കശ്മീരിൽ വൻസേനാ വിന്യാസം: വലുതെന്തോ സംഭവിക്കും?; പേടിക്കേണ്ടെന്ന് അധികൃതർ

kashmir-army-again
SHARE

വടക്കൻ കശ്മീരിലും ജമ്മുവിനു സമീപവും വൻ സേനയെ വിന്യസിച്ചതോടെ മേഖലയിൽ വീണ്ടും ആശങ്ക. 2019 ഓഗസ്റ്റിൽ ജമ്മു കശ്മീരിന്റെ പ്രത്യേക പദവി എടുത്തുകളയുകയും 2 കേന്ദ്ര ഭരണ പ്രദേശങ്ങളായി വിഭജിക്കുകയും ചെയ്തതിനുശേഷം നടത്തിയ ഏറ്റവും വലിയ സൈനിക വിന്യാസമാണു മേഖലയിൽ പരിഭ്രാന്തി പരത്തുന്നത്. എന്നാൽ ഇതിനെക്കുറിച്ച് ആശങ്ക വേണ്ടെന്നും വലുതെന്തോ സംഭവിക്കാൻ പോകുന്നു എന്ന മട്ടിലുള്ള പ്രചാരണങ്ങളിൽ അടിസ്ഥാനമില്ലെന്നും അധികൃതർ അറിയിച്ചു. ‘പശ്ചിമ ബംഗാളിലും മറ്റു സംസ്ഥാനങ്ങളിലും തിരഞ്ഞെടുപ്പ് ജോലികൾക്കായി പോയവർ കേന്ദ്ര ഭരണ പ്രദേശത്ത് മടങ്ങിയെത്തുകയാണ് ഇപ്പോൾ ഉണ്ടായിരിക്കുന്നത്, മറ്റൊന്നുമല്ല’ പൊലീസ് ഇൻസ്പെക്ടർ ജനറൽ വിജയ് കുമാർ പറ‍ഞ്ഞു.

അതേസമയം വൻസേനയെ വിന്യസിച്ചാൽ എങ്ങനെ ആശങ്കപ്പെടാതിരിക്കും എന്നാണു പ്രാദേശിക നേതാക്കൾ ചോദിക്കുന്നത്. സംസ്ഥാനത്തിന്റെ പ്രത്യേക പദവി എടുത്തുകളഞ്ഞതിനു പിന്നാലെ ചില നേതാക്കളെ കരുതൽ തടങ്കലിലാക്കിയിരുന്നു. ഇതു വീണ്ടും ആവർത്തിക്കുമോ എന്നും നേതാക്കൾക്ക് ആശങ്കയുണ്ട്.

ജമ്മുവിൽനിന്നും കശ്മീരിൽനിന്നുമായി വിവിധ സേനാവിഭാഗങ്ങളിൽപ്പെട്ട 200 കമ്പനി സംഘത്തെ മറ്റു സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പു ജോലികൾക്കായി അയച്ചിരുന്നു എന്നാണ് അധികൃതർ പറയുന്നത്. കഴിഞ്ഞ മാസം 50 സംഘം തിരിച്ചെത്തി. മറ്റുള്ളവരാണ് ഇപ്പോൾ എത്തിക്കൊണ്ടിരിക്കുന്നത്. അവരെ തിരികെ വിന്യസിക്കുക മാത്രമാണു ചെയ്തതെന്നും അധികൃതർ അറിയിച്ചു.

2019ൽ കശ്മീരിന്റെ പ്രത്യേക പദവി എടുത്തു കളയുന്നതായുള്ള പ്രഖ്യാപനത്തിനു മുന്നോടിയായി വിവിധ സേനാവിഭാഗങ്ങളുടെ 800 സംഘങ്ങളെ കശ്മീർ താഴ്‌വരയിൽ അധികമായി വിന്യസിച്ചിരുന്നു. കഴിഞ്ഞ വർഷം പൗരത്വ നിയമ ഭേദഗതി ബില്ലിനെതിരെ പ്രതിഷേധം ഉയർന്നപ്പോൾ കശ്മീരിൽനിന്നു സേനാ വിഭാഗങ്ങളുടെ 100 സംഘത്തെ രാജ്യത്തിന്റെ മറ്റു പല ഭാഗങ്ങളിലേക്കും അയച്ചിരുന്നു.

MORE IN INDIA
SHOW MORE
Loading...
Loading...