ഇനി 3 മണിക്കൂർ നേരത്തേക്കുള്ള ഓക്സിജൻ മാത്രം; കരഞ്ഞ് എംഎൽഎ: വിഡിയോ

mla-sos
SHARE

രാജ്യം കോവിഡിന്റെ പിടിയിൽ അമരുകയാണ്. രാജ്യതലസ്ഥാനമായ ഡൽഹിയിലെ സ്ഥിതി അതിരൂക്ഷമാണ്. ആശുപത്രികളിൽ രോഗികൾ നിറഞ്ഞ അവസ്ഥ. ഈ സാഹചര്യത്തിൽ വേദനിപ്പിക്കുന്ന ഒരു വിഡിയോ പങ്കുവച്ചിരിക്കുകയാണ് ആംആദ്മി എംഎൽഎ സൗരഭ് ഭരദ്വാജ്. അദ്ദേഹം ആശുപത്രി കിടക്കയിൽ കിടന്നുകൊണ്ടുള്ള വിഡിയോ ആണിത്. 

താൻ അഡ്മിറ്റായിരിക്കുന്ന ആശുപത്രിയിൽ ഇനി മുന്ന് മണിക്കൂർ നേരത്തേക്കുള്ള ഓക്സിജൻ മാത്രമേ ബാക്കിയുള്ളൂ എന്നാണ് കോവിഡ് ബാധിതനായി ചികിൽസയിൽ കഴിയുന്ന സൗരഭ് പറയുന്നത്. ഞാൻ അഡ്മിറ്റ് ആയിരിക്കുന്ന ഈ ആശുപത്രിയിൽ മൂന്ന് മണിക്കൂർ നേരത്തേക്ക് മാത്രമുള്ള ഓക്സിജനേ ഉള്ളൂ. ഈ മാസ്ക് മാറ്റിയാൽ നീന്തൽ അറിയാത്ത ആളെ കുളത്തിലേക്ക് തള്ളിയിട്ട അവസ്ഥയാണ്. ശ്വാസത്തിനായി പിടയുകയാണ്. നിറയെപ്പേരാണ് ഓക്സിജന്റെ ബലത്തിൽ മാത്രം ജീവിക്കുന്നത്. അത് ഇല്ലാതെയായാൽ വെള്ളം ലഭിക്കാതെ മീനുകള്‍ ചത്ത് പൊങ്ങുന്നതുപോലെ മനുഷ്യരും മരിക്കും. എല്ലാവരും ഒരുമിച്ച് നിന്ന് പ്രതിരോധം തീർക്കേണ്ട സമയം ആണിത്'. എംഎൽഎ വിഡിയോയിൽ പറയുന്നു. 

വിഡിയോ കാണാം:

ഭീതി രാജ്യമാകെ പടരുമ്പോള്‍, ഒരു ദിവസം മൂന്നു ലക്ഷത്തിലധികം കോവിഡ് കേസുകളുമായി ലോകത്തെ ഇതുവരെയുള്ള ഏറ്റവും ഉയർന്ന പ്രതിദിന വർധനയിൽ ഇന്ത്യ എത്തിയിരിക്കുകയാണ്. 24 മണിക്കൂറിനിടെ സ്ഥിരീകരിച്ചത് 3,14,835 കേസുകൾ. തുടർച്ചയായ രണ്ടാം ദിവസവും മരണം രണ്ടായിരം കടന്നു. പോസിറ്റിവിറ്റി നിരക്ക് 19 ശതമാനത്തിലേക്ക് ഉയർന്നു. ഈ വർഷം ജനുവരി എട്ടിന് അമേരിക്കയിൽ സ്ഥിരീകരിച്ച 3,07,581 കേസുകളായിരുന്നു ഇതുവരെ ലോകത്തെ ഏറ്റവും ഉയർന്ന പതിദിന വർധന. ആശങ്ക ഉയർത്തി ഈ റെക്കോഡ് ആണ് ഇന്ത്യ ഇന്ന് മറികടന്നത്. ഒരു ലക്ഷത്തിൽ നിന്ന് മൂന്നു ലക്ഷം കേസുകളിലേക്ക് എത്താൻ അമേരിക്കയയ്ക്ക് 65 ദിവസം വേണ്ടിവന്നെങ്കിൽ ഇന്ത്യ 17 ദിവസം കൊണ്ടാണ് ആ കുതിപ്പ് നടത്തിയത്. ഈ മാസം നാലിനാണ് ഇന്ത്യയിലാദ്യമായി ഒരു ലക്ഷത്തിലധികം കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടത്. അമേരിക്കയുമായി താരതമ്യം ചെയ്യുമ്പോൾ രോഗവ്യാപനത്തിൽ നാലിരട്ടിയാണ് പ്രതിദിന വർധന. 2,104 പേർ കൂടി മരിച്ചതോടെ ആകെ മരണം  1,84,657 ആയി. 24 മണിക്കൂറിനിടെ 1,78,841 പേർക്ക് രോഗം ഭേദമായി. ചികിൽസയിലുള്ളവരുടെ എണ്ണം 22,91,428 ആയി ഉയർന്നു. ഉത്തർപ്രദേശ്, കർണാടകാ കേരളം അടക്കം 17 സംസ്ഥാനങ്ങളിൽ ഏറ്റവും ഉയർന്ന പ്രതിദിന വർധനയാണ് ഇന്നലെ രേഖപ്പെടുത്തിയത്.

MORE IN INDIA
SHOW MORE
Loading...
Loading...