പാക്കിസ്ഥാനിൽ നിന്നും പറന്നെത്തിയ 'പ്രാവ്' ചാരനോ? പഞ്ചാബ് പൊലീസിന്റെ കസ്റ്റഡിയിൽ

pigeon-pakistan.jpg.image.845.440
SHARE

പാക്കിസ്ഥാനിൽ നിന്ന് ഒരു പ്രാവ് വന്നിരുന്നത് പുതിയ പ്രശ്നങ്ങൾക്ക് വഴിവച്ചിരിക്കുന്നു. പഞ്ചാബിലെ ഇന്ത്യാ– പാക്കിസ്ഥാ‍ൻ അതിർത്തിക്കു സമീപമുള്ള റോറാവാല ചെക്പോസ്റ്റിൽ നിന്ന നീരജ് കുമാർ എന്ന ബിഎസ്എഫ് ജവാന്റെ തോളിലാണ് കഴിഞ്ഞദിവസം ഒരു പ്രാവ് വന്നിരുന്നത്. അതിർത്തിക്കപ്പുറം പാക്കിസ്ഥാനിൽ നിന്നായിരുന്നു പ്രാവിന്റെ വരവ്. പക്ഷിയെ പിടികൂടിയ ബിഎസ്എഫ് ജവാൻ പരിശോധന നടത്തിയപ്പോൾ അതിന്റെ കാലിൽ ഒരു കടലാസ് തുണ്ട് ഭദ്രമായി ബന്ധിപ്പിച്ചിരിക്കുന്നു. അതിലൊരു നമ്പരുമുണ്ടായിരുന്നു. 0302 ൽ തുടങ്ങുന്ന ഒരു നമ്പർ.

താമസിയാതെ തന്നെ ബിഎസ്എഫ് പ്രാവിനെ പഞ്ചാബ് പൊലീസിനു കൈമാറി. പ്രാവിനെതിരെ എഫ്ഐആർ റജിസ്റ്റർ ചെയ്യണമെന്ന് ആവശ്യം ഉയർന്നെങ്കിലും ആശയക്കുഴപ്പത്തിലാണ് പൊലീസ്. മനുഷ്യനല്ലാത്ത ഒരു ജീവിക്കെതിരെ എഫ്ഐആർ ചുമത്തുന്നതിന്റെ നിയമവശങ്ങൾ തേടുകയാണ് അവരിപ്പോൾ. നിലവി‍ൽ ഖാൻഗർ പൊലീസ് സ്റ്റേഷനിൽ ഈ പ്രാവിനെ സൂക്ഷിച്ചിരിക്കുന്നു.

പ്രാവ് ശരിക്കും എന്തു ദൗത്യത്തിനായാണ് ഇവിടെ വന്നതെന്ന ചോദ്യവും നിലനി‍ൽക്കുന്നു. ചാരവൃത്തിയിലും യുദ്ധഭൂമിയിലെ സന്ദേശം കൈമാറലുകളിലുമൊക്കെ പ്രാവുകൾ ഉപയോഗിക്കപ്പെട്ടതിന്റെ ചരിത്രമുണ്ട്. പ്രാവിന്റെ കാലിലുള്ള നമ്പരിന്റെ കാര്യത്തിലും വ്യക്തതയില്ല. ഇതെന്തെങ്കിലും രഹസ്യസന്ദേശമാണോ അതോ പ്രാവിന്റെ ഉടമസ്ഥന്റെ ഫോൺ നമ്പരാണോ തുടങ്ങിയ ചോദ്യങ്ങൾ ഉയരുന്നുണ്ട്.

നേരത്തെയും പാക്കിസ്ഥാനിൽ നിന്നു പറന്നു വന്ന പ്രാവുകൾ ഇതുപോലെ പ്രശ്നം സൃഷ്ടിച്ചിട്ടുണ്ട്. കഴിഞ്ഞ വർഷം ജമ്മുവിൽ വെള്ള നിറത്തിൽ വലിയൊരു പിങ്ക് പുള്ളിക്കുത്തുള്ള പ്രാവിനെ നാട്ടുകാർ കണ്ടെത്തി. അതിർത്തിക്കു സമീപമുള്ള മാന്യാരി മേഖലയിലായിരുന്നു സംഭവം. നാട്ടുകാർ പ്രാവിനെ പിടികൂടി പരിശോധിച്ചപ്പോൾ അതിന്റെ കാലിൽ ഒരു ലോഹവളയവും അതിലൊരു നമ്പരുമുണ്ടായിരുന്നു. തുടർന്ന് പൊലീസിനെ ഏൽപ്പിച്ചു. പൊലീസ് സ്റ്റേഷനിൽ പ്രാവിനെ വിവിധ പരിശോധനയ്ക്കു വിധേയമാക്കുകയും സംഭവത്തിനു രാജ്യാന്തര വാർത്താപ്രാധാന്യം കൈവരികയും ചെയ്തു. ഇതിനിടെ പാക്കിസ്ഥാനിലെ സിയാൽക്കോട്ടി‍ൽ നിന്നുള്ള ഒരു കർഷകൻ പ്രാവ് തന്റേതാണെന്നും അതിനെ വിട്ടുതരണമെന്നും കേന്ദ്രസർക്കാരിനോട് ആവശ്യപ്പെട്ട് രംഗത്തു വന്നു.

ഏതായാലും പരിശോധനയിൽ കുഴപ്പങ്ങളൊന്നും കണ്ടെത്താത്തതിനെത്തുടർന്ന് താമസിയാതെ പ്രാവിനെ പൊലീസ് മോചിപ്പിച്ചു പറത്തിവിട്ടു. 2015ൽ അതിർത്തിമേഖലയിൽ ഒരു കുട്ടി കണ്ടെത്തിയ പ്രാവിനെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. അതു കഴിഞ്ഞ് 2016ൽ പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ ഭീഷണിക്കത്തുമായി പറന്നു വന്ന ഒരു പ്രാവിനെയും പൊലീസിനു കിട്ടിയിരുന്നു.

MORE IN INDIA
SHOW MORE
Loading...
Loading...