പൊളിറ്റിക്കല്‍ ബോക്സോഫീസില്‍ കമല്‍ ഫ്ലോപ്പായോ ?സംഭവിച്ചതെന്ത്? ഭാവി?

kamal-video
SHARE

തമിഴ് രാഷ്ട്രീയത്തെ കുറിച്ചു പറയുമ്പോള്‍ ആദ്യം എല്ലാവരുടെയും ഓര്‍മ്മയിലേക്കു വരുന്നത് സിനിമയാണ്. വെള്ളിത്തിരയിൽ നിന്നിറങ്ങി രാഷ്ട്രീയത്തിൽ വെന്നിക്കൊടി പായിച്ചവരുടെ പട്ടികയിൽ കരുണാനിധി മുതൽ ജയലളിതവരെയുണ്ട്. എന്നാൽ, ആ പ്രലോഭനച്ചുഴിയിൽ വീണു പോയവരുമുണ്ട്. നടികർ തിലകം ശിവാജി ഗണേശൻ മുതൽ പുരട്ച്ചി ക്യാപ്റ്റന്‍ വിജയകാന്ത് വരെ ആ പട്ടികയിലുണ്ട്. 2021 നിയമസഭാ തിരഞ്ഞെടുപ്പിന്റെ പുകപടലമടങ്ങിയപ്പോൾ തമിഴ്നാട് രാഷ്ട്രീയത്തിൽ മുഴങ്ങിക്കേൾക്കുന്ന ചോദ്യങ്ങളിലൊന്ന് ഇതാണ്. ഉലകനായകൻ കമൽ ഹാസന്റെ രാഷ്ട്രീയ ഭാവി എന്താണ്?.പൊളിറ്റിക്കല്‍ ബോക്സോഫീസില്‍ കമല്‍ ഫ്ലോപ്പായോ ?

മൂന്നു വർഷം മുൻപ് 2018 ഫെബ്രുവരിയിലാണു മക്കൾ നീതി മയ്യവുമായി കമൽ ഹാസൻ രാഷ്ട്രീയ ഗോദയിലേക്കിറങ്ങിയത്. രജനീകാന്തിന്റെ രാഷ്ട്രീയ പ്രവേശന ചർച്ചകൾ സജീവമായിരിക്കെ, മുൻകൂട്ടി പ്രഖ്യാപിക്കാതെ ചിത്രം റിലീസ് ചെയ്യുന്നതു പോലെ സര്‍പ്രൈസ് എന്‍ട്രി.ഒരു ഗൃഹപാഠം ചെയ്യാതെയാണു കമൽ രാഷ്ട്രീയ ദൗത്യം തുടങ്ങിയതെന്നു അന്നേ വിമർശനമുയർന്നു.

2019 ലോക്സഭാ തിരഞ്ഞെടുപ്പായിരുന്നു ആദ്യ കടമ്പ.ശരാശരി വിജയം നേടിയ ചിത്രം പോലെ, മോശമല്ലാത്ത പ്രകടനം. 3.7%  വോട്ടു വിഹിതം. ചെന്നൈയും കോയമ്പത്തൂരുമുൾപ്പെടുന്ന നഗര മണ്ഡലങ്ങളിൽ മികച്ച പ്രകടനം. 

ജയലളിതയും കരുണാനിധിയുമില്ലാത്ത തമിഴക രാഷ്ട്രീയത്തിൽ കമൽ സ്വന്തം ഇടം കണ്ടെത്തുമെന്ന ചർച്ചകൾ തിരഞ്ഞെടുപ്പിനു മുമ്പ്  സജീവമായിരുന്നു. തമിഴ്നാട്ടിലെ തിരഞ്ഞെടുപ്പ് സൂക്ഷ്മ നിരീക്ഷിച്ചാല്‍ ഒരു കാര്യം വ്യക്തമാണ്. ഒന്ന് ഭരണം പിടിക്കാനുള്ള ഡി.എം.കെ.–അണ്ണാ ഡി.എം.കെ പോരാട്ടം.രണ്ടാമത്തെ തലം മൂന്നാം സ്ഥാനത്തിനു വേണ്ടി ദിനകരനും കമലും  സീമാനും അടങ്ങുന്ന രണ്ടാം നിര രാഷ്ട്രീയക്കാരുടെ നിശബ്ദ പോരായിരുന്നു.

കമലിന്റെ വ്യക്തി പ്രഭാവത്തിൽ അതു മക്കൾ നീതി മയ്യമാകുമെന്നായിരുന്നു പൊതു വിലയിരുത്തൽ. ഫലം വന്നപ്പോൾ പക്ഷേ, സൂപ്പർ ഹിറ്റാകുമെന്നു പ്രതീക്ഷിച്ച ചിത്രം ആദ്യ ദിവസം തീയറ്റർ വിട്ടതുപോലെയായി. കമൽഹാസൻ മത്സരിച്ച കോയമ്പത്തൂർ സൗത്തിലുൾപ്പെടെ പാർട്ടിക്കു സമ്പൂർണ തോൽവി. ലോക്സഭാ തിരഞ്ഞെടുപ്പിൽ 3.7% വോട്ടു നേടിയ പാർട്ടി ഇത്തവണ വോട്ടുവിഹിതം നടിയത് കേവലം 2.5%മാത്രം. സീമാന്റെ നാം തമിഴർ കക്ഷി 6.7% വോട്ടു നേടി മൂന്നാം കക്ഷിയേതെന്ന ചോദ്യത്തിനു സംശയമില്ലാത്ത വിധം മറുപടി നൽകി. ഫലം പുറത്തു വന്നതിനു പിന്നാലെ, തിരക്കഥയിലില്ലാത്ത സംഘട്ടന  രംഗങ്ങളുടെ വേദിയായി മക്കൾ നീതി മയ്യം മാറി. കമലിന്റെ വിശ്വസ്തനും പാർട്ടിയുടെ പ്രധാന ഫണ്ടർമാരിലൊരാളുമായിരുന്ന വൈസ് പ്രസിഡന്റ് ആർ. മഹേന്ദ്രനാണു ആദ്യ വെടിപൊട്ടിച്ചത്. പൊതുവെ മിതഭാഷിയായ ആരെയും കുറ്റപ്പെടുത്താത്ത കമല്‍ മഹേന്ദ്രനെ ദ്രോഹിയെന്നാണു വിളിച്ചത്. 

തിരഞ്ഞെടുപ്പ് സമയത്ത് കമലിനെ വാനോളം പുകഴ്ത്തിയിരുന്ന പാര്‍ട്ടി ജനറല്‍ സെക്രട്ടറിയായിരുന്ന മലയാളി ഐ.എ.എസ് ഉദ്യോഗസ്ഥനും ഫലം വന്നതിനു പിന്നാലെ ആള്‍വാര്‍പേട്ടിലെ കമല്‍ കൂടാരം  വിട്ടിറങ്ങി. സി.കെ കുമരവേല്‍, മുരുകാനന്ദം തുടങ്ങി മക്കള്‍ നീതി മയ്യത്തിന്റെ  മുഖങ്ങളെല്ലാം കമലിനോടു സലാം ചൊല്ലി. കമലിന്റെ ഏകാതിപത്യനിലപാടാണു പാര്‍ട്ടിയെ ഒന്നുമല്ലാതാക്കിയതെന്നാണ് എല്ലാവരും ഓരേ പോലെ ആരോപിച്ചത്. നിലവിൽ അകത്താര്, പുറത്താര് എന്നു കമലിനു പോലും അറിയാത്ത സ്ഥിതിയാണ്. ഒടുവില്‍ ആഴ്ചകള്‍ക്കു ശേഷം കമല്‍ ഉള്‍പാര്‍ട്ടി പ്രശ്നത്തില്‍ പ്രതികരിച്ചു. 

എവിടെയാണ് കമലിന് പിഴച്ചത്.എന്താണ് ഇത്രയും കനത്ത തിരിച്ചടിക്കിടയാക്കിയത്. സിനിമാ രീതിയിൽ പാർട്ടി നടത്താൻ ശ്രമിച്ചതാണ് പ്രധാന പ്രശ്നമെന്ന് കൂടെ ഉണ്ടായിരുന്നവരെല്ലാം  പറയുന്നു. തിരഞ്ഞെടുപ്പു സഖ്യത്തിലുൾപ്പെടെ  കമ്മിറ്റികളെ നോക്കുകുത്തിയാക്കി. രചന, സംവിധാനം, നിര്‍മാണം വിതരണം എല്ലാം ഒരാള്‍ ചെയ്യുന്ന ഏകാംഗ സിനിമ പോലെയാണ് മക്കള്‍ നീതി മയ്യമെന്നാണ് പ്രധാന ആക്ഷേപം. 

സിനിമയില്‍ നായകന്റെ  തിരുവായ്ക്ക് എതിര്‍വായില്ല. കമലിന്റെ ചില തെറ്റായ നടപടികൾ തോൽവിക്കു കാരണമെന്നു  ചിലർ ചൂണ്ടിക്കാട്ടിയപ്പോൾ താരം പൊട്ടിത്തെറിച്ചു. പാർട്ടിയെ പുനസംഘടിപ്പിക്കുന്നതിനായി ഉന്നതാധികാര സമിതിയംഗങ്ങളോടു രാജിവയ്ക്കാൻ ആവശ്യപ്പെട്ടു.

കുറ്റമെല്ലാം മറ്റുള്ളവരിൽ ചാര്‍ത്തി രക്ഷപ്പെടാനുള്ള ശ്രമം ആര്‍ക്കും രുചിച്ചില്ല. പാർട്ടിയിൽ നിന്നുള്ള കൊഴിഞ്ഞു പോക്കിന്റെ പ്രധാന കാരണം ഇതാണ്. എട്ടു ചെറുകക്ഷികളെ കൂടെ കൂട്ടിയാണ് മല്‍സരത്തിനിറങ്ങിയത്. നടന്‍ ശരത് കുമാറിന്റെ സമത്വ മക്കള്‍ കക്ഷി. വ്യവസായി പച്ചിമുത്തുവിന്റെ ഇന്ത്യന്‍ ജനനായക കക്ഷിക്കും നാല്‍പത് സീറ്റുകള്‍ വീതമാണ് നല്‍കിയത്. ദയാവധം കാത്തുകിടക്കുന്ന, ഒരു ശതമാനം വോട്ടുപോലുമില്ലാത്ത ഈ പാര്‍ട്ടികള്‍ക്കു ഇത്രയും സീറ്റ് നല്‍കിയത് വലിയ മുറുമുറുപ്പിനു ഇടയാക്കിയിരുന്നു. എല്ലാ സീറ്റിലും മല്‍സരിക്കാന്‍ ആളില്ലെന്നായിരുന്നു ഇതിന് കമല്‍ഹാസന്റെ മറുപടി. മഹാവൃക്ഷങ്ങളായ ദ്രാവിഡ പാര്‍ട്ടികള്‍ക്കെതിരെ മല്‍സരിക്കാനൊരുങ്ങുമ്പോള്‍ അണികളുടെ ആത്മവീര്യം തകര്‍ക്കുന്ന പ്രസ്താവന സേനാനായകനില്‍ നിന്നു തന്നെ ഉണ്ടായതു തിരിച്ചടിയായെന്നും പാര്‍ട്ടി വിട്ട നേതാക്കന്‍മാര്‍ ആരോപിക്കുന്നു. 

ഇന്ത്യൻ തിരഞ്ഞെടുപ്പു രംഗത്തെ നവചാണക്യൻ പ്രശാന്ത് കിഷോർ തമിഴ്നാട്ടിൽ ആദ്യം സമീപിച്ചതു കമൽഹാസനെയാണ്. കമലിന്റെ വ്യക്തിപ്രഭാവവും തമിഴ് രാഷ്ട്രീയത്തിലെ സാഹചര്യവും മക്കൾ നീതി മയ്യത്തിനു വലിയ സാധ്യതകൾ നൽകുന്നുണ്ടെന്നായിരുന്നു പ്രശാന്ത് കിഷോറിന്റെ വിലയിരുത്തൽ. പാർട്ടിയെ തിരഞ്ഞെടുപ്പിനു സജ്ജമാകുന്നതിനായി ചില നിർദേശങ്ങൾ അദ്ദേഹം സമർപ്പിക്കുകയും ചെയ്തു. 

എന്നാൽ, പ്രശാന്ത് കിഷോർ ഡിഎംകെയുടെ തന്ത്രങ്ങൾക്കു രൂപം നൽകുന്നതാണു പിന്നീട് കണ്ടത്. കമൽഹാസനാകട്ടെ, തിരഞ്ഞെടുപ്പു രംഗത്ത് മുൻ പരിചയമില്ലാത്ത മറ്റൊരു ഏജൻസിയുമായി കരാറിലൊപ്പിട്ടു. കമലിന്റെ പ്രചാരണം മുതൽ പാർട്ടിയുടെ സ്ഥാനാർഥികളെ നിശ്ചയിക്കുന്നതിൽ വരെ അവസാന വാക്ക് ഏൻസിയായിരുന്നുവെന്നു പുറത്തുപോയ നേതാക്കളിൽ ചിലർ ആരോപിക്കുന്നു. കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിൽ ആർ.മഹേന്ദ്രൻ കോയമ്പത്തൂർ മണ്ഡലത്തിൽ ഒന്നര ലക്ഷം വോട്ടു നേടിയിരുന്നു. പാർട്ടി സ്ഥാനാർഥികളിൽ ഏറ്റവും കൂടുതൽ വോട്ടു നേടിയതും അദ്ദേഹമായിരുന്നു. നിയമസഭാ തിരഞ്ഞെടുപ്പിൽ കോയമ്പത്തൂർ സൗത്ത് മണ്ഡലത്തിൽ മത്സരിക്കുന്നതിനായി ആറു മാസം മുൻപേ മഹേന്ദ്രൻ ഒരുക്കം തുടങ്ങിയിരുന്നു. വേളാച്ചേരി, ആലന്തൂർ ഉൾപ്പെടെ ചെന്നൈയോടു അടുത്തു കിടക്കുന്ന മണ്ഡലങ്ങളാണു കമലിനായി പാർട്ടി കണ്ടുവച്ചിരുന്നത്. എന്നാൽ, അവസാന നിമിഷം കോയമ്പത്തൂർ സൗത്തിൽ നിന്നു മത്സരിക്കുന്നതായി കമൽ പ്രഖ്യാപിച്ചു. ഇതിനു പിന്നിൽ പിആർ ഏജൻസിയുടടെ ഉപദേശമായിരുന്നുവത്രെ. മണ്ഡലത്തിൽ ശക്തമായ ബന്ധങ്ങളുള്ള മഹേന്ദ്രനു പകരം പ്രചാരണച്ചുമതല കമൽ ഏൽപ്പിച്ചത് പിആർ ഏജൻസിയെ. പാർട്ടി രൂപീകരണം മുതൽ ഒപ്പമുള്ള മഹേന്ദ്രനുമായി കമൽ ഇടയാനുള്ള പ്രധാന കാരണം ഇതായിരുന്നു. 1728 വോട്ടിനാണു ബിജെപിയുടെ വാനതി ശ്രീനിവാസനോടു കമൽ പരാജയപ്പെട്ടത്. മഹേന്ദ്രൻ പാലംവലിച്ചുവെന്നായിരുന്നു കമലിന്റെ ആദ്യ ആരോപണം. 

പാർട്ടിയെ കൈകാര്യം ചെയ്യുന്നതിൽ മാത്രമല്ല, പ്രവർത്തനത്തിലും സിനിമാറ്റിക് ശൈലിയാണു കമൽ സ്വീകരിച്ചത്. രൂപീകരിച്ചു 3 വർഷമായെങ്കിലും പ്രധാന വിഷയങ്ങളോടുള്ള പ്രതികരണം പലപ്പോഴും പഞ്ച് ഡയലോഗുകളിലൊതുങ്ങി. തീയറ്ററിൽ കയ്യടി കിട്ടുമെങ്കിലും രാഷ്ട്രീയത്തിൽ വോട്ടു പിടിക്കാൻ ഡയലോഗുകൾ മാത്രം പോരെന്നു കമലിനു ഇപ്പോൾ മനസ്സിലായിട്ടുണ്ടാകും

ഒറ്റ നായകനുള്ള സിനിമ പോലെ, പാർട്ടിയെയും വൺ മാൻ ഷോയാക്കിയതും കമലിനു തിരിച്ചടിയായി. അണ്ണാ ഡിഎംകെ, ഡിഎംകെ പാർട്ടികളിൽ നിന്നു വ്യത്യസ്തമായി ജനാധിപത്യ രീതിയിൽ പാർട്ടി നടത്തുമെന്നായിരുന്നു കമലിന്റെ പ്രഖ്യാപനം. എന്നാൽ, വേദികളിൽ കമലിനു മാത്രം കസേരയിട്ടു മറ്റുള്ളവരെ പിന്നിൽ നിർത്തിയപ്പോൾ ജയലളിതയെ ജനം ഓർത്തു. ഉന്നതാധികാര സമിതി യോഗം ചേരാനായി പാർട്ടി ആസ്ഥാനത്തേയ്ക്കു കരിമ്പൂച്ചകളുടെ അകമ്പടിയോടെയാണു കമൽ വന്നിരുന്നതെന്നു രാജിവച്ച മുതിർന്ന ഭാരവാഹികളിലൊരാൾ പറയുന്നു. കമലിനു സിനിമയുടെ ഹാങ് ഓവറിൽ നിന്നു പുറത്തുവരാനാകാത്തതു തിരഞ്ഞെടുപ്പിൽ പാർട്ടി തകർന്നുപോയതിന്റെ പ്രധാന കാരണം. 

പാർട്ടി തോറ്റുതുന്നം പാടിയതു മാത്രമല്ല, സംസ്ഥാനത്തെ പൊതു രാഷ്ട്രീയ കാലാവസ്ഥയും കമൽ ഹാസനു കാര്യങ്ങൾ കടുപ്പമുള്ളതാക്കുന്നു. അധികാരത്തിൽ തിരിച്ചെത്തിയതോടെ എം.കെ. സ്റ്റാലിനും ഡിഎംകെയ്ക്കും കരുത്തൂകൂടി. പ്രതികൂല സാഹചര്യങ്ങൾ ഒട്ടേറെയുണ്ടായിട്ടും അണ്ണാഡിഎംകെ തരിപ്പണമാകാതെ പിടിച്ചു നിന്നു. മൂന്നാം പാർട്ടിക്കുള്ള ഇടത്തിലേക്കു  നാം തമിഴർ കക്ഷിയുടെ സീമാൻ ഇരിപ്പുറപ്പിക്കുന്നതും തിരഞ്ഞെടുപ്പിൽ കണ്ടു. യുവാക്കളുടെ വോട്ടിൽ കമലിനു വലിയ പ്രതീക്ഷയുണ്ടായിരുന്നു. എന്നാൽ, തീവ്ര തമിഴ് ദേശീയത ഉയർത്തിയുള്ള സീമാന്റെ തീപ്പൊരി പ്രസംഗങ്ങൾ, കമലിന്റെ സിനിമാ ഗ്ലാമറിനേക്കൾ യുവാക്കളെ ആകർഷിച്ചതായി കണക്കുകൾ പറയുന്നു. 

എതിരാളികളെ ഒറ്റയ്ക്കു നേരിടാൻ സിനിമയിൽ കമൽ ഹാസനു നിഷ്പ്രയാസം കഴിയും. ഇത്രയും പ്രതികൂല സാഹചര്യത്തിൽ വീണ്ടുമൊരു തിരിച്ചുവരവ് അത്ര എളുപ്പമല്ല. സിനിമ പോലെ, തിരക്കഥയ്ക്കനുസരിച്ചല്ലോ രാഷ്ട്രീയം ചലിക്കുന്നത്. ഇപ്പോഴെങ്കിലും ഉലകനായന് മനസിലായിട്ടുണ്ടാകും. ഇല്ലെങ്കില്‍ ഇനിയൊരിക്കലും മനസിലാകാനും പോകുന്നില്ല.

MORE IN INDIA
SHOW MORE
Loading...
Loading...