പ്രധാനമന്ത്രിയും സുപ്രീംകോടതിയും വാഴ്ത്തിയ 'മുംബൈ മോഡൽ'; പ്രതിരോധവഴി

mumbai
SHARE

രാജ്യത്തിന്റെ സാമ്പത്തികതലസ്ഥാനം... ഒരു വശത്ത് ധാരാവി പോലുള്ള വലിയ ചേരികളുടെയും മറുവശത്ത് ആഢംബര ഷോപ്പിങ്ങ് മാളുകളുടെയും അംബരചുംബികളായ കെട്ടിടങ്ങളുടെയും നഗരം. പൈതൃകസ്മാരകങ്ങളുടെയും ബീച്ചുകളുടെയും പട്ടണം, ലോകത്തിലെ ഏറ്റവും ജനസാന്ദ്രതയുള്ള രണ്ടാമത്തെ നഗരം. പണക്കാരനെയും തെരുവില്‍ അന്തിയുറങ്ങുന്ന പാവപ്പെട്ടനെയും ഒരുപോലെ കാണാനാകുന്ന, ജീവിതത്തിന്റെ വേഗതയും പങ്കപ്പാടുകളുമെല്ലാമടങ്ങിയ മഹാനഗരം.. വിശേഷണങ്ങൾ നിരവധിയുണ്ട് മഹാരാഷ്ട്രയുടെ തലസ്ഥാനമായ മുംബൈക്ക്, അഥവാ പഴയ ആ ബോംബെയ്ക്ക്...

ഇന്ന് മുംബൈ ആഗോളശ്രദ്ധ നേടുന്നത് മറ്റൊരു കാര്യത്തിനാണ്. കൃത്യമായ ആസൂത്രണത്തിലൂടെയും പഴുതടച്ച കോവിഡ് പ്രതിരോധപ്രവര്‍ത്തനങ്ങളിലൂടെയും രാജ്യത്തിനു തന്നെ മാതൃകയാകുകയാണ് മുംബൈ. അന്താരാഷ്ട്ര മാധ്യമങ്ങളുടെവരെ പ്രശംസയേറ്റുവാങ്ങിയ മാതൃകാതലസ്ഥാനമായി മാറി ഈ നഗരം.

2020 ഏപ്രിലിൽ ധാരാവിയിൽ ആദ്യ കോവിഡ് കേസ് റിപ്പോർട്ട് ചെയ്യപ്പെട്ടപ്പോൾ തന്നെ മുംബൈ ഭയന്നു. ഏഷ്യയിലെ തന്നെ ഏറ്റവും വലിയ കോളനി. ആളുകള്‍ തിങ്ങിപ്പാർക്കുന്ന, ഭൂരിഭാഗം ആളുകളും കമ്യൂണിറ്റി ടോയ്‍ലറ്റുകളെ ആശ്രയിക്കുന്ന ധാരാവിയിൽ മഹാമാരിയെ പിടിച്ചുകെട്ടുക എന്നത് വലിയ വെല്ലുവിളിയായിരുന്നു. കേസുകൾ കൂടിത്തന്നെ വന്നു. പേടിപ്പെടുത്തുന്നതായിരുന്നു മുംബൈയുടെ കോവിഡ് ഗ്രാഫ്. പക്ഷേ ഇന്ന് മുംബൈ മോഡൽ പിന്തുടരൂ എന്ന് സുപ്രീംകോടതിയും പ്രധാനമന്ത്രിയും നിർദേശിക്കുന്ന സ്ഥിതിയിലെത്തി കാര്യങ്ങൾ. 

ബിഹാൻ മുംബൈ കോര്‍പ്പറേഷനും ഉദ്യോഗസ്ഥരും പൊലീസുമെല്ലാം അരയും തലയും മുറുക്കി രംഗത്തിറങ്ങി. സോണുകൾ തിരിച്ചു, വീട്ടുപടിക്കലെത്തി പരിശോധനകള്‍ നടത്തി. മൊബൈൽ വാനുകളിറക്കി. ഗുരുതര രോഗികളെ ശുശ്രൂഷിക്കാൻ പ്രത്യേകം ക്ലിനിക്കുകൾ രൂപീകരിച്ചു. സ്വകാര്യ ക്ലിനിക്കുകൾ കോവിഡ്​ ആശുപത്രിയാക്കി മാറ്റുകയും കിടക്കകൾ ഒരുക്കുകയും ചെയ്​തു.സംശയം തോന്നുന്നവരെ ക്വാറന്‍റീൻ കേന്ദ്രങ്ങളിലാക്കി. സമൂഹ അടുക്കള വഴി മൂന്നുനേരം ഭക്ഷണം ഉറപ്പാക്കി. ഒരാളും പുറത്തിറങ്ങുന്നില്ലെന്ന് ഉറപ്പാക്കാൻ ധാരാവിയുടെ ആകാശത്ത് ഡ്രോണുകൾ സദാ വട്ടമിട്ടു പറന്നു. ബിഎംസി അധികാരികളും ഉദ്യോഗസ്ഥരും പൊലീസും ആരോഗ്യപ്രവർത്തകരും എല്ലാവരും ടെസ്റ്റ് ചെയ്തു. ധാരാവിയുടെ ഓരോ മുക്കും മൂലയും വൃത്തിയാക്കി. പൊതുസ്ഥലത്ത് തുപ്പുന്നവരെയോ മലമൂത്രവിസർജനം നടത്തുന്നവരെയോ അപൂർവമായേ ഇന്ന് ധാരാവിയിൽ കാണാനാകൂ. അത്രക്ക് അടുക്കും ചിട്ടയുമുള്ള, വൃത്തിയുള്ള ധാരാവിയെ മുംബൈ ആദ്യമായി കണ്ടു. 

ധാരാവിയില്‍ മാത്രമല്ല, ‘ചേസ് ദ് വൈറസ്’ എന്ന ഓപ്പറേഷനുമായി ബിഎംസി ഉദ്യോഗസ്ഥർ നഗരത്തിലെ വീടുതോറും കയറിയിറങ്ങി. പ്രതിരോധ ക്യാംപെയ്നില്‍ ശ്രദ്ധേയമായ മറ്റൊരു മുദ്രാവാക്യം കൂടി ഉണ്ടായിരുന്നു. 'എന്റെ കുടുംബം എന്റെ ഉത്തരവാദിത്തം' എന്നത്. കോവിഡ് നേരിടുന്നതിൽ കുടുംബത്തിന്റെ പങ്ക് മുന്നോട്ടു വെച്ച ചിന്ത. ആ ചിന്തയുടെ തുടക്കം തന്നെ മുഖ്യമന്ത്രി ഉദ്ധവ് താക്കറെയുടെ കുടുംബത്തിൽ നിന്നായിരുന്നു. മകനും ടൂറിസം–പരിസ്ഥിതി മന്ത്രിയുമായ ആദിത്യ താക്കറെ മുന്നോട്ടുവെച്ച ആശയം. 

കോവിഡ് ബാധിതർക്ക് ആശുപത്രി കിടക്കകൾ അനുവദിക്കുന്നതിനു ചുമതലപ്പെട്ട വാർ റൂമുകളും ജംബോ കോവിഡ് സെന്ററുകളും  നിലനിർത്തുന്നതിനുള്ള തീരുമാനം കോവിഡ് രണ്ടാം തരംഗത്തെ നേരിടുന്നതിൽ നഗരത്തെ സഹായിച്ചുവെന്ന് വിലയിരുത്തൽ. രണ്ടാം തരംഗം ആരംഭിച്ചപ്പോൾ തന്നെ ബിഎംസി കോൺടാക്റ്റ് ട്രെയ്സിങ്, ചികിത്സ എന്നിവയിൽ ശ്രദ്ധ കേന്ദ്രീകരിച്ചു. ആദ്യ തരംഗത്തിൽ ഏർപ്പെടുത്തിയ അടിസ്ഥാന സൗകര്യങ്ങൾ നിലനിർത്തുകയും ചെയ്തു.

മെയ് 1 മുതൽ മുംബൈയിൽ പ്രതിദിനം 4,000 കേസുകളിലുള്ള കുറവാണ് റിപ്പോർട്ട് ചെയ്യുന്നത്. ഏപ്രിൽ ആദ്യ വാരത്തിൽ പ്രതിദിനം ശരാശരി 8,500 കേസുകൾ റിപ്പോർട്ട് ചെയ്ത സ്ഥാനത്താണിത്. നിലവിൽ നഗരത്തിൽ ആശുപത്രി കിടക്കകൾക്കും ഓക്‌സിജനും ക്ഷാമമില്ലെന്ന് ബിഎംസി അധികൃതർ അവകാശപ്പെടുന്നു.

മൂന്നാം വ്യാപനത്തെ പ്രതിരോധിക്കാനുള്ള തയാറെടുപ്പുകളും ആദിത്യ താക്കറെയുടെ നേതൃത്വത്തിൽ ആരംഭിച്ചുകഴിഞ്ഞു. മൂന്നാം തരംഗം കുട്ടികളെയായിരിക്കും കൂടുതൽ ബാധിക്കുക എന്ന മുന്നറിയിപ്പുണ്ട്. അതുകൊണ്ടുതന്നെ കുട്ടികൾക്കായും ജംബോ കോവിഡ് സെന്ററുകൾ തുടങ്ങാനാണ് നിർദേശം. അമ്മമാരെക്കൂടി ഒപ്പം നിർത്താവുന്ന ചികിത്സാ കേന്ദ്രങ്ങൾക്കും തുടങ്ങാനും പദ്ധതിയുണ്ട്. 

വ്യവസായി ആനന്ദ് മഹീന്ദ്ര, നീതി ആയോഗി സിഇഒ അമിതാഭ് കാന്ത് അങ്ങനെ മുംബൈ മോഡലിലെ പ്രശംസിച്ചവർ വേറെയുമുണ്ട്. മുംബൈ മാതൃക ന്യൂഡൽഹി പോലെ രാജ്യത്തിന്റെ മറ്റു ഭാഗങ്ങളിലും സ്വീകരിക്കാമെന്ന് സുപ്രീംകോടതിയും നിരീക്ഷിക്കുന്നു.  കോവിഡ് പ്രതിരോധത്തിൽ മുംബൈ മികച്ച മാതൃയാണെന്ന് ലോകാരോഗ്യ സംഘടന തലവൻ ട്രെഡോസ്​ അദാനോമും പറഞ്ഞു. 

അതെ, മുംബൈ ഒരു മാതൃക തന്നെയാണ്.. ആ നേട്ടം കൈവരിക്കാൻ ഭരണകൂടവും ആരോഗ്യ പ്രവർത്തകരും ജനങ്ങളും ഒറ്റക്കെട്ടായി നടത്തിയ പ്രവർത്തനങ്ങൾ അഭിനന്ദനാർഹവുമാണ്.

MORE IN INDIA
SHOW MORE
Loading...
Loading...