് ചന്ദ്രശേഖറിനോടു രംഗസാമി തുറന്നടിച്ചു.ഇതോടെ നാളെ നടക്കേണ്ടിയിരുന്ന സ്പീക്കര്‍ തിരഞ്ഞെടുപ്പ് മുടങ്ങി.എന്നു മന്ത്രിസഭ അധികാരമേല്‍ക്കുമെന്ന് ഇരുപാര്‍ട്ടികള്‍ക്കും വ്യക്തതയില്ല.മുഖ്യമന്ത്രി അടക്കം ആറംഗ മന്ത്രിസഭയാണു പുതുച്ചേരിയിലേത്.ഇതില്‍ പ്രധാന വകുപ്പുകളും സ്പീക്കര്‍ സ്ഥാനവും വിട്ടുനല്‍കിയാല്‍ ഭാവിയില്‍ സര്‍ക്കാരിനെ ബി.ജെ.പി തന്നെ അട്ടിമറിച്ചേക്കാമെന്നാണു എന്‍.ആര്‍.കോണ്‍ഗ്രസിന്റെ പേടി.

കോവിഡ് പടര്‍ന്നുപിടിക്കുമ്പോഴും സര്‍ക്കാരില്ലാത്തിനാല്‍നയപരമായതീരുമാനമെടുക്കാനാവുന്നില്ല.ദുരിതാശ്വാസമായി റേഷന്‍ കാര്‍ഡ് ഉടമകള്‍ക്കു മൂവായിരം രൂപ വീതം നല്‍കാനുള്ള മുഖ്യമന്ത്രിയുടെ തീരുമാനം ലഫ്റ്റനന്റ് ഗവര്‍ണര്‍ ശരിവച്ചിട്ടും ഉദ്യോഗസ്ഥര്‍ തള്ളിയത് പ്രതിസന്ധിയുടെ ആഴം വ്യക്തമാക്കുന്നുണ്ട്.

MORE IN INDIA
SHOW MORE
Loading...
Loading...